വിശുദ്ധ ജോണ്‍ വിയാനി (1786-1859) : ആഗസ്റ്റ് 4

വിശുദ്ധ ജോണ്‍ വിയാനി (1786-1859) : ആഗസ്റ്റ് 4
ദൈവത്തിനു സമര്‍പ്പിക്കാതെ എന്തു ചെയ്താലും അതു വിജയിക്കില്ല.
വിശുദ്ധ ജോണ്‍ മരിയ വിയാനി

ഇടവക വൈദികര്‍ക്ക് മോഡലായി സഭ എടുത്തുകാട്ടുന്ന ഒരു അസാധാരണ വിശുദ്ധനാണ് ആര്‍സിലെ വികാരിയായിരുന്ന വി. ജോണ്‍ മരിയ വിയാനി. 1786 മെയ് 8-ന് ഫ്രാന്‍സില്‍ ലിയോണ്‍സിനു സമീപത്തുള്ള ഡാര്‍ഡില്ലി എന്ന ഗ്രാമത്തില്‍ മാത്യു വിയാനിയുടെയും മരിയയുടെയും ഏഴുമക്കളില്‍ നാലാമനായി ജോണ്‍ ജനിച്ചു. മാതാപിതാക്കള്‍ ഭക്തരായ സാധാരണ കര്‍ഷകരായിരുന്നു. വൈദികവിദ്വേഷത്തിന്റെയും മതവിരോധത്തിന്റെയും ഒരു കാലഘട്ടമായിരുന്നു അത്. ഫ്രഞ്ചു വിപ്ലവത്തിന്റെയും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെയും കാലം.

വിദ്യാവിഹീനനായി കാര്‍ഷികവൃത്തിയില്‍ കഴിഞ്ഞുകൂടിയ ബാല്യ കാലം. പതിമ്മൂന്നാമത്തെ വയസ്സില്‍ വളരെ രഹസ്യമായിട്ടായിരുന്നു ജോണിന്റെ പ്രഥമദിവ്യകാരുണ്യ സ്വീകരണം. ഫാം ഷെഡ്ഡില്‍ വച്ചു നടത്തിയ ആ ചടങ്ങ് മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ കച്ചികൊണ്ട് മറ തീര്‍ത്തിരുന്നു. പിന്നീട് വൈദികനാകാന്‍ ആഗ്രഹിച്ച ജോണിന് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതിരുന്നത് പഠനത്തെ പ്രതികൂലമായി ബാ ധിച്ചു. അസാധാരണമായ ഭക്തിയും സ്വഭാവമഹിമയുമാണ് അദ്ദേഹത്തെ രക്ഷിച്ചത്. തന്റെ ഗുരുവായിരുന്ന പാസ്റ്ററുടെ ഔദാര്യത്തില്‍ 1815-ല്‍ ജോണ്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.

ലിയോണ്‍സിനു സമീപത്തുള്ള, അജ്ഞാതമായ ആര്‍സ് ഗ്രാമത്തിലേക്കാണ് ആദ്യമായി ജോണിനു പോകേണ്ടിയിരുന്നത്. അദ്ദേഹത്തെ അങ്ങോട്ടു നിയോഗിച്ചുകൊണ്ട് വികാരി ജനറല്‍ പറഞ്ഞു: "ആ ഇടവകയില്‍ ദൈവത്തിന്റെ സാന്നിദ്ധ്യം ഒട്ടുമില്ല; അച്ഛനത് ഉണ്ടാക്കണം!" സത്യത്തില്‍, എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു പ്രദേശം. തോന്നിയപോലെ ജീവിക്കുന്ന ഒരു പറ്റം കര്‍ഷകര്‍. ആത്മീയ ചിന്തയോ ധാര്‍മ്മിക ബോധമോ ആ നാട്ടിലെത്തിയിട്ടില്ല എന്നു പറയാം. കുടിക്കുക, ആടിപ്പാടി ജീവിതം ആവോളം ആസ്വദിക്കുക ഇതായിരുന്നു ആളുകളുടെ ജീവിതശൈലി.

ജോണ്‍ വിയാനി വളരെ ശ്രദ്ധാപൂര്‍വ്വമാണ് ചുവടുകള്‍ വച്ചത്. ആദ്യം ദരിദ്രരുടെയും രോഗികളുടെയും പക്കലേക്കാണ് പോയത്. തന്റെ സഹായം ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് അവര്‍ക്കാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. മണിക്കൂറുകള്‍, വിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ മുട്ടുകുത്തി, അവിടത്തെ പാപികളുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ ത്ഥിച്ചു. അങ്ങനെ നാല്പതു നീണ്ട വര്‍ഷങ്ങള്‍! പ്രാര്‍ത്ഥനയും ഉപവാസവും കഠിനാദ്ധ്വാനവുമായി കഴിഞ്ഞുപോയ ദിനരാത്രങ്ങള്‍!

അനുദിന ജീവിതത്തില്‍ നിന്നു കണ്ടെത്തിയ ഉദാഹരണങ്ങളിലൂടെ ഇടവകയിലുള്ളവരുടെ ഗ്രാമ്യഭാഷയില്‍ത്തന്നെ നടത്തിയ സുവിശേഷ പ്രഭാഷണങ്ങള്‍. ആരോരുമില്ലാതെ കഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി തുടക്കം കുറിച്ച "പ്രൊവിഡന്‍സ്" എന്ന ഓര്‍ഫനേജ്. ഇതു പിന്നീട് ഒരു സ്‌കൂളായി വികസിക്കുകയും ഫ്രാന്‍സില്‍ മുഴുവന്‍ ആ മാതൃകയില്‍ സ്ഥാപനങ്ങള്‍ ഉണ്ടാകുകയും ചെയ്തു. വി. കുര്‍ബാനയുടെ ഭക്തി പ്രചരിപ്പിക്കുന്നതിനായി ഒരു "കൂട്ടായ്മ"യ്ക്കും തുടക്കം കുറിച്ചിരുന്നു.

'ആര്‍സിലെ വികാരി' ജീവിതത്തിന്റെ നല്ല ഭാഗവും ചെലവഴിച്ചിരുന്നത് കുമ്പസാരക്കൂടിലായിരുന്നു. പാപമോചനവും പശ്ചാത്താപവുമാണ് ജോണ്‍ മുഖ്യ വിഷയമായി കണ്ടത്. കുറ്റബോധവും പശ്ചാത്താപവുമില്ലാത്ത മനസ്സില്‍ ദൈവസാന്നിദ്ധ്യമുണ്ടാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അതുകൊണ്ട്, അതിശൈത്യവും അത്യുഷ്ണവും സഹിച്ച് പതിന്നാലും പതിനെട്ടും മണിക്കൂര്‍ തുടര്‍ച്ചയായി അദ്ദേഹം കുമ്പസാരക്കൂട്ടില്‍ത്തന്നെ ചെലവഴിച്ചു. മറ്റുള്ളവരുടെ ഹൃദയവികാരങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനുള്ള അസാധാരണ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. മനസ്സു വായിച്ചെടുക്കുവാനുള്ള കഴിവ് അദ്ദേഹത്തെ പെട്ടെന്ന് പ്രസിദ്ധനാക്കി. കാര്യങ്ങള്‍ മുന്‍കൂട്ടി പറയാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അത്ഭുതകരമായി രോഗികള്‍ സുഖപ്പെടുന്നു; ജനങ്ങള്‍ അക്രമവും പാപജീവിതവും ഉപേക്ഷിക്കുന്നു; നാട്ടില്‍ സമാധാനവും ശാന്തിയും ഐശ്വര്യവും കളിയാടുന്നു. ആര്‍സ് എന്ന കൊച്ചിടവകയുടെ പ്രശസ്തി എമ്പാടും പരന്നു.

യൂറോപ്പിന്റെ നാനാഭാഗങ്ങളില്‍ നിന്നും, അമേരിക്കയില്‍ നിന്നുപോലും ആള്‍ക്കാര്‍ ജോണ്‍ വിയാനിയുടെ ഉപദേശവും പ്രാര്‍ത്ഥനയും തേടി എത്തിക്കൊണ്ടിരുന്നു.

"പരിശുദ്ധാരൂപിയുടെ സഹായമുണ്ടെങ്കില്‍ ആര്‍ക്കും കാര്യങ്ങള്‍ മുന്‍കൂട്ടി ദര്‍ശിക്കാന്‍ കഴിയും. വലിയ അറിവില്ലാത്തവര്‍ക്ക് ഇത്തരം കഴിവു ലഭിക്കുന്നത് അതുകൊണ്ടാണ്; എന്നാല്‍, പല ജ്ഞാനികള്‍ക്കും ഇതു ലഭിക്കുന്നുമില്ല," ഒരിക്കല്‍ ജോണ്‍ വിയാനി പറഞ്ഞു.

ആര്‍സിലേക്കുള്ള യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. പുതിയ ട്രെയിന്‍-ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചു. ആര്‍സിലേക്കുള്ള ടിക്കറ്റുകള്‍ ബുക്കു ചെയ്യാന്‍ വേണ്ടിത്തന്നെ ലിയോണ്‍സില്‍ ഒരു ടിക്കറ്റ് കൗണ്ടര്‍ തുറന്നു. അങ്ങനെ ഇരുപതു വര്‍ഷം കൊണ്ട് ആര്‍സ് സന്ദര്‍ശിക്കാനെത്തിയത് ദശലക്ഷക്കണക്കിന് ആള്‍ക്കാരാണ്. ആരോഗ്യമുള്ളവരും രോഗികളും മാനസികവും ശാരീരികവുമായി കഷ്ടപ്പെടുന്നവരും കര്‍ദ്ദിനാളന്മാരും ബിഷപ്പുമാരും വൈദികരും സന്യാസികളും സാധാരണ വിശ്വാസികളും ആ സാധു ഇടവക വൈദികനെ കാണാനെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

വിനയത്തോടും ക്ഷമയോടും സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി ജോണ്‍ എല്ലാവരെയും സ്വീകരിച്ചു. ആ സാന്നിദ്ധ്യവും ദര്‍ശനവും മാത്രം മതിയായിരുന്നു പലര്‍ക്കും. ഒരു ദര്‍ശനംകൊണ്ട്, ഒരു സ്പര്‍ശനംകൊണ്ട് രോഗങ്ങള്‍ സുഖമാക്കാന്‍ കഴിഞ്ഞവന്റെ നാമത്തില്‍ എല്ലാവരും സുഖമായി തിരികെപ്പോയി.

പക്ഷേ, വിശ്രമമില്ലായ്മയും ഭക്ഷണക്കുറവും ഉറക്കമിളപ്പും ജോണിന്റെ ആരോഗ്യം ക്ഷയിച്ചു. അവസാനനാളുകളില്‍ ലിയോണ്‍സിന്റെ കാനന്‍ ആയി ബഹുമാനിതനായ അദ്ദേഹത്തെ ഫ്രഞ്ചു ഗവണ്‍മെന്റ് പ്രഭുസ്ഥാനം നല്‍കിയും ബഹുമാനിച്ചിരുന്നു. ഇവയൊന്നും ജീവിതത്തിലൊരിക്കലും ആഗ്രഹിക്കാത്ത ആ സാധു വൈദികന്‍ 1859 ആഗസ്റ്റ് 4-ന് ഈലോകവാസം വെടിഞ്ഞു. പോപ്പ് പയസ് XI 1925 ല്‍ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുകയും ചെയ്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org