വിശുദ്ധ ഇഗ്നേഷ്യസ് ലക്കോണി (1701-1781) : മെയ് 11

വിശുദ്ധ ഇഗ്നേഷ്യസ് ലക്കോണി (1701-1781) : മെയ് 11

ഇറ്റലിയിലെ സര്‍ഡീനിയയില്‍ 1701 ഡിസംബര്‍ 10-ന് ഇഗ്നേഷ്യസ് ജനിച്ചു. ഏഴുമക്കളില്‍ രണ്ടാമത്തവനായിരുന്നു. അനാരോഗ്യവാനായിരുന്ന ഇഗ്നേഷ്യസിന് പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിച്ചില്ല. പിതാവിന്റെകൂടെ കഠിനാദ്ധ്വാനം ചെയ്യേണ്ടിവന്നതിനാല്‍ 17-ാമത്തെ വയസ്സില്‍ രോഗത്താല്‍ ക്ഷീണിതനായി. ജീവന്‍ തിരിച്ചുകിട്ടിയാല്‍ വി. ഫ്രാന്‍സീസ് അസ്സീസിക്കുവേണ്ടി ശിഷ്ടകാലം ജീവിച്ചുകൊള്ളാമെന്ന് നേര്‍ച്ചനേര്‍ന്നു.

രോഗം മാറി. പക്ഷേ, പെട്ടെന്ന് നേര്‍ച്ചപ്രകാരം പ്രവര്‍ത്തിക്കാന്‍ പിതാവ് അനുവദിച്ചില്ല. "നേര്‍ച്ച എന്നെങ്കിലും പൂര്‍ത്തിയാക്കിയാല്‍ പോരേ?" എന്നായിരുന്നു പിതാവിന്റെ ചോദ്യം. അവസാനം ഇഗ്നേഷ്യസ് ഒളിച്ചോടി കപ്പൂച്ചിന്‍ ബ്രദറായി ജീവിതം തുടങ്ങി.

നോവീഷ്യേറ്റിന്റെ പരീക്ഷണങ്ങള്‍ മറികടക്കേണ്ടതുണ്ടായിരുന്നു. 1722-ല്‍ വ്രതങ്ങള്‍ എടുക്കാന്‍ അനുവാദം കിട്ടി. എങ്കിലും ഒരു ബ്രദറിന്റെ ജീവിതം സംഭവബഹുലമല്ലാത്തതിനാല്‍ അടുത്ത 20 വര്‍ഷത്തെ ജീവിതത്തെപ്പറ്റി കാര്യമായൊന്നും അറിവില്ല.

1741-ല്‍ ഭിക്ഷ യാചിക്കുകയായിരുന്നു ഇഗ്നേഷ്യസിന്റെ ജോലി. 40 വര്‍ഷം ആ ജോലി തുടര്‍ന്നു. ഇതിനിടയില്‍ രോഗീസന്ദര്‍ശനവും വിദ്യാഭ്യാസമില്ലാത്തവര്‍ക്കു ക്ലാസ്സുകളും നടന്നുകൊണ്ടിരുന്നു. ഇതിനിടയില്‍ പ്രാര്‍ത്ഥനയ്ക്കു സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടി. അതുകൊണ്ട് രാത്രിയുടെ അന്ത്യയാമങ്ങള്‍വരെ അദ്ദേഹം പ്രാര്‍ത്ഥനയില്‍ മുഴുകി. ഉറക്കം വെറും ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം! ഒരു വിറകുകഷണമായിരുന്നു തലയിണ. എങ്കിലും 80 വയസ്സുവരെ കുഴപ്പമില്ലാതെ ജീവിതം തുടര്‍ന്നു. 1781-ല്‍ ഇഹലോകവാസം അവസാനിച്ചു. 1951 ഒക്‌ടോബര്‍ 21-ന് പോപ്പ് പയസ് XII ഇഗ്നേഷ്യസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Related Stories

No stories found.