വിശുദ്ധ ജെറോം എമിലിയാനി (1486-1537) : ഫെബ്രുവരി 8

വിശുദ്ധ ജെറോം എമിലിയാനി (1486-1537) : ഫെബ്രുവരി 8

ഇറ്റലിയിലെ ഒരു പുരാതന വെനേഷ്യന്‍ കുടുംബത്തില്‍ ജനിച്ച ജെറോം 15-ാമത്തെ വയസ്സില്‍, അച്ഛന്റെ മരണശേഷം, ഒളിച്ചോടി വെനേഷ്യന്‍ റിപ്പബ്ലിക്കിന്റെ സൈന്യത്തില്‍ ചേര്‍ന്നു. പന്ത്രണ്ടുവര്‍ഷത്തിനുശേഷം അയാള്‍ തടവിലാക്കപ്പെട്ടു. തടവില്‍ കിടന്നപ്പോള്‍ തന്റെ മലീമസമായ ഭൂതകാല ജീവിതത്തെപ്പറ്റി അയാള്‍ക്കു ബോദ്ധ്യം വന്നു. മാതാവിന്റെ മുമ്പില്‍ മുട്ടുകുത്തിനിന്നുകൊണ്ട് പശ്ചാത്തപിച്ചു കുറ്റം ഏറ്റുപറഞ്ഞു.
അതോടെ അത്ഭുതകരമായി അയാള്‍ ജയില്‍മോചിതനായി. തുടര്‍ന്ന് 10 വര്‍ഷം വൈദികപഠനവും ആശുപത്രികളിലും മറ്റും സാധുജനസേവനവും നടത്തി.

1528-ല്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും പടര്‍ന്നപ്പോള്‍ വെനേഷ്യന്‍ ആശുപത്രിയില്‍ മാറാരോഗങ്ങള്‍ ബാധിച്ചവരുടെ ഉത്തരവാദിത്വം അയാള്‍ ഏറ്റെടുത്തു. കൂടാതെ, അനാഥരായ കുട്ടികളെ സംരക്ഷിക്കാന്‍ ഒരു സ്ഥാപനത്തിനും രൂപംകൊടുത്തു. അവര്‍ക്കു ഭക്ഷണം നല്‍കാനായി, അയാള്‍ക്കുണ്ടായിരുന്ന വിലപിടിപ്പുള്ള സാധന ങ്ങളെല്ലാം വിറ്റു.

പിന്നീട് പോപ്പ് പോള്‍ IV ആകാനിരുന്ന വൈദികനായിരുന്നു ജറോമിന്റെ ആദ്ധ്യാത്മികഗുരു. അദ്ദേഹത്തിന്റെ സഹായത്താല്‍ അനാഥരെ സംരക്ഷിക്കുന്നതിനും രോഗികളെ ശുശ്രൂഷിക്കുന്നതിനുമായി 1532-ല്‍ ഒരു സംഘത്തിനു രൂപംനല്‍കി. അനാഥരായ കുട്ടികളുടെയും നാട്ടിലെ മറ്റു വിദ്യാവിഹീനരുടെയും വിദ്യാഭ്യാസം ഈ സംഘം ഏറ്റെടുത്തു ബര്‍ഗമോ എന്ന സ്ഥലത്ത് പശ്ചാത്തപിക്കുന്ന വേശ്യകള്‍ക്കുവേണ്ടിയും ഒരു സ്ഥാപനം തുടങ്ങി.
അങ്ങനെ, വിവിധതരം രോഗികളെ ശുശ്രൂഷിച്ചുകൊണ്ട് ഓടിനടക്കുന്ന സമയത്ത് ഏതോ മാരകമായ പകര്‍ച്ചവ്യാധി പിടിപെട്ടു. 1537 ഫെബ്രുവരി 8-ാം തീയതി അദ്ദേഹം ചരമമടഞ്ഞു. 1767-ല്‍ അദ്ദേഹം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org