വിശുദ്ധ ഹ്യൂഗ് (1053-1132) : ഏപ്രില്‍ 1

വിശുദ്ധ ഹ്യൂഗ് (1053-1132) : ഏപ്രില്‍ 1
ബിഷപ്പ് ഹ്യൂഗ് തന്റെ സ്വര്‍ണ്ണക്കാസയും ഔദ്യോഗിക മോതിരവും വരെ വിറ്റ് ദരിദ്രരെ സഹായിക്കാന്‍ തയ്യാറായെന്നു പറയപ്പെടുന്നു. നഗ്നപാദനായി സഞ്ചരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഏതാണ്ട് 40 വര്‍ഷത്തെ ശാരീരികവും മാനസികവുമായ പീഡകള്‍ക്കൊടുവില്‍ 1132 ഏപ്രില്‍ 1-ാം തീയതി അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു.

ഫ്രാന്‍സിലെ വാലെന്‍സായിരുന്നു ഹ്യൂഗിന്റെ ജന്മദേശം. യുവാവായിരിക്കുമ്പോള്‍തന്നെ അദ്ദേഹം ഭക്തിമാര്‍ഗ്ഗത്തില്‍ പ്രവേശിച്ചിരുന്നു. പോപ്പ് ഗ്രിഗറി ഏഴാമന്റെ സഭാനവീകരണപ്രവര്‍ത്തനങ്ങളോട് ആത്മാര്‍ത്ഥമായി സഹകരിച്ചു. ഹ്യൂഗിന്റെ ജീവിതവിശുദ്ധിയും സാമര്‍ത്ഥ്യവും മനസ്സിലാക്കിയ പോപ്പ് അദ്ദേഹത്തെ ഗ്രെനോബിളിലെ മെത്രാനായി അഭിഷേകം ചെയ്തു.

പ്രശസ്തിയിലും സ്ഥാനമാനങ്ങളിലും ഒട്ടും താത്പര്യമില്ലാതിരുന്ന ഹ്യൂഗ് രണ്ടുവര്‍ഷക്കാലം ബിഷപ്പിന്റെ ഉത്തരവാദിത്വങ്ങള്‍ തീക്ഷ്ണതയോടെ നിറവേറ്റാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തൃപ്തനായിരുന്നില്ല. തന്റെ രൂപതയിലെ ജനങ്ങള്‍ അസന്മാര്‍ഗ്ഗികതയിലും ജഡമോഹങ്ങളിലും മുഴുകി ജീവിക്കുന്നതുകണ്ട് നിരാശനായ അദ്ദേഹം 1082-ല്‍ ഔദ്യോഗിക സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് ബനഡിക്‌ടൈന്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്നു.
എങ്കിലും, പോപ്പ് ഒരുവര്‍ഷം കഴിഞ്ഞ് അദ്ദേഹത്തെ ജോലിയിലേക്ക് തിരിച്ചുവിളിച്ചു. പിന്നീട് വന്ന നാലു പോപ്പുമാരോടും തന്നെ ഔദ്യോഗിക ഉത്തരവാദിത്വങ്ങളില്‍നിന്ന് മാറ്റിത്തരണമെന്ന് ഹ്യൂഗ് അപേക്ഷിച്ചുകൊണ്ടിരുന്നെങ്കിലും ആരും അതു സാധിച്ചുകൊടുത്തില്ല.

എന്നാല്‍ 1084-ല്‍ ശ്രദ്ധേയമായ ഒരു കാര്യത്തിന് ഹ്യൂഗ് തുടക്കം കുറിച്ചു. വി. ബ്രൂണോയെയും അദ്ദേഹത്തിന്റെ ആറു സുഹൃത്തുക്കളെയും ഏകാന്തമായ സന്യാസ ജീവിതത്തിലേക്ക് ആകര്‍ഷിച്ചത് അദ്ദേഹമായിരുന്നു. തന്റെ രൂപതയായ ഗ്രെനോബിളിന്റെ സമീപത്തുള്ള കര്‍ത്തൂസ് എന്ന സ്ഥലം അവര്‍ക്കു ദാനമായി നല്‍കിക്കൊണ്ട് ഒരു ആശ്രമം പടുത്തുയര്‍ത്താനുള്ള എല്ലാ സഹായസഹകരണങ്ങളും ചെയ്തുകൊടുത്തു. അതാണ് പിന്നീടു പ്രസിദ്ധമായിത്തീര്‍ന്ന കര്‍ത്തൂസിയന്‍ സന്ന്യാസസഭ.

ഹ്യൂഗ് പതിവായി ഈ ആശ്രമം സന്ദര്‍ശിക്കുകയും സന്ന്യാസിമാ രുമായി ആശയങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ദാരിദ്ര്യം, പ്രാര്‍ത്ഥന, ഏകാന്തമായ പഠനം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി അവരുമായി ആശയവിനിമയം നടത്തിയിരുന്നു. ഉപവാസത്തിന്റെയും പ്രായശ്ചിത്തപ്രവൃത്തികളുടെയും ബാഹുല്യം ഹ്യൂഗിന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. തന്റെ ആദ്ധ്യാത്മിക ഉപദേഷ്ടാവായ വി. ബ്രൂണോയുടെ നിര്‍ദ്ദേശപ്രകാരം പിന്നീട് അദ്ദേഹം കുറെ നിയന്ത്രണങ്ങള്‍ ജീവിതത്തില്‍ വരുത്തി.

ബിഷപ്പ് ഹ്യൂഗ് തന്റെ സ്വര്‍ണ്ണക്കാസയും ഔദ്യോഗിക മോതിരവും വരെ വിറ്റ് ദരിദ്രരെ സഹായിക്കാന്‍ തയ്യാറായെന്നു പറയപ്പെടുന്നു. നഗ്നപാദനായി സഞ്ചരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഏതാണ്ട് 40 വര്‍ഷത്തെ ശാരീരികവും മാനസികവുമായ പീഡകള്‍ക്കൊടുവില്‍ 1132 ഏപ്രില്‍ 1-ാം തീയതി അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. രണ്ടു വര്‍ഷത്തിനുശേഷം പോപ്പ് ഇന്നസെന്റ് II അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

മായാസ്തുതിയും അമിതസ്‌നേഹവും ആത്മാവിനെ നശിപ്പിക്കുന്നു. ഈ ജീവിതം അലസസംഭാഷണങ്ങള്‍ക്കുള്ളതല്ല. പ്രാര്‍ത്ഥനയാണ് എനിക്കെപ്പോഴും ശക്തി നല്‍കുന്നത്.
വി. ഹ്യൂഗ്‌

Related Stories

No stories found.