വിശുദ്ധ ഗോഡ് ഫ്രെ (1066-1115) : നവംബര്‍ 8

വിശുദ്ധ ഗോഡ് ഫ്രെ (1066-1115) : നവംബര്‍ 8
ഫ്രാന്‍സില്‍, സോയിസോണിനു സമീപം ഒരു കുലീന കുടുംബത്തിലാണ് ഗോഡ് ഫ്രെ ജനിച്ചത്. അമ്മയുടെ മരണശേഷം പിതാവ് അഞ്ചുവയസ്സുള്ള മകനെ ദൈവത്തിനു സമര്‍പ്പിച്ചു. അവന്റെ ജ്ഞാനസ്‌നാന പിതാവായിരുന്ന ആബട്ട് ഗോഡ് ഫ്രെയുടെ സംരക്ഷണത്തില്‍ ആശ്രമത്തില്‍ത്തന്നെ വാസവും തുടങ്ങി.

യുവാവായപ്പോള്‍, രാത്രിയും പകലും, മിക്ക സമയവും അവന്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. 25-ാമത്തെ വയസില്‍ പൗരോഹിത്യം സ്വീകരിച്ചു. താമസിയാതെതന്നെ, നശിച്ചുകൊണ്ടിരുന്ന നോജന്റ് സന്ന്യാസാശ്ര മത്തിന്റെ അധിപനായി നിയമിതനായി. ഗോഡ് ഫ്രെ ആ ആശ്രമം പുതുക്കി പണിതു. ആശ്രമം വീണ്ടും പഴയതുപോലെ സജീവമായി.
1103-ല്‍, തന്റെ താല്‍പര്യത്തിനു വിപരീതമായി, ഗോഡ് ഫ്രെ ആമീന്‍സിലെ ബിഷപ്പായി നിയമിതനായി. അനുതാപവസ്ത്രം ധരിച്ച്, നഗ്നപാദനായിട്ടാണ് അദ്ദേഹം നഗരത്തില്‍ പ്രവേശിച്ചത്. മെത്രാസന മന്ദിരത്തില്‍ ഒരു സന്ന്യാസിയെപ്പോലെ തന്നെ അദ്ദേഹം ജീവിതം തുടര്‍ന്നു. എളിമയുടെയും ക്ഷമയുടെയും മൂര്‍ത്തീരൂപമായി മാറിയ അദ്ദേഹം പാവങ്ങളുടെ മേല്‍ അനുകമ്പ വര്‍ഷിച്ചു. തന്റെ ഭക്ഷണമേശയില്‍ത്തന്നെ ഇരുത്തി പതിമൂന്നു പാവങ്ങള്‍ക്ക് ദിവസവും ഭക്ഷണം നല്‍കി. പതിമ്മൂന്നു പേര്‍ ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും പ്രതിനിധികളായിരുന്നു. കുഷ്ഠരോഗികളുടെ ആശുപത്രി കൂടെക്കൂടെ സന്ദര്‍ശിക്കുകയും അവരെ ശുശ്രൂഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
എന്തോ പ്രധാന കാര്യം ചര്‍ച്ച ചെയ്യാനായി റെയിംസിലെ മെത്രാപ്പോലീത്തയെ സന്ദര്‍ശിക്കാന്‍ പോയ ഗോഡ് ഫ്രെ പെട്ടെന്ന് മാരകമായ രോഗത്തിന് അടിമയായി. അന്ത്യകൂദാശകളെല്ലാം സമാധാനമായി സ്വീകരിച്ച് 1115 നവംബര്‍ 8-ന് സോയിസ്സണിലുള്ള വി. ക്രിസ്പിന്റെ ആശ്രമത്തില്‍ വച്ച് മരണത്തിനു കീഴടങ്ങി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org