വിശുദ്ധ ഫ്രെഡറിക്ക്  (838) : ജൂലൈ 18

വിശുദ്ധ ഫ്രെഡറിക്ക്  (838) : ജൂലൈ 18
Published on

ഹോളണ്ടില്‍ ജനിച്ച ഫ്രെഡറിക്ക് ചെറുപ്പത്തില്‍ത്തന്നെ ഭക്തിമാര്‍ഗ്ഗത്തിലേക്കു നയിക്കപ്പെട്ടു.

പൗരോഹിത്യസ്വീകരണത്തിനുശേഷം, പുതുതായി വിശ്വാസം സ്വീകരിച്ചവര്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു ബിഷപ്പ് റിക്ഫ്രീഡ് ഫ്രെഡറിക്കിനെ ഏല്പിച്ച ഉത്തരവാദിത്വം. 825-ല്‍ ബിഷപ്പ് റിക്ഫ്രീഡിനുശേഷം യൂട്രെക്ട് രൂപതയുടെ ബിഷപ്പായി നിയമിതനായി.

ദൈവത്തില്‍നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. നമ്മുടെ വിശ്വാസം, ലോകത്തിനുമേലുള്ള നമ്മുടെ വിജയമാണ്.
1 യോഹ. 5:4

രൂപതയിലെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കൃത്യമായ ഒരു ക്രമമുണ്ടാക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. വി. ഒഡുള്‍ഫിനേയും ഉത്സാഹികളായ സുഹൃത്തുക്കളെയും കൂട്ടി, ഹോളണ്ടിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ പ്രചരിച്ചിരുന്ന പേഗനിസത്തെ ചെറുക്കാന്‍ അങ്ങോട്ട് അയച്ചു.

രാജാവിന്റെ മക്കളും ബന്ധുക്കളും ഉള്‍പ്പെട്ട പല പ്രശ്‌നങ്ങളില്‍ ഫ്രെഡറിക്കിന് ഇടപെടേണ്ടിവന്നു.

രാജ്ഞിയുമായി അത്ര സ്‌നേഹത്തിലായിരുന്നില്ല. എങ്കിലും, സാന്മാര്‍ഗ്ഗിക ജീവിതം നയിക്കാന്‍ ഫ്രെഡറിക്ക് അവരെ നിരന്തരം, സ്‌നേഹപൂര്‍വ്വം ഉപദേശിച്ചുകൊണ്ടിരുന്നു.

വാള്‍ച്ചെറന്‍ എന്ന പ്രദേശത്തെ ആള്‍ക്കാരെല്ലാം ക്രൂരന്മാരായിരുന്നു. സുവിശേഷങ്ങള്‍ ശ്രവിക്കാനോ അതനുസരിച്ച് ജീവിക്കാനോ അവര്‍ തയ്യാറായില്ല. അതുകൊണ്ട്, അവരെ പഠിപ്പിക്കുക എന്ന ജോലി ഫ്രെഡറിക്ക് ഏറ്റെടുത്തു.

പക്ഷേ, 838 ജൂലൈ 18-ാം തീയതി രാവിലെ ദിവ്യബലി അര്‍പ്പിച്ചശേഷം മുട്ടുകുത്തിനിന്ന് ഉപകാരസ്മരണ നടത്തിക്കൊണ്ടിരുന്ന ഫ്രെഡറിക്കിനെ രണ്ടുപേര്‍ വന്ന് കുത്തിക്കൊന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org