
ഇറ്റലിയിലെ അസ്സീസിയാണ് ഫ്രാന്‍സീസിന്റെ ജന്മസ്ഥലം. സമൃദ്ധിയുടെ മടിത്തട്ടിലാണ് അദ്ദേഹം പിറന്നു വീണത്. ഫ്രാന്‍സീസിന്റെ ജ്ഞാനസ്‌നാനസമയത്ത് അച്ഛന്‍ ബിസിനസ്സ് കാര്യങ്ങള്‍ക്ക് അകലെയായിരുന്നു അമ്മ മകന് ജിയോവാനി എന്നു പേരിട്ടു. പക്ഷേ, അച്ഛന്‍ തിരിച്ചെത്തിയപ്പോള്‍ മകനെ ഫ്രാന്‍സീസ് എന്നു വിളിച്ചു.
കാലത്തിനനുസരിച്ച് കോലംകെട്ടാന്‍ യുവാവായ ഫ്രാന്‍സീസ് തയ്യാറായിരുന്നു. അത്യാവശ്യം പ്രേമവും കൂട്ടുകെട്ടുകളുമായി അടിപൊളി ജീവിതം. പ്രഭുകുമാരനായി വിലസാനുള്ള ശ്രമത്തില്‍ 1202-ല്‍ പെറുഗ്വായുമായുള്ള യുദ്ധത്തില്‍ പങ്കെടുത്തു. അതിനു കിട്ടിയ പ്രതിഫലം ഒരു വര്‍ഷത്തെ ജയില്‍വാസം. ജയില്‍മോചിതനായ ഫ്രാന്‍സീസ് മാരക മായ ഒരു രോഗത്തിനടിമയായി. പക്ഷേ, അത്ഭുതകരമായി രക്ഷപ്പെട്ട അദ്ദേഹം 1205-ല്‍ ഫ്രെഡറിക് രണ്ടാമനെതിരെ അപുലിയായില്‍ പോപ്പിനു വേണ്ടി യുദ്ധം ചെയ്യാനെത്തി. പക്ഷേ, പെട്ടെന്ന് അലൗകികമായ ഒരു സ്വരം ഫ്രാന്‍സീസിനെ തിരികെ അസ്സീസിയിലെത്തിച്ചു. അവിടെ അസാധാരണമായ ഒരു വിളി ഫ്രാന്‍സീസിന്റെ ചെവിയിലെത്തി. യേശുവിന്റെ സൈന്യത്തില്‍ ചേര്‍ന്ന്, മനുഷ്യനെ അനുഗമിക്കുന്നതിനു പകരം രക്ഷകനെ അനുഗമിക്കാനുള്ള ആഹ്വാനമായിരുന്നു അത്. ഫ്രാന്‍സീസിന്റെ പരിവര്‍ത്തനത്തിന്റെ ആരംഭം!
ഏകാന്തതയിലും പ്രാര്‍ത്ഥനയിലും മുഴുകി തന്നെപ്പറ്റിയുള്ള ദൈവത്തിന്റെ പദ്ധതി എന്താണെന്നറിയുവാനുള്ള അന്വേഷണം ആരംഭിച്ചു. ദരിദ്രരോടും രോഗികളോടും അദ്ദേഹത്തിനുണ്ടായിരുന്ന അനുകമ്പ വര്‍ദ്ധിച്ചുവന്നു. കുഷ്ഠരോഗിയെ സഹായിക്കാനായി ഒരിക്കല്‍ തന്റെ കുതിരയെപ്പോലും അദ്ദേഹം വിറ്റു. എന്നിട്ട് കുഷ്ഠം ബാധിച്ച് അംഗഭംഗം വന്ന രോഗിയെ ആഹ്ലാദത്തോടെ ആശ്ലേഷിച്ചു. പെട്ടെന്നൊരു ദിവസം ഫ്രാന്‍സീസിനു കുരിശില്‍ നിന്നു കിട്ടിയ ആജ്ഞ. വി. ഡാമിയാനൊ ദൈവാലയം മറിഞ്ഞു വീഴുന്നതിനുമുമ്പ് അറ്റകുറ്റപ്പണികള്‍ നടത്താനാണ്. ഫ്രാന്‍സീസ് ആ ഉത്തരവാദിത്വം ഏറ്റെടുത്തു പണം തികയാതെ വന്നപ്പോള്‍ അച്ഛന്റെ പട്ടുവസ്ത്രങ്ങള്‍ കുറെ വിറ്റ് പണം സ്വന്തമാക്കുകയും ചെയ്തു. മകന്‍ ചെലവഴിച്ച പണം തിരിച്ചുകിട്ടാനായി ഫ്രാന്‍സീസിന്റെ അച്ഛന്‍ ബിഷപ്പിനെ സമീപിച്ചു. പിതൃസ്വത്തൊന്നും തനിക്കിനി ആവശ്യമില്ലെന്നു വിളിച്ചുപറഞ്ഞുകൊണ്ട് ഫ്രാന്‍സീസ് താന്‍ ധരിച്ചിരുന്ന വസ്ത്രം പോലും ഊരി പണത്തോടൊപ്പം അച്ഛനെ തിരിച്ചേല്പിച്ചു. അങ്ങനെ ഒറ്റ ദിവസം കൊണ്ട് ഫ്രാന്‍സീസ് പരിപൂര്‍ണ്ണ ദരിദ്രനായി; തന്റെ യജമാനനുവേണ്ടി.
1208 ഫെബ്രുവരി 24-ന് ദിവ്യബലിയില്‍ സംബന്ധിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെപ്പറ്റിയുള്ള ദൈവത്തിന്റെ പദ്ധതി ഫ്രാന്‍സീസിന്റെ മുമ്പില്‍ തെളിഞ്ഞുവന്നു. മത്തായിയുടെ സുവിശേഷം 10:5-14 വരെയുള്ള വാക്യങ്ങള്‍ – ഈശോ ശിഷ്യന്മാരെ സുവിശേഷവേലയ്ക്കു പറഞ്ഞുവിടുന്നത് – ആയിരുന്നു ആ ദര്‍ശനം. വെറും അത്മായനായ ഫ്രാന്‍സീസ്, രാജാധിരാജന്റെ സന്ദേശവാഹകനാണെന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ട്, തെരുവീഥിയിലൂടെ അലഞ്ഞ് സുവിശേഷ പ്രസംഗങ്ങള്‍ ആത്മാര്‍ത്ഥമായി നടത്തിക്കൊണ്ടിരുന്നു. വെറും സാധാരണ വേഷവും വാക്കുകളിലെ ആത്മാര്‍ത്ഥതയും ജനങ്ങളെ ആകര്‍ഷിച്ചു. ഉന്നതരായ വ്യക്തികള്‍ പോലും ചുറ്റും കൂടി. അങ്ങനെയാണ് 1209 ഏപ്രില്‍ 16-ന് "ഓള്‍ഡര്‍ ഓഫ് ഫ്രയേഴ്‌സ് മൈനര്‍" എന്ന സന്ന്യാസസഭ രൂപം കൊണ്ടത്. സുവിശേഷത്തെ അടിസ്ഥാനമാക്കിമാത്രമുള്ള ജീവിതം – നമ്മുടെ കര്‍ത്താവായ ഈശോയുടെ വാക്കുകള്‍ ശ്രവിച്ചുകൊണ്ട് ആ കാലടികളെ പിന്തുടരുക. മാലാഖമാരുടെ രാജ്ഞിയായ മേരിയായിരുന്നു അവരുടെ ഗൈഡും സംരക്ഷകയും.
സന്ന്യാസിമാരുടെ എണ്ണം 12 ആയപ്പോള്‍ പോപ്പ് ഇന്നസെന്റ് മൂന്നാമനില്‍ നിന്ന് ഫ്രാന്‍സീസ് തന്റെ സന്ന്യാസസഭയ്ക്ക് ഔദ്യോഗിക അംഗീകാരം നേടിയെടുത്തു. ബ്രൗണ്‍ നിറത്തിലുള്ള വസ്ത്രം ധരിച്ച സന്ന്യാസി മാര്‍ ഇറ്റലിയിലും വിദേശത്തും വചനം പ്രസംഗിച്ചുകൊണ്ട് ചുറ്റിനടന്നു. 1219-ല്‍ അവരുടെ എണ്ണം അയ്യായിരം കവിഞ്ഞു. 1221-ല്‍ പോപ്പ് ഹൊണോറിയൂസ് മൂന്നാമനില്‍നിന്ന് പുതിയ സന്യാസിമാര്‍ക്കായി ഒരു വര്‍ഷത്തെ നൊവീഷ്യേറ്റിനുള്ള അനുവാദം ഫ്രാന്‍സീസ് സമ്പാദിച്ചു. 1223-ല്‍ സന്യാസസഭയുടെ നിയമാവലിയുടെ അന്തിമരൂപം സമര്‍പ്പിച്ച് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചതോടെ ഫ്രാന്‍സീസ് ഔദ്യോഗിക സ്ഥാനത്തുനിന്നു വിരമിച്ചു.
1212 ല്‍ ക്ലാരയുടെ സഭാപ്രവേശനത്തോടെയാണ് സ്ത്രീകള്‍ക്കായുള്ള ക്ലാരസഭയുടെ ആരംഭം കുറിച്ചത്. 1221-ല്‍ ബ്രദേഴ്‌സിനായുള്ള മൂന്നാം സഭയും സഹനത്തിന്റെ സഹോദരിമാരുടെ കൂട്ടായ്മയും ആരംഭിച്ചു. ഇവര്‍ സാധാരണ അല്‍മായരായി ഫ്രാന്‍സിസ്‌കന്‍ തത്ത്വങ്ങളനുസരിച്ചു ജീവിച്ചു.
തനിക്ക് അര്‍ഹതയില്ലെന്നു പറഞ്ഞ് ഫ്രാന്‍സീസ് പൗരോഹിത്യം സ്വീകരിച്ചിരുന്നില്ല. ദൈവം മനുഷ്യപുത്രനായി അവതരിച്ച അത്ഭുത സംഭവത്തെപ്പറ്റി നിരന്തരം ധ്യാനിച്ച ഫ്രാന്‍സീസാണ് ക്രിസ്മസ്സ് പുല്‍ക്കൂടിന്റെ ഉപജ്ഞാതാവ്. 1223-ല്‍ ഒരു ഗുഹയിലാണ് ക്രിസ്മസ്സ് സംഭവം മൃഗങ്ങളെയും മറ്റും കൊണ്ട് പുനരവതരിപ്പിച്ചത്. ക്രിസ്തുവിന്റെ പീഡാ നുഭവങ്ങളെയും കുരിശുമരണത്തെയും പറ്റി ധ്യാനിച്ചിരുന്ന ഫ്രാന്‍സീസിന്റെ ശരീരത്തില്‍ പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെട്ടത് 1224-ലാണ്.
പ്രകൃതിയെ ദൈവത്തിന്റെ കണ്ണാടിയായിട്ടാണ് ഫ്രാന്‍സീസ് കണ്ടത്. സര്‍വ്വചരാചരങ്ങളിലും അദ്ദേഹം ദൈവത്തിന്റെ പ്രതിഛായ കണ്ടു. തന്റെ പ്രസിദ്ധമായ "സൂര്യകീര്‍ത്തന"ത്തില്‍ സൂര്യന്‍ തന്റെ സഹോദരനും ചന്ദ്രന്‍ സഹോദരിയും ഭൂമി അമ്മയുമാണ്. മരണാസന്നനായപ്പോള്‍ സഹോദരീ എന്നാണ് അദ്ദേഹം മരണത്തെ സംബോധന ചെയ്തത്.
വിവിധ രോഗങ്ങള്‍ തന്നെ അലട്ടിക്കൊണ്ടിരുന്നപ്പോഴും ഫ്രാന്‍സീസ് ക്ഷമയോടെ പ്രാര്‍ത്ഥിച്ചു: "കര്‍ത്താവേ, എനിക്കു തന്ന എല്ലാ വേദനകള്‍ക്കും നന്ദി." ദാരിദ്ര്യം ഫ്രാന്‍സീസിന്റെ ആദ്ധ്യാത്മികതയുടെ അടിസ്ഥാനമായിരുന്നു. ഭൗതികമായ ദാരിദ്ര്യം മാത്രമായിരുന്നില്ല അതുകൊണ്ട് അര്‍ത്ഥമാക്കിയത്; ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യമാക്കലും അതിന്റെ ഭാഗമായിരുന്നു. എളിമയുടെ പാരമ്യമായിരുന്നു അത്. സ്വന്തം അസ്തിത്വബോധം പോലും മറന്നുള്ള ഒരവസ്ഥ. അതുകൊണ്ടാണ് മരണ സമയത്ത് പൂര്‍ണ്ണനഗ്നനായി മണ്ണില്‍, ഭൂമിയുടെ മാറില്‍. ക്രിസ്തുവിനെപ്പോലെ കിടന്നു സ്വതന്ത്രനായി മരിക്കാനുള്ള അനുവാദം സുപ്പീരിയറോടു ചോദിച്ചത്. അങ്ങനെ 1226 ഒക്‌ടോബര്‍ 3-ന് പോര്‍ട്ടിയുങ്കാളയില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഫ്രാന്‍സീസിന് തന്റെ ജീവിതദൗത്യം വെളിപ്പെട്ടു കിട്ടിയതും സന്യാസസഭയുടെ ആരംഭം കുറിച്ചതും ഇതേസ്ഥലത്തുവച്ചായിരുന്നു.
അസ്സീസിയിലെ സാന്‍ജോര്‍ജിയോ ദൈവാലയത്തിലാണ് ഫ്രാന്‍ സീസിന്റെ മൃതശരീരം സംസ്‌കരിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ നാമത്തില്‍ പടുത്തുയര്‍ത്തിയ ബസിലിക്കയിലേക്ക് 1230 മെയ് 25 ന് ഭൗതികാവശിഷ്ടങ്ങള്‍ മാറ്റി സ്ഥാപിച്ചു.
1228-ല്‍ പോപ്പ് ഗ്രിഗരി കത ഫ്രാന്‍സീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. "ക്രിസ്തുവിന്റെ തനിസ്വരൂപം" എന്നാണ് പോപ്പ് ബനഡിക്ട് തഢ ഫ്രാന്‍സീസിനെ വിശേഷിപ്പിച്ചത്. എല്ലാ കത്തോലിക്കാ പ്രവര്‍ത്തനങ്ങളുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി 1916-ല്‍ അദ്ദേഹത്തെ ഉയര്‍ത്തി. 1926-ല്‍ 'മഹലേൃ രവൃശൗെ'െ – മറ്റൊരു ക്രിസ്തു- എന്നാണ് പോപ്പ് പതിനൊന്നാം പീയൂസ് ഫ്രാന്‍സീസിനെ അഭിസംബോധന ചെയ്തത്. എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ നാലാം വാല്യത്തില്‍ കുറിക്കുന്നു: "ക്രിസ്തുവിനെ, ക്രിസ്തുവിന്റെതന്നെ ശൈലിയില്‍ സമ്പൂര്‍ണ്ണമായി അനുകരിച്ചു ജീവിച്ച മറ്റൊരു വ്യക്തി ഫ്രാന്‍സീസല്ലാതെ ചരിത്രത്തില്‍ മറ്റാരും ഉണ്ടായിട്ടില്ല. ഇക്കാര്യം മറന്ന്, പ്രകൃതിസ്‌നേഹി, സാമൂഹിക പ്രവര്‍ത്തകന്‍, സഞ്ചരിക്കുന്ന വചനപ്രഘോഷകന്‍, ദാരിദ്ര്യപ്രേമി എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് അപൂര്‍ണ്ണവും അര്‍ദ്ധസത്യവുമാണ്."
1939-ല്‍ ഇറ്റലിയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി ഫ്രാന്‍സീസിനെ ഉയര്‍ത്തി.