വിശുദ്ധ ജറ്റൂലിയസ് (120) : ജൂണ്‍ 10

വിശുദ്ധ ജറ്റൂലിയസ് (120) : ജൂണ്‍ 10
കുരിശില്‍ തറയ്ക്കപ്പെട്ടു മരിക്കേണ്ടിവന്ന ഈശോയെപ്പറ്റി ധ്യാനിക്കുന്നവന് സഹിക്കാന്‍ വയ്യാത്തതായി ഈ ലോകത്തില്‍ എന്തുണ്ട്?
-വി. റഫേലാ മേരി പൊറാസ്‌

വി. സിമ്പോറോസയുടെ ഭര്‍ത്താവാണ് ജറ്റൂലിയസ്. ട്രാജന്റെയും ഹാഡ്രിയാന്റെയും ഭരണകാലത്ത് ജറ്റൂലിയസ് റോമന്‍ സൈന്യാധിപനായിരുന്നു. എന്നാല്‍, ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതോടെ അദ്ദേഹം ജോലി രാജിവച്ച് ഇറ്റലിയില്‍തന്നെയുള്ള തിവോളിയിലെ സബൈന്‍ ഹില്‍സ് എന്ന തന്റെ എസ്റ്റേറ്റില്‍ അദ്ദേഹം താമസം തുടങ്ങി.

ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാത്ത ഏകാന്തവാസമായിരുന്നു അത്. കൂട്ടിന് ഏതാനും ക്രിസ്തീയ വിശ്വാസികളും ഉണ്ടായിരുന്നു. അവരെ പഠിപ്പിച്ചും സഹായിച്ചും കഴിഞ്ഞുകൂടി. ഒരു ദിവസം, പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം സെറീലിസ അവിടെയെത്തി. ജറ്റൂലിയസിനെ അറസ്റ്റുചെയ്തുകൊണ്ടുപോകാനായിരുന്നു. പക്ഷേ, കുറെനേരം അദ്ദേഹവുമായി സംസാരിച്ചിരുന്ന സെറീലിയസും ക്രിസ്തീയ വിശ്വാസം സ്വീകരിക്കാന്‍ തയ്യാറായി. ഈ സമയത്ത്, റോമന്‍ സൈന്യത്തിലുണ്ടായിരുന്ന ജറ്റൂലിയസിന്റെ സഹോദരന്‍ അമാന്തിയൂസും വിശ്വാസിയായെന്ന വാര്‍ത്തയും പരന്നു.

ചക്രവര്‍ത്തി, കണ്‍സൂള്‍ ലിസിനിയസിനെ അയച്ച് മൂന്നുപേരെയും അറസ്റ്റുചെയ്ത് തടവിലിട്ടു. വിശ്വാസം ഉപേക്ഷിക്കുന്നില്ലെങ്കില്‍ മൂന്നുപേരെയും പീഡിപ്പിച്ച് വധിക്കാനായിരുന്നു വിധി. 27 ദിവസം അവരെ തടവില്‍ പാര്‍പ്പിച്ച് പലവിധത്തില്‍ പീഡിപ്പിച്ചെങ്കിലും വിശ്വാസം ത്യജിക്കാന്‍ അവര്‍ തയ്യാറായില്ല. അവരെ ശിരഛേദം ചെയ്‌തോ തീയില്‍ ദഹിപ്പിച്ചോ വധിക്കുകയായിരുന്നു. പ്രിമിത്തിവൂസ് എന്ന നാലാമതൊരു വിശ്വാസിയും അവരോടൊപ്പം വധിക്കപ്പെട്ടു.

ഈ നാലു വിശുദ്ധരുടെയും ഭൗതികാവശിഷ്ടങ്ങള്‍ വി. സിമ്പോറോസയുടെ കബറിടത്തിനു സമീപം അടക്കം ചെയ്തിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org