
ഇറ്റലിയില്‍ ടസ്‌ക്കനിയില്‍ ജനിച്ച ജോണ്‍ ചെറുപ്പത്തില്‍ത്തന്നെ ഏകാന്തമായ ധ്യാനത്തില്‍ മുഴുകാനും പ്രാര്‍ത്ഥിക്കാനും കൂടുതല്‍ താത് പര്യം കാണിച്ചിരുന്നു. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി എന്തു ത്യാഗം ചെയ്യാനും യുവാവായ ജോണ്‍ തയ്യാറായിരുന്നു. ഒരു ഫാര്‍മസിസ്റ്റായി ജോലി ചെയ്തുകിട്ടിയ പണം കൊണ്ടാണ് അദ്ദേഹം വൈദിക പഠനം ആരംഭിച്ചത്. അങ്ങനെ 31-ാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ച ജോണ്‍ ആശുപത്രികളും ജയിലുകളും കേന്ദ്രമാക്കി തന്റെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി. രോഗികളോടും തടവുകാരോടും വചനം പ്രസംഗിക്കുകയും വിശ്വാസ പരിശീലനം നല്‍കുകയും കുമ്പസാരം കേള്‍ക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.
ദൈവമാതാവിന്റെ 'ക്ലാര്‍ക്‌സ് റെഗുലര്‍' എന്ന സന്ന്യാസസഭയുടെ സ്ഥാപകനായാണ് ജോണ്‍ കൂടുതല്‍ അറിയപ്പെടുന്നത്. ഇത് വാസ്തവത്തില്‍ അല്‍മായരുടെ ഒരു കൂട്ടായ്മയായിട്ടാണ് തുടങ്ങിയത്. ജോണിന്റെ ജീവിതവിശുദ്ധിയിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടരാവുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത കാണിക്കുകയും ചെയ്തവരുടെ കൂട്ടായ്മയായിരുന്നു അത്. ജോണിന്റെ സമകാലികരായ വി. ഫിലിപ്പ് നേരിയും വി. ജോസഫ് കലസാന്‍സും അദ്ദേഹത്തോട് ആശയപൊരുത്തമുള്ളവരും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തത്പരരുമായിരുന്നു.
റോമിലെ പ്രസിദ്ധമായ പ്രൊപ്പഗാന്ത കോളേജിന്റെ സ്ഥാപകരില്‍ ഒരാളുമാണ് ജോണ്‍ ലെയോനാര്‍ഡി. മിഷണറി വൈദികര്‍ക്ക് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ആവശ്യമായ പരിജ്ഞാനം നല്‍കു കയായിരുന്നു ആ കോളേജിന്റെ ലക്ഷ്യം. വിശുദ്ധ നഗരത്തില്‍ ജോണിന്റെ സ്മരണ ഒളിമങ്ങാതെ നിലനിന്നു.
ഇന്‍ഫ്‌ളുവന്‍സാ ബാധിച്ച രോഗികളെ ശുശ്രൂഷിച്ചപ്പോള്‍ അതേ രോഗം ബാധിച്ചാണ് ജോണ്‍ മരണമടഞ്ഞത്. 1861-ല്‍ ദൈവദാസനായും 1938-ല്‍ വിശുദ്ധനായും ഉയര്‍ത്തപ്പെട്ടു.