വിശുദ്ധ ജോണ്‍ ബിവെര്‍ളി (721) : മെയ് 7

വിശുദ്ധ ജോണ്‍ ബിവെര്‍ളി (721) : മെയ് 7

വി. ജോണിന്റെ ജന്മദേശം ഇംഗ്ലണ്ടിലെ യോര്‍ക്ക് ഷെയര്‍ ആയിരുന്നു. ആര്‍ച്ചുബിഷപ്പ് വി. തിയഡോറിന്റെയും ആബട്ട് വി. ആഡ്രിയന്റെയും മേല്‍നോട്ടത്തില്‍ കാന്റര്‍ബറിയിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് വിറ്റ്ബിയിലെ ബനഡിക്‌ടൈന്‍ ആശ്രമത്തില്‍ ചേര്‍ന്നു. വി. ഹില്‍ഡായുടെ മേല്‍നോട്ടത്തിലുളള ആശ്രമമായിരുന്നു അത്. 687-ല്‍ ഹെക്‌സാമിന്റെ ബിഷപ്പായി അഭിഷിക്തനായി. 705-ല്‍ യോര്‍ക്കിന്റെ ആര്‍ച്ചുബിഷപ്പായി.

പതിനഞ്ചുവര്‍ഷം ആര്‍ച്ചുബിഷപ്പായി സഭാഭരണം നിര്‍വഹിച്ചശേഷം അദ്ദേഹം സ്ഥാനത്യാഗം ചെയ്തു. പിന്‍ഗാമിയായി വി. വില്‍ഫ്രഡിനെ അഭിഷേകം ചെയ്യുകയും ചെയ്തു.

തന്റെ മരണസമയം ആസന്നമായെന്ന ഉള്‍ക്കാഴ്ച ലഭിച്ച അദ്ദേഹം, താന്‍തന്നെ സ്ഥാപിക്കുകയും പടുത്തുയര്‍ത്തുകയും ചെയ്ത ബിവെര്‍ളി ആശ്രമത്തില്‍ ശിഷ്ടകാലം ചെലവഴിക്കുവാന്‍ തീരുമാനിച്ചു. 721 മെയ് 7-ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

കരുണയാണു വിശുദ്ധിയുടെ അടിസ്ഥാനമെന്നും ക്രിസ്തുവിനോടുള്ള ബന്ധം ദൃഢമാക്കാനുള്ള മുഖ്യമാര്‍ഗ്ഗവും അതാണെന്നും ബോധ്യം വന്ന അദ്ദേഹം സ്വന്തമായി കരുണയുടെ മാര്‍ഗ്ഗം വെട്ടിത്തെളിച്ചു. ഭാഗ്യഹീനര്‍ക്കും ദരിദ്രര്‍ക്കും അദ്ദേഹം വാരിക്കോരി നല്‍കി.

ഒരു അനുഗ്രഹീത പ്രഭാഷകനുമായിരുന്നു വി. ജോണ്‍. വൈദികവിദ്യാര്‍ത്ഥികള്‍ക്കു പരിശീലനം നല്‍കുന്നതില്‍ അദ്ദേഹം കാണിച്ച അതീവശ്രദ്ധ ഇന്നും പ്രശംസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ശിഷ്യരില്‍ ഒരാളാ യിരുന്നു വി. ബീഡ്. 702-ല്‍ വി. ജോണ്‍ തന്നെയാണ് ബീഡിനെ പൗരോഹിത്യപദവിയിലേക്കു ഉയര്‍ത്തിയത്.

വി. ജോണ്‍ ബിവെര്‍ളിയില്‍നിന്ന് ഇന്നത്തെ സഭയ്ക്കു പഠിക്കാനുള്ള പാഠം, വൈദിക വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന് അദ്ദേഹം നല്‍കിയ പ്രാധാന്യമാണ്. ഇന്നത്തെ സഭയുടെ അപചയം, വിശുദ്ധരായ യോഗ്യരായ, പണ്ഡിതരായ, മനുഷ്യത്വമുള്ള വൈദികരുടെ അഭാവമാണ്. ക്രിസ്തുവിന്റെ പ്രതിപുരുഷന്‍ എന്ന അപരനാമത്തില്‍ വിശ്വാസികളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നവരുടെ നിലവാരത്തകര്‍ച്ച ഇന്നു വിശ്വാസത്തിന്റെ തകര്‍ച്ചയായി മാറിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org