വിശുദ്ധ ഫ്രാന്‍സീസ് സൊളാനോ  (1549-1610) : ജൂലൈ 24

വിശുദ്ധ ഫ്രാന്‍സീസ് സൊളാനോ  (1549-1610) : ജൂലൈ 24
Published on

സ്‌പെയിനില്‍ 1549 മാര്‍ച്ച് 10-ന് ഫ്രാന്‍സീസ് സൊളാനോ ജനിച്ചു. സ്‌പെയിനില്‍ മൊന്റില്ല ടൗണിന്റെ മേയറും സുപ്രീംകോടതിയുടെ തലവനുമായിരുന്നു അച്ഛന്‍. അമ്മയും അച്ഛനും ഭക്തരും സദ്ഗുണസമ്പന്നരു മായിരുന്നു. ഒരു ജസ്യൂട്ട് സ്ഥാപനത്തില്‍ വിദ്യാഭ്യാസം ചെയ്ത ഫ്രാന്‍സീസ് ഇരുപതാമത്തെ വയസ്സില്‍ ആശ്രമത്തില്‍ ചേര്‍ന്നു. ഇരുപത്തേഴാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു. രോഗികളോടും പാപികളോടുമുള്ള അദ്ദേഹത്തിന്റെ അതിരുകളില്ലാത്ത പക്ഷപാതം വ്യക്തമായത്, സ്‌പെയിനില്‍ രൂക്ഷമായ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോഴാണ്. രോഗികളെ ശുശ്രൂഷിച്ചുകൊണ്ട് രാപകലില്ലാതെ ഫ്രാന്‍സീസ് ഓടിനടന്നു.

1589-ല്‍ സൗത്ത് അമേരിക്കയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്താന്‍ വേണ്ടിയുള്ള യാത്രയില്‍ പനാമയുടെ തെക്കുഭാഗത്തുവച്ച് കപ്പല്‍ അപകടത്തില്‍പെട്ടു. എങ്കിലും അടുത്ത 20 വര്‍ഷം മിഷണറി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. പെറു, അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങ ളിലായിരുന്നു പ്രധാന പ്രവര്‍ത്തനങ്ങള്‍.

സ്വന്തം കാര്യങ്ങള്‍ വെടിഞ്ഞ്, അപകടവും ക്ഷീണവും വകവയ്ക്കാതെ, അറിയപ്പെടാത്ത പ്രദേശങ്ങളിലൂടെയുള്ള സുദീര്‍ഘമായ യാത്രകള്‍.

ക്രിസ്തുവിനെ ലോകം അറിയുകയും സ്‌നേഹിക്കുകയും ചെയ്യണമെന്നുള്ള ആഗ്രഹം, വിശ്വാസവും ഭക്തിയും പ്രാര്‍ത്ഥനയും നിറഞ്ഞുനിന്ന സമ്പൂര്‍ണമായ ഒരു ജീവിതത്തിലൂടെ ഫ്രാന്‍സീസ് വ്യക്തമാക്കി.

വന്‍കാര്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തെ ബഹുമാനിക്കുന്നതില്‍ അര്‍ത്ഥമില്ല; ഉറച്ച ആത്മവിശ്വാസമാണ്, ബോധ്യമാണ് അദ്ദേഹത്തിനു നല്‍കാവുന്ന ഏറ്റവും വലിയ ബഹുമാനം.
വി. ക്ലോഡ്‌

മിഷണറിപ്രവര്‍ത്തനങ്ങള്‍ ഫലമണിയുവാന്‍ താന്‍ പ്രവര്‍ത്തിച്ച ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ മാതൃഭാഷകള്‍, അതിവേഗം വശമാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ജനങ്ങളുടെ ശ്രദ്ധയും വിശ്വാസവും പിടിച്ചടക്കാന്‍ തന്റെ വയലിനും അദ്ദേഹം ഉപയോഗപ്പെടുത്തി. രോഗീശുശ്രൂഷയില്‍ ഡോക്ടര്‍മാരുടെ സഹകരണവും അദ്ദേഹം നേടിയെടുത്തു.

എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ രചനകളൊന്നും അവശേഷിക്കുന്നില്ല. ധാരാളം എഴുതുകയും സംഗീതശില്പങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തിരുന്നു അദ്ദേഹം. പ്രത്യേകിച്ച് ഭക്തിഗാനങ്ങളും കരോള്‍ ഗാനങ്ങളും നൃത്തശില്പങ്ങളുമൊക്കെ അദ്ദേഹം രചിച്ച് സംവിധാനം ചെയ്തിരുന്നു.

അവയെല്ലാം സമാഹരിച്ച് റോമിന് അയച്ചിരുന്നു, വിശുദ്ധനെന്നു നാമകരണം ചെയ്യുവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍. പക്ഷേ, പിന്നീട് അവയെപ്പറ്റി യാതൊരു വിവരവുമില്ല.

1610 ജൂലൈ 14-ന് ഫ്രാന്‍സീസ് അന്തരിച്ചു.

പോപ്പ് ക്ലമന്റ് X 1675-ല്‍ അദ്ദേഹത്തെ ദൈവദാസനാക്കി. പോപ്പ് ബനഡിക്ട് XIII 1726-ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. വി. ഫ്രാന്‍സീസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ലിമായിലെ ഫ്രാന്‍സിസ്‌കന്‍ ദൈവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിലാണ് അവ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org