
ഇന്ത്യാക്കാരനായ ആദ്യത്തെ വിശുദ്ധനും രക്തസാക്ഷിയുമാണ് വി. ഗോണ്‍സാലോ ഗാര്‍സിയ. ബോംബെയിലെ വാസായി പട്ടണത്തിലാണ് (പഴയ ബാസെയിന്‍) ഗോണ്‍സാലോ ജനിച്ചത്. അച്ഛന്‍ പോര്‍ട്ടുഗീസുകാരനും അമ്മ കൊങ്കണ്‍ യുവതിയുമായിരുന്നു എന്നല്ലാതെ ചെറുപ്പകാലത്തെപ്പറ്റി കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. മാതാപിതാക്കള്‍ നേരത്തെ മരണമടഞ്ഞെന്നും ബാസ്സെയിനിലെ ഈശോസഭക്കാരുടെ വിദ്യാലയത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചതെന്നും പറയപ്പെടുന്നു. 15-16 വയസ്സുള്ളപ്പോള്‍ 1574-ല്‍ ഫാ. സെബാസ്റ്റ്യന്‍ ഗോണ്‍സാല്‍വസ് എന്ന ഈശോസഭാവൈദികന്റെ കൂടെ ജപ്പാനിലെത്തി.
അടുത്ത എട്ടുവര്‍ഷം ഫാ. സെബാസ്റ്റ്യന്റെ കൂടെ സജീവമായി മിഷന്‍പ്രവര്‍ത്തനം നടത്തിയ ഗോണ്‍സാലോ ഈശോസഭയില്‍ ചേരുവാനുള്ള ശ്രമവും തുടരുന്നുണ്ടായിരുന്നു. പക്ഷേ, എന്തോ വിചിത്രകാരണങ്ങളാല്‍ അദ്ദേഹത്തിന്റെ ആഗ്രഹം നടന്നില്ല. ദുഃഖത്തോടെ, ഗോണ്‍സാലോ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസികളുടെ കൂടെ ചേരാന്‍ തീരുമാനിച്ചു.
എന്നാല്‍, ജപ്പാനിലെ ഫ്രാന്‍സിസ്‌കന്‍സിന്റെ കൂടെ ഗൊണ്‍സാലോ ചേര്‍ന്നില്ലെന്നു മാത്രമല്ല, ജപ്പാനില്‍നിന്ന് മാവോയിലേക്കു പോകുകയും ചെയ്തു. അവിടെവച്ച് പോര്‍ട്ടുഗീസ് കച്ചവടക്കാരെപ്പോലെ ഒരു നല്ല വ്യവസായിയായി മാറാന്‍ ശ്രമം തുടങ്ങി. ദൈവത്തിന്റെ വഴികള്‍ വിചിത്രമാണല്ലോ. ഫിലിപ്പീന്‍സിലുള്ള മാനിലയിലേക്ക് 1586-ല്‍ ബിസിനസ്സ് ആവശ്യത്തിന് യാത്രതിരിച്ച ഗൊണ്‍സാലൊയെയാണ് നാം പിന്നീടു കാണുന്നത്. മനിലയില്‍വച്ച് തന്റെ പഴയ ആഗ്രഹം വീണ്ടും സജീവമായി.
അങ്ങനെ 1586-ല്‍ത്തന്നെ ഗൊണ്‍സാലൊ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസികളുടെ കൂടെച്ചേര്‍ന്നു. അവിടെവച്ച് അദ്ദേഹം പരമാവധി എളിമ പ്പെടാനുള്ള തീവ്രയത്‌നത്തിലായിരുന്നു. കുശിനിപ്പണികള്‍ ഭക്ഷണം വിളമ്പിക്കൊടുക്കല്‍, ചന്തയില്‍പോയി സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വരിക തുടങ്ങിയ ജോലികള്‍ ഏറ്റെടുത്തുചെയ്തു. അങ്ങനെ ക്രമേണ അദ്ദേഹം മാനില മാര്‍ക്കറ്റില്‍ ശ്രദ്ധേയനായി. നല്ലൊരു കസ്റ്റമര്‍ എന്ന നിലയിലായിരുന്നില്ല. കാരണം, സ്ഥിരം ഉപവാസവും പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന സന്ന്യാസിമാര്‍ക്ക് കൂടുതല്‍ ഭക്ഷണസാധനങ്ങള്‍ വേണ്ടിയിരുന്നില്ല. എങ്കിലും മാനിലയിലെ ജപ്പാന്‍കാരുടെയിടയില്‍ അദ്ദേഹം പ്രസിദ്ധനായി. ജാപ്പനീസ് ഭാഷയില്‍ ഗോണ്‍സാലോക്കുണ്ടായിരുന്ന പരിജ്ഞാനം ഒരു പരിധിവരെ അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ ഒരുക്കവും അവിടെ തുടങ്ങിയിരുന്നു.
അധികം താമസിയാതെ, മാനിലയിലെ ഫ്രാന്‍സിസ്‌കന്‍സ് ജപ്പാനില്‍ ഒരു മിഷന്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചന തുടങ്ങി. അങ്ങനെ, ജപ്പാനിലേക്കു പുറപ്പെടാനുള്ള സംഘത്തില്‍ ഗൊണ്‍സാലോയും അംഗമായി. ഫാ. പെഡ്രോ ബാപിസ്റ്റായുടെ നേതൃത്വത്തില്‍ ആ സംഘം 1592-ല്‍ ജപ്പാനിലേക്കു തിരിച്ചു. പെട്ടെന്ന് ഗൊണ്‍സാലോ ജപ്പാനിലെ പ്രധാന കോണ്‍ട്രാക്റ്റര്‍ ആയി മാറുകയാണ്! ഫ്രാന്‍സിസ്‌കന്‍സിനുവേണ്ടി പള്ളികളും ആശ്രമങ്ങളും ആശുപത്രികളും ഒന്നടങ്കം പടുത്തുയര്‍ത്തുന്ന സമര്‍ത്ഥനായ കോണ്‍ട്രാക്റ്റര്‍.
1587-ല്‍ അപ്രതീക്ഷിതമായി ജപ്പാനില്‍ പൊട്ടിപ്പുറപ്പെട്ട മതപീഡനം പത്തുവര്‍ഷത്തിനുശേഷം രൂക്ഷമായി. അങ്ങനെ ഗൊണ്‍ സാലോയും മറ്റ് അഞ്ചു ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിമാരും മൂന്ന് ഈശോസഭാവൈദികരും 17 ജാപ്പനീസ് അല്‍മായരും നാഗസാക്കിയില്‍ ഒരു കുന്നിന്റെ മുകളില്‍വച്ച് 1597 ഫെബ്രുവരി 5-ന് ക്രൂരമായി വധിക്കപ്പെട്ടു.
കുന്നിന്‍മുകളില്‍ 26 കുരിശുകള്‍ നിരനിരയായി നാട്ടിനിറുത്തിയിരുന്നു. പിടിക്കപ്പെട്ട 26 വിശ്വാസികളെയും പരസ്യമായി വധിക്കാനുള്ള സമയമായി 26 പേരെയും നിരനിരയായി കുരിശില്‍ ബന്ധിച്ചുനിര്‍ത്തി. ജാപ്പനീസ് ആചാരമനുസരിച്ച് നാല് കൊലയാളികള്‍ കുന്തവുമായി രംഗത്തെത്തി, രാകി മൂര്‍ച്ചവരുത്താന്‍ തുടങ്ങി. ഈ ഭീകരമായ ദൃശ്യം കണ്ടുനിന്ന വിശ്വാസികള്‍ ഉച്ചത്തില്‍ നിലവിളിച്ചു: "ജീസസ്…മേരീ…" ആകാശം കിടിലം കൊള്ളത്തക്ക സ്വരത്തില്‍ അവരുടെ ദീനരോദനം ഉയര്‍ന്നു. കൊലയാളികള്‍, 26 വിശ്വാസികളെ ഓരോരുത്തരെയായി കുന്തംകൊണ്ടു കുത്തി കൊലപ്പെടുത്തി.
ഗൊണ്‍സാലോയെയും മറ്റു 25 പേരെയും 1627 സെപ്തംബര്‍ 14-ാം തീയതി പോപ്പ് അര്‍ബന്‍ VIII വാഴ്ത്തപ്പെട്ടവരായും, പോപ്പ് പയസ് IX 1862 ജൂണ്‍ 8-ന് വിശുദ്ധരായും പ്രഖ്യാപിച്ചു.