വിശുദ്ധ ജോണ്‍ ഡമസീന്‍ (650-753) : ഡിസംബര്‍ 4

വിശുദ്ധ ജോണ്‍ ഡമസീന്‍ (650-753) : ഡിസംബര്‍ 4
പ്രാര്‍ത്ഥനയുടെ അകമ്പടിയില്ലെങ്കില്‍ യുക്തിവിചാരം മനസ്സിന്റെ വെറുമൊരു വ്യായാമമായിരിക്കും; കാറ്റ് തിരി കെടുത്തുന്നതുപോലെ പാണ്ഡിത്യം പലപ്പോഴും പ്രാര്‍ത്ഥനയുടെ നിഷ്‌കപടമായ ആന്തരികചൈതന്യം കെടുത്തുന്നു.
വി. ജോണ്‍ ഡമസീന്‍

ജോണിന്റെ പിതാവ് വിശ്വാസതീക്ഷ്ണതയുള്ള ഒരു ക്രിസ്ത്യാനിയായിരുന്നു. ഡമാസ്‌കസിന്റെ ഭരണാധികാരികളുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് എന്ന ഉന്നതപദവിയും വഹിച്ചിരുന്നു. അറേബ്യന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഡമാസ്‌ക്കസ്. അന്ന് സാമ്പത്തികശേഷിയുള്ള അറബി വ്യവസായികള്‍ ധാരാളം ക്രിസ്ത്യാനികളെ അടിമകളാക്കി വിറ്റ് പണം സമ്പാദിച്ചിരുന്നു. ആ സമയത്ത്, ഇങ്ങനെ അടിമകളാക്കപ്പെട്ട ക്രിസ്ത്യാനികളെ പണംകൊടുത്ത് രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ജോണിന്റെ പിതാവ്. തന്റെ സ്വാധീനവും പണവും മുഴുവന്‍ ഇക്കാര്യത്തിനായി ചെലവഴിച്ചിരുന്നു.
699-ല്‍ കോസ്മാസ് എന്ന സിസിലിയക്കാരനെയും അദ്ദേഹം രക്ഷപ്പെടുത്തി. ഭക്തനും പണ്ഡിതനുമായ കോസ്മാസിനെയാണ് ആ പിതാവ് തന്റെ മകന്‍ ജോണിന്റെ വിദ്യാഭ്യാസകാര്യങ്ങള്‍ ഏല്പിച്ചത്. ജോണ്‍ സമര്‍ത്ഥനായ ഒരു യുവാവായിരുന്നു. അതുകൊണ്ടാണ് പിതാവിന്റെ മരണശേഷം ഡമാസ്‌ക്കസ് നഗരത്തിന്റെ മുഖ്യ കൗണ്‍സിലറായി അദ്ദേഹം നിയമിക്കപ്പെട്ടത്. പക്ഷേ, കലീഫ അബ്ദുള്‍ മെലെക്കിന്റെ ക്രിസ്തീയ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ജോണ്‍ ജോലി രാജിവച്ചു.
730-ല്‍ ജറൂസലത്തിനു സമീപമുള്ള മാര്‍സബാ എന്ന സ്ഥലത്തുവച്ച് കോസ്മാസും ജോണും സന്ന്യാസം സ്വീകരിച്ചു. ജറൂസലത്തിന്റെ പേട്രിയാര്‍ക്ക് ജോണിന്റെ കാര്‍മ്മികത്വത്തില്‍ ജോണ്‍ പൗരോഹിത്യവും സ്വീകരിച്ചു. അതിനുശേഷം മൊണാസ്റ്ററിയില്‍ അദ്ധ്യാപനവും, ജറൂസലത്ത് വചനപ്രഘോഷണവും, വിശ്വാസവും, ആദ്ധ്യാത്മിക തത്ത്വങ്ങളും സംബന്ധിച്ച് പല ബിഷപ്പുമാര്‍ക്കും ഉപദേശങ്ങളുമൊക്കെയായി ജോണ്‍ കഴിയുകയായിരുന്നു. 726-ല്‍ ബൈസന്റയിന്‍ ചക്രവര്‍ത്തി ലെയോ മൂന്നാമന്‍ വിശുദ്ധരുടെ ചിത്രങ്ങളെ ബഹുമാനിക്കുന്നതിനെതിരെ കല്പന പുറപ്പെടുവിച്ചു. ജോണ്‍ ആ കല്പനയെ നിരാകരിച്ചുകൊണ്ട് വിശ്വാസികളുടെ പക്ഷംചേര്‍ന്നു. ചിത്രങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതുപോലും കുറ്റകരമാക്കിക്കൊണ്ട് ചക്രവര്‍ത്തിയുടെ രണ്ടാമത്തെ കല്പനയും പുറത്തുവന്നു. പക്ഷേ, ജോണ്‍ പാരമ്പര്യവാദികളുടെ കൂടെ ഉറച്ചുനിന്നു.
ജോണ്‍ പ്രസിദ്ധനായത് വാഗ്മിത്തം കൊണ്ടാണ്. പിന്നെ ശ്രദ്ധേയ ങ്ങളായ പല ദൈവശാസ്ത്ര ഗ്രന്ഥങ്ങളും രചിച്ചു. "Fountain of Wisdom" സഭയുടെ പ്രമുഖരായ ഗ്രന്ഥകാരന്മാരുടെ കൃതികളില്‍ നിന്നുള്ള പ്രസക്തഭാഗങ്ങളുടെ ഒരു നല്ല സമാഹാരമാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ആദ്യകാലത്തെ "Summa Theologica" ആണെന്നു പറയാം. ഗ്രീക്കു-റോമന്‍ സഭകള്‍ വളരെ ഉത്കൃഷ്ടഗ്രന്ഥമായി അതിനെ പരിഗണിച്ചിരുന്നു. വിശ്വാസം കളങ്കമില്ലാതെ കാത്തുസൂക്ഷിക്കാനുള്ള താല്പര്യംകൊണ്ട് നൂറോളം അബദ്ധസിദ്ധാന്തങ്ങള്‍ അദ്ദേഹം തേടിപ്പിടിച്ച് അവതരിപ്പിച്ചു.
ജോണ്‍ രചിച്ച അനേകം ഗ്രീക്ക് പ്രാര്‍ത്ഥനാഗീതങ്ങള്‍ വളരെ പ്രസിദ്ധങ്ങളാണ്. പലതും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. സംഗീതത്തിന്റെ കാര്യത്തില്‍ വി. ഗ്രിഗരി പാശ്ചാത്യനാടുകളില്‍ പ്രസിദ്ധനായിരുന്നതുപോലെ തന്നെ പൗരസ്ത്യദേശത്ത് ജോണും പ്രസിദ്ധനായിരുന്നു.
1890-ല്‍ പോപ്പ് ലിയോ XIII വി. ജോണിനെ സഭയുടെ പാരംഗതനായി ഉയര്‍ത്തിയെന്ന് ഗ്രീക്കുവൈദികശ്രേഷ്ഠന്മാര്‍ അവകാശപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org