വിശുദ്ധ ജയിന്‍ ഫ്രാന്‍സീസ് ഷന്താള്‍ (1572-1641) : ഡിസംബര്‍ 12

വിശുദ്ധ ജയിന്‍ ഫ്രാന്‍സീസ് ഷന്താള്‍ (1572-1641) : ഡിസംബര്‍ 12
ബര്‍ഗണ്ടി പാര്‍ലിമെന്റിന്റെ പ്രസിഡണ്ടായിരുന്ന ബെനീഞ്ഞെ ഫ്രെമിയോട്ടിന്റെ മകളായിരുന്നു വി. ജയിന്‍ ഫ്രാന്‍സീസ്. 1572 ജനുവരി 28 നു ജനിച്ച അവള്‍ക്ക് പതിനെട്ടു മാസം മാത്രം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നീട്, പിതാവിന്റെ മാത്രം സംരക്ഷണയില്‍ ബുദ്ധിമതിയും പക്വതയുള്ളവളുമായി അവള്‍ വളര്‍ന്നു. വീട്ടില്‍ത്തന്നെ ട്യൂട്ടര്‍മാരെ വച്ചാണ് അവള്‍ക്കു വിദ്യാഭ്യാസം നല്‍കിയത്.

ഇരുപത്തൊന്നാമത്തെ വയസ്സില്‍ ഫ്രഞ്ചു സൈനികനായിരുന്ന ബാരണ്‍ ക്രിസ്റ്റോഫ് ഷന്താളുമായുള്ള വിവാഹം നടന്നു. പക്ഷേ ഏഴുവര്‍ഷത്തിനുശേഷം ഷന്താള്‍ മരിച്ചു. മൂന്നു പെണ്‍കുട്ടികളുടെയും ഒരു ആണ്‍കുട്ടിയുടെയും സംരക്ഷണം അവള്‍ സധൈര്യം ഏറ്റെടുത്തു. ഭക്തയും സന്മാര്‍ഗ്ഗനിഷ്ഠയുമായിരുന്ന അവളുടെ പ്രധാന ഗുണങ്ങള്‍ ക്ഷമാശീലവും വിനയവുമായിരുന്നു. അവള്‍ ശ്രദ്ധാപൂര്‍വ്വം കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കി.
ജയിനിനു 32 വയസ്സുള്ളപ്പോഴാണ് അവളുടെ അച്ഛന്‍ മഹാനായ ഫ്രാന്‍സീസ് സാലസിനെ പരിചയപ്പെടുത്തിയത്. പിന്നീട് അവളുടെ ആദ്ധ്യാത്മികഗുരു ഫ്രാന്‍സീസായിരുന്നു. പുനര്‍വിവാഹം വേണ്ടെന്നു വയ്ക്കുകയും ഫ്രാന്‍സീസ് സാലസിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു സന്ന്യാസസഭയില്‍ ചേരാനായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍, ഫ്രാന്‍സീസിന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു. ആരോഗ്യവും പ്രായവും മറ്റു സാമൂഹിക പ്രശ്‌നങ്ങളും അനുകൂലമല്ലാത്തതിനാല്‍ സന്ന്യാസസഭകളില്‍ പ്രവേശനം ലഭിക്കാത്ത അനേകം സ്ത്രീകള്‍ക്കുവേണ്ടി ഒരു പ്രസ്ഥാനം തുടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. മാതാവിന്റെ വിസിറ്റേഷന്‍ സഭയുടെ ആരംഭമായിരുന്നു അത്.
ജയിന്‍ തന്റെ കുട്ടികളുടെ കാര്യങ്ങളെല്ലാം സുരക്ഷിതമാക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട്. മൂത്തമകളെ വി. ഫ്രാന്‍സീസിന്റെ സഹോദരപുത്രനു വിവാഹം ചെയ്തുകൊടുത്തു. രണ്ടാമത്തെ മകള്‍ അകാലത്തില്‍ ചരമമടഞ്ഞു. മൂന്നാമത്തെ മകളുടെയും വിവാഹം നടത്തി. ഏകമകനെ അവളുടെ പിതാവിന്റെ സംരക്ഷണയിലാക്കിയിട്ട് അവള്‍ പുതിയ സംരംഭം ഏറ്റെടുക്കാന്‍ തയ്യാറെടുത്തു.
1610 ജൂണ്‍ പത്തിന് ജയിന്‍ തന്റെ രണ്ടു സുഹൃത്തുക്കളുമൊപ്പം അന്നെസിയിലെ ചാപ്പലില്‍ വച്ച് കുര്‍ബാനമദ്ധ്യേ, പുതിയ സഭ തുടങ്ങാ നുള്ള അനുഗ്രഹങ്ങള്‍ ഫ്രാന്‍സീസ് സാലസില്‍ നിന്നു സ്വീകരിച്ചു – അങ്ങനെ മാതാവിന്റെ വിസിറ്റേഷന്‍ സഭയുടെ അടിസ്ഥാനമിട്ടു. ഒരു വര്‍ഷത്തിനുശേഷം അവര്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. എന്നാല്‍, 1613-ല്‍ ലിയോണ്‍സിലെ ബിഷപ്പ് ഡെനിസ് സൈമണ്‍ വിസിറ്റേഷന്‍ സഭയെ ബാഹ്യലോക ബന്ധങ്ങള്‍ കുറച്ച് ആവൃതിക്കുള്ളിലാക്കി. 1618 ഏപ്രില്‍ 23-ന് പോപ്പ് പോള്‍ അഞ്ചാമന്‍ ഈ സഭയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുകയും ചെയ്തു.
1641 ഡിസംബര്‍ 13 ന് മൗളിന്‍സില്‍ വച്ച് 69-ാമത്തെ വയസ്സില്‍ മരിക്കുമ്പോള്‍, അവരുടെ കഠിനാദ്ധ്വാനത്തിന്റെയും വിശുദ്ധവഴിയിലെ ഊര്‍ജ്ജസ്വലതയുടെയും പ്രതീകമായി എണ്‍പതിലേറെ മഠങ്ങള്‍ തലയുയര്‍ത്തിനിന്നിരുന്നു. ജയിന്‍ എന്ന പേരുതന്നെ ജോണിന്റെ സ്ത്രീലിംഗ രൂപമായിരുന്നു; "ദൈവത്തിന്റെ കാരുണ്യം" എന്നര്‍ത്ഥം. അവളെ ഫ്രാന്‍സീസ് സാലസ് വിശേഷിപ്പിച്ചത് "പരിപൂര്‍ണയായ സ്ത്രീ" എന്നാണ്. പക്ഷേ, അനേകം കുരിശുകള്‍ ദൈവം അവള്‍ക്കായി ഒരുക്കിയിരുന്നു. 1622-ല്‍ അവളുടെ ആത്മീയ പിതാവായ ഫ്രാന്‍സീസ് സാലസ് അന്തരിച്ചു. ആ വിയോഗത്തിന്റെ വേദനകള്‍ പൂര്‍ണ്ണമായി മാറുന്നതിനു മുമ്പേ ഏകമകന്റെയും മരുമകന്റെയും മരണവാര്‍ത്തകള്‍ എത്തി. അതിനു പിറകേയാണ് ഫ്രാന്‍സില്‍ ഒരു മഹാപ്ലേഗ് ആഞ്ഞടിച്ചത്. രോഗികള്‍ക്കുവേണ്ടി മഠത്തിന്റെ സകല സൗകര്യങ്ങളും വിനിയോഗിക്കേണ്ടിവന്നു. ആന്തരിക വേദനകളും ആത്മീയശുഷ്‌കതയും അനുഭവിച്ച ഇരുണ്ട രാത്രിയായിരുന്നു ആ കാലഘട്ടം. എന്നിട്ടും, എല്ലാം അതിജീവിച്ച് ടൂറിനില്‍ 86-ാമത്തെ മഠം സ്ഥാപിച്ച് മടങ്ങുംവഴി മൂലിനായിലെ വിസിറ്റേഷന്‍ മഠത്തിലായിരുന്നു അന്ത്യം.
അന്നസിയില്‍ വിസിറ്റേഷന്‍ മഠത്തില്‍ വി. ഫ്രാന്‍സീസ് സാലസിന്റെ കബറിടത്തിനു സമീപം തന്നെയാണ് ജയിന്‍ ഫ്രാന്‍സീസ് ഷന്താളിനെയും സംസ്‌കരിച്ചത്. 1751 ആഗസ്റ്റ് 21-ന് പോപ്പ് ബനഡിക്ട് XIV അവളെ വാഴ്ത്തപ്പെട്ടവളും, 1767 ജൂലൈ 16 ന് പോപ്പ് ക്ലമന്റ് XIII വിശുദ്ധയുമായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org