
നിഷ്‌കളങ്കരായ കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതയാണ് ഏറ്റവും മാരകമായ പാപം. ഈ ചെറിയവരില്‍ ഒരുവന് ഉതപ്പുകൊടുക്കുന്നവന്റെ കഴുത്തില്‍ തിരികല്ലുകെട്ടി കടലില്‍ താഴ്ത്താനാണ് ക്രിസ്തു ശക്തമായ ഭാഷയില്‍ പഠിപ്പിച്ചത്. എല്ലാം മറന്ന് ഈശോ അതിനിശിതമായി രോഷംകൊണ്ട സന്ദര്‍ഭം ഇതു മാത്രമാണ്.
കഷ്ടത അനുഭവിക്കുന്ന ബാലികാബാലന്മാരെ രക്ഷിക്കുക എന്നതായിരുന്നു വി. ജോണ്‍ ബോസ്‌കോയുടെ എന്നത്തെയും വലിയ സ്വപ്നം. വടക്കേ ഇറ്റലിയിലെ ഒരു ഗ്രാമത്തില്‍ ഒരു പാവം കര്‍ഷകബാലനായി ജനിച്ച ജോണ്‍ ചെറുപ്പം മുതല്‍ വളര്‍ന്നതും ഈ സ്വപ്നം മനസ്സില്‍ വച്ചുകൊണ്ടാണ്. ടൂറിനില്‍ വൈദികപട്ടം സ്വീകരിച്ചശേഷം, കുട്ടികളുടെ സൗഹൃദവും വിശ്വാസവും നേടിയെടുക്കാനുള്ള ശ്രമം തുടങ്ങി. കൂടെ നടന്ന് കളിക്കുകയും പാട്ടുപാടുകയും കഥകള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തുകൊണ്ട് അവരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ കളിതമാശയ്ക്കിടയില്‍ അല്പം മതപഠനം, ജപമാല ചൊല്ലല്‍, അന്നത്തെ സുവിശേഷഭാഗത്തെപ്പറ്റിയുള്ള ഒരു ലഘുപ്രസംഗം-എല്ലാം നടന്നുകൊണ്ടിരുന്നു. 1845 ആയപ്പോഴേക്കും ജോണിന്റെ കുട്ടിപ്പട്ടാളം 800 കവിഞ്ഞു. ശൈത്യകാലത്ത് ഇവരെയെല്ലാം ഒരുമിച്ചുകൂട്ടാനുള്ള ഒരു സ്ഥലം കണ്ടുമുട്ടാന്‍ ജോണ്‍ വളരെ വിഷമിച്ചു.
ജോണിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു. സഹകരിക്കാന്‍ ആള്‍ക്കാര്‍ മുന്നോട്ടുവന്നു. അങ്ങനെ നിശാക്ലാസ്സുകള്‍ ആരംഭിക്കപ്പെട്ടു. ടൂറിനിലെ സലേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടക്കം അങ്ങനെയായിരുന്നു. മാതാവിന്റെയും വി. ഫ്രാന്‍സീസ് സാലസിന്റെയും മാദ്ധ്യസ്ഥ്യത്തില്‍ ആരംഭിച്ച സലേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ബോര്‍ഡിംഗ് എല്ലാം തുടരെ പ്രവര്‍ത്തനം തുടങ്ങി. അങ്ങനെ അദ്ദേഹത്തിന്റെ കുട്ടികള്‍ എഴുത്തും വായനയും, വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും, അതോടൊപ്പം കുമ്പസാരവും പരിശുദ്ധ കുര്‍ബാനയും എല്ലാം ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന ഒരു പുതിയ സമൂഹമായി വളര്‍ന്നുവന്നു.
ജോണ്‍ പിന്നീട് അറിയപ്പെട്ടത് ഡോണ്‍ ബോസ്‌കോ എന്നാണ്. കുട്ടികളുടെ മനസ്സു വായിക്കാനുള്ള കഴിവായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം. കുട്ടികള്‍ അദ്ദേഹത്തെ ഒരു വിശുദ്ധനായി കണ്ടു; സ്‌നേഹിച്ചു. പിന്നീട്, പെണ്‍കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനായി 1872-ല്‍ സ്ഥാപിച്ചതാണ് "ഡോട്ടേഴ്‌സ് ഓഫ് മേരി, ഹെല്‍പ്പ് ഓഫ് ക്രിസ്ത്യന്‍സ്."
സലേഷ്യന്‍സിന്റെ അംഗസംഖ്യ പെട്ടെന്നു വര്‍ദ്ധിച്ചു. 1888 ജനുവരി 31-ന് വിശുദ്ധ ജോണ്‍ ബോസ്‌കോ മരിക്കുമ്പോള്‍ ലോകത്ത് 200 സലേഷ്യന്‍ സ്ഥാപനങ്ങളുണ്ടായിരുന്നു. 2500 പേര്‍ സലേഷ്യന്‍ സഭയിലൂടെ വൈദികരായിത്തീര്‍ന്നു.
പോപ്പ് പയസ് തക 1929 ജൂണ്‍ 2-ന് ഡോണ്‍ ബോസ്‌കോയെ വാഴ്ത്ത പ്പെട്ടവനെന്നു പ്രഖ്യാപിച്ചു. അതേ പോപ്പുതന്നെ 1934 ഏപ്രില്‍ 1-ന് ഡോണ്‍ ബോസ്‌കോയെ വിശുദ്ധനെന്നു നാമകരണം ചെയ്യുകയും ചെയ്തു.