
"വി. കുര്‍ബാന സ്വീകരണത്തിനുശേഷം ആദ്ധ്യാത്മിക ഭക്ഷണം കഴിച്ചതിന്റെ യാതൊരു ലക്ഷണവും നിങ്ങളിലുണ്ടാകുന്നില്ലെങ്കില്‍, ശ്രദ്ധിക്കണം; ഒന്നുകില്‍, നിങ്ങളുടെ ആത്മാവ് രോഗാതുരമാണ്; അല്ലെങ്കില്‍ ചരമംപ്രാപിച്ചിരിക്കുന്നു. നെഞ്ചത്തു തീവാരിയിട്ടാല്‍ നിങ്ങള്‍ക്കു ചൂട് അനുഭവപ്പെടണം; വായിലേക്ക് തേനൊഴിച്ചാല്‍, മധുരം അനുഭവപ്പെടണം." -വി. ബൊനവഞ്ചര്‍
ഇറ്റലിയില്‍ ജനിച്ച വി. ജൂലിയാനയുടെ അച്ഛന്‍ ഫ്‌ളോറന്റൈന്‍ പ്രഭുസഭയില്‍ അംഗമായിരുന്നു. അദ്ദേഹം മാതാവിന്റെ പേരില്‍ സുന്ദരമായ ഒരു ദൈവാലയം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ വി. അലക്‌സിസ് ഫല്‍ക്കോണിയേരി സെര്‍വൈറ്റ് സഭയുടെ ഏഴു സ്ഥാപകരില്‍ ഒരാളായിരുന്നു.
അച്ഛന്റെ മരണശേഷം അലക്‌സിസ് ജൂലിയാനയുടെ ആദ്ധ്യാത്മികകാര്യത്തില്‍ പ്രത്യേക താല്പര്യം കാണിച്ചിരുന്നു. ജൂലിയാനയുടെ ആദ്ധ്യാത്മികവളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 15-ാമത്തെ വയസ്സില്‍ അവള്‍ കന്യാവ്രതമെടുത്തു. കൂടാതെ, വി. ഫിലിപ്പ് ബനീറ ജൂലിയാനയ്ക്ക് സഭാവസ്ത്രം നല്‍കിക്കൊണ്ടാണ് മാതാവിന്റെ സഹോദരിമാരുടെ മൂന്നാം സഭയുടെ ആരംഭം കുറിച്ചതുതന്നെ.
പിന്നീടുള്ള 19 വര്‍ഷം, അമ്മ മരിക്കുന്നതുവരെ, കര്‍ശനമായ ആശയടക്കവും പ്രായശ്ചിത്ത പ്രവൃത്തികളും ചെയ്തുകൊണ്ട് വീട്ടില്‍ത്തന്നെ കഴിച്ചുകൂട്ടി. ക്രിസ്തീയ സ്‌നേഹത്തിന്റെ പ്രത്യക്ഷ ഉദാഹരണം എന്ന നിലയില്‍ അവള്‍ പ്രസിദ്ധയായി. അവളുടെ പ്രാര്‍ത്ഥനാചൈതന്യം, ഫ്‌ളോറന്‍സിലെ അനേകം സമ്പന്നസ്ത്രീകള്‍ ആര്‍ഭാടം ഉപേക്ഷിക്കാനും ജനങ്ങളുടെ ഇടയിലിറങ്ങി പ്രവര്‍ത്തിക്കാനും പ്രേരണയായി. അമ്മയുടെ മരണശേഷം മൂന്നാംസഭയിലെ സഹോദരിമാരുടെ കൂടെ കഴിയാനുള്ള അനുവാദം ചോദിച്ചുചെന്ന ജൂലിയാനയെ നിര്‍ബന്ധിച്ച് അവര്‍ തങ്ങളുടെ സുപ്പീരിയറാക്കി. മരണംവരെ, 37 വര്‍ഷം, ജൂലിയാന അവരുടെ സുപ്പീരിയറായിരുന്നു.
1737-ല്‍ ജൂലിയാനയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
കര്‍ശനമായ ആശയടക്കവും പരിഹാരപ്രവൃത്തികളും നിമിത്തം, അവസാനനാളുകളില്‍ വിശുദ്ധയ്ക്ക് ഭക്ഷണം ഇറക്കാന്‍ തന്നെ വയ്യാതായി. വി. കുര്‍ബാന സ്വീകരണം താല്പര്യപൂര്‍വ്വം ചെയ്തുകൊണ്ടിരുന്ന വിശുദ്ധ ദുഃഖിതയായി. എങ്കിലും വി. കുര്‍ബാന തന്റെ നെഞ്ചത്തുവച്ചാല്‍ മതിയെന്നു പറഞ്ഞതനുസരിച്ച് വൈദികന്‍ അങ്ങനെ ചെയ്തു. വി. കുര്‍ബാന അപ്രത്യക്ഷമായെങ്കിലും നെഞ്ചത്ത് വി. കുര്‍ബാനയുടെ രൂപം തെളിഞ്ഞു വന്നു. അതുകൊണ്ട് വി. കുര്‍ബാനയുടെ വിശുദ്ധ എന്നാണ് ജൂലിയാന അറിയപ്പെടുന്നതുതന്നെ.