വിശുദ്ധ ഗാള്‍ഡിനൂസ്  (c 1096-1176) : ഏപ്രില്‍ 18

വിശുദ്ധ ഗാള്‍ഡിനൂസ്  (c 1096-1176) : ഏപ്രില്‍ 18

ഇറ്റലിയിലെ മിലാന്‍ രൂപതയുടെ മുഖ്യ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരില്‍ മുഖ്യസ്ഥാനം വി. ഗാര്‍ഡിനൂസിനുണ്ട്. വി. അംബ്രോസിനും വി. ചാള്‍സ് ബൊറോമിയോയ്ക്കുമൊപ്പം വി. ഗാള്‍ഡിനൂസിനെയും അവര്‍ അനുസ്മരിക്കുന്നു. എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന അദ്ദേഹം മിലാന്റെ രണ്ട് ആര്‍ച്ചുബിഷപ്പുമാരുടെ കീഴില്‍ ചാന്‍സിലറും ആര്‍ച്ചുഡീക്കനുമായിരുന്നു.

1150-ല്‍ പോപ്പ് അലക്‌സാണ്ടര്‍ III അധികാരത്തില്‍ വന്നു. പക്ഷേ, അതില്‍ അതൃപ്തരായ ഏതാനും കര്‍ദ്ദിനാളന്മാര്‍ ചേര്‍ന്ന് ഒരു വിമതപോപ്പിനെ തിരഞ്ഞെടുത്തു. ചക്രവര്‍ത്തി ഫ്രഡറിക് ബാര്‍ബറോസയെ തൃപ്തിപ്പെടുത്താനായിരുന്നു അത്. കാരണം, മിലാനില്‍ ജനങ്ങള്‍ തന്നെ തങ്ങളുടെ മജിസ്‌ട്രേറ്റുമാരെ തിരഞ്ഞെടുത്തതില്‍ ചക്രവര്‍ത്തി അസംതൃപ്തനായിരുന്നു. പോപ്പ് അലക്‌സാണ്ടര്‍ III നെ ജനങ്ങള്‍ അംഗീകരിക്കുക കൂടി ചെയ്തതോടെ ചക്രവര്‍ത്തിയുടെ രോഷം ആളിക്കത്തി. ആര്‍ച്ചുബിഷപ്പ് ഹ്യൂബര്‍ട്ടും ആര്‍ച്ചുഡീക്കന്‍ ഗാള്‍ഡിനൂസും തടവിലാക്കപ്പെട്ടു. ചക്രവര്‍ത്തി മിലാന്‍സിറ്റിയുടെ പൂര്‍ണ അധികാരം പിടിച്ചെടുത്തു.

1166-ല്‍ ആര്‍ച്ചുബിഷപ്പ് ഹ്യൂബര്‍ട്ട് ചരമമടഞ്ഞു. താല്പര്യമില്ലാതിരുന്നിട്ടും ഗാള്‍ഡിനൂസിന് അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. ലൊമ്പാര്‍ഡിയുടെ അധിക അധികാരംകൂടി പോപ്പ് അലക്‌സാണ്ടര്‍ ഗാള്‍ഡിനൂസിനെ ഏല്‍പ്പിച്ചു. ദരിദ്രരോട് പ്രത്യേകം അനുകമ്പയുണ്ടായിരുന്ന ഗാള്‍ഡിനൂസ് അവരുടെ പുനരധിവാസത്തില്‍ കൂടുതല്‍ ദത്തശ്രദ്ധനായി. മിലാന്റെ സംസ്ഥാനങ്ങളുടെ ഏകീകരണത്തിനും പുനര്‍നിര്‍മ്മാണത്തിനുമുള്ള ഒരു സാഹചര്യം ഉണ്ടായപ്പോള്‍ സര്‍വ്വശക്തിയും സംഭരിച്ച് ഗാള്‍ഡിനൂസ് അവരെ സഹായിക്കാന്‍ രംഗത്തിറങ്ങി.

പുരോഹിതരുടെ കുത്തഴിഞ്ഞ ജീവിതം കണ്ട് മനസ്സുരുകി, അവരുടെ ഐക്യത്തിനും വിശുദ്ധിക്കും വേണ്ടി ഗാള്‍ഡിനൂസ് പ്രസംഗിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ വൃദ്ധനും ക്ഷീണിതനുമായ അദ്ദേഹം വി. ബലി അര്‍പ്പിക്കാന്‍പോലും അശക്തനായിരുന്നെങ്കിലും സര്‍വ്വശക്തിയും സംഭരിച്ച് ബലിയര്‍പ്പിക്കാനൊരുങ്ങി. ദിവ്യബലിമദ്ധ്യേ, എല്ലാ അനീതികള്‍ക്കും അബദ്ധസിദ്ധാന്തങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച അദ്ദേഹം ദിവ്യബലി അവസാനിക്കാറായപ്പോള്‍ കുഴഞ്ഞുവീണു മരണമടഞ്ഞു.

പോപ്പ് അലക്‌സാണ്ടര്‍ III തന്നെ ഗാള്‍ഡിനൂസിനെ വിശുദ്ധനെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

ദൈവത്തില്‍നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്മേലുള്ള വിജയം ഇതാണ്-നമ്മുടെ വിശ്വാസം.
1 യോഹ. 5:4

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org