വിശുദ്ധ ഹിലാരി പോയിറ്റിയേഴ്‌സ്  (315-367) : ജനുവരി 13

വിശുദ്ധ ഹിലാരി പോയിറ്റിയേഴ്‌സ്  (315-367) : ജനുവരി 13
ഫ്രാന്‍സിലെ പോയിറ്റിയേഴ്‌സാണ് ഹിലാരിയുടെ ജന്മസ്ഥലം. മാതാപിതാക്കള്‍ പേഗന്‍ മതവിശ്വാസികളായിരുന്നു. അക്കാലത്ത് ശാസ്ത്രവിഷയങ്ങളില്‍ ലഭിക്കാവുന്നത്ര വിദ്യാഭ്യാസം ഹിലാരിക്കു ലഭിച്ചു. പക്ഷേ, മനുഷ്യന്റെ അസ്തിത്വത്തെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ശരിയായ ഉത്തരം ലഭിച്ചില്ല. അന്വേഷണം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ബൈബിളിലാണ്. അങ്ങനെ ഹിലാരി ജ്ഞാനസ്‌നാനം സ്വീകരിച്ചു.

അന്ന് ഹിലാരിക്ക് 30 വയസ്സുണ്ട്. താത്പര്യപൂര്‍വ്വം ബൈബിള്‍ പഠനം തുടര്‍ന്നു. തന്റെ പുതിയ വിശ്വാസം സ്ഥാപിക്കുവാനും പ്രചരിപ്പിക്കുവാനുമായി പേനയും പ്രസംഗവും അദ്ദേഹം ആയുധമാക്കി. വിവാഹി തനും ഒരു കുഞ്ഞിന്റെ പിതാവുമായിരുന്നെങ്കിലും 350-ല്‍ അദ്ദേഹം പോയിറ്റിയേഴ്‌സിന്റെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു.
ക്രിസ്തുവിന്റെ ദൈവികത്വം നിഷേധിച്ചുകൊണ്ടുള്ള അലക്‌സാണ്ട്രിയയിലെ ആരിയൂസിന്റെ പാഷണ്ഡതയ്‌ക്കെതിരെ ഹിലാരി ആഞ്ഞടിച്ചു. പല പ്രാദേശിക സൂനഹദോസുകളിലും വിശ്വാസം സംരക്ഷിക്കുവാനായി അദ്ദേഹം പടവെട്ടി. പക്ഷേ, അദ്ദേഹത്തിന്റെ എതിരാളികള്‍ കോണ്‍സ്റ്റാന്‍ സിയൂസ് ചക്രവര്‍ത്തിയെക്കൊണ്ട് ഹിലാരിയെ ഏഷ്യാമൈനറിലുള്ള ഫ്രീജിയയിലേക്ക് നാടുകടത്തിച്ചു. അവിടെ കഴിഞ്ഞ മൂന്നരവര്‍ഷംകൊണ്ട് അദ്ദേഹം തന്റെ മാസ്റ്റര്‍പീസായ, പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള മഹാഗ്രന്ഥം രചിച്ചു.
359-ല്‍ സെലൂഷ്യയിലെ സൂനഹദോസില്‍ പങ്കെടുക്കുകയും അതിനുശേഷം സൂനഹദോസില്‍ പങ്കെടുത്ത ഏതാനും പ്രതിനിധികള്‍ക്കൊപ്പം കോണ്‍സ്റ്റാന്റിനോപ്പിള്‍ സന്ദര്‍ശിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഫ്രാന്‍സില്‍ തിരിച്ചെത്തി; ശേഷിച്ച ഏഴുവര്‍ഷക്കാലം അവിടെത്തന്നെ കഴിഞ്ഞു.
വി. ഹിലാരി 53-ാമത്തെ വയസില്‍ മരണമടഞ്ഞു. 1851-ല്‍ ഒമ്പതാം പീയൂസ് മാര്‍പാപ്പ അദ്ദേഹത്തെ തിരുസ്സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കുകയും ചെയ്തു.
'സത്യം നിന്നെ സ്വതന്ത്രനാക്കുമെന്ന്' വി. ഹിലാരി കണ്ടെത്തിയത് ബൈബിളില്‍ നിന്നാണ്. സത്യം അന്വേഷിച്ചുള്ള യാത്രയായിരുന്നു ഹിലാരിയുടെ ജീവിതം. കണ്ടെത്തിയ സത്യമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു കരുത്തും ജീവിതത്തിന് അര്‍ത്ഥവും നല്‍കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org