വിശുദ്ധ ഫ്രാന്‍സിസ് സാലസ്  (1567-1622) : ജനുവരി 24

വിശുദ്ധ ഫ്രാന്‍സിസ് സാലസ്  (1567-1622) : ജനുവരി 24
എഴുത്തുകാരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായാണ് വി. ഫ്രാന്‍സിസ് സാലസ് അറിയപ്പെടുന്നത്. ഫ്രാന്‍സില്‍, ഒരു യാഥാസ്ഥിതിക സമ്പന്ന കുടുംബത്തില്‍ 1567 ആഗസ്റ്റ് 21-ന് ജനിച്ചു. 13 മക്കളില്‍ മൂത്തവനായിരുന്നു ഫ്രാന്‍സീസ്. 25-ാമത്തെ വയസില്‍ പാദുവായില്‍നിന്ന് നിയമത്തില്‍ ഡോക്ടര്‍ ബിരുദം നേടി. അടുത്തവര്‍ഷം, സെനറ്ററാകാനുള്ള അവസരം വേണ്ടെന്നുവച്ച്, പിതാവിന്റെ ശക്തമായ എതിര്‍പ്പു വകവയ്ക്കാതെ, പൗരോഹിത്യം സ്വീകരിക്കാന്‍ തീരുമാനിച്ചു.
അന്നു ജനീവായിലും മറ്റും പ്രൊട്ടസ്റ്റന്റു സ്വാധീനത്തില്‍ പ്രചരിച്ചിരുന്ന തെറ്റായ ആശയങ്ങള്‍ക്കെതിരെ ഫ്രാന്‍സീസ് ശക്തമായി പ്രതികരിച്ചു. സഭയുടെ നിയമങ്ങള്‍, സംവാദങ്ങള്‍ എന്ന തലക്കെട്ടില്‍ ക്രോഡീകരിച്ച് ലഘുലേഖകളാക്കി പ്രചരിപ്പിച്ചുകൊണ്ടിരുന്നു.

ഫ്രാന്‍സീസിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കൂടുതല്‍ ആളുകള്‍ വന്നുതുടങ്ങി. പ്രസംഗത്തേക്കാള്‍ അവരെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ വിനയവും ദയയും ക്ഷമാശീലവും അനുകമ്പയും മറ്റുമായിരുന്നു. അദ്ദേഹം അനായാസം അവതരിപ്പിച്ച വാദമുഖങ്ങള്‍ക്കു ഫലമുണ്ടായി. നാലുവര്‍ഷം, ജീവന്‍ പണയംവച്ച് ചെയ്ത കഠിനാദ്ധ്വാനത്താല്‍ 70,000 വിശ്വാസികളെ തിരികെ സഭയിലെത്തിക്കുന്നതില്‍ വിജയിച്ചു. പൂട്ടിക്കിടന്ന ദൈവാലയങ്ങളെല്ലാം തുറന്നു സജീവമായി.
ഫ്രാന്‍സീസിന്റെ ജീവിതവിശുദ്ധിയും കഠിനാദ്ധ്വാനവും ബോധ്യപ്പെട്ട പോപ്പ് ക്ലമന്റ് VIII അദ്ദേഹത്തെ 1599-ല്‍ സഹായമെത്രാന്‍ സ്ഥാനത്തേക്കുയര്‍ത്തി. അന്നു ഫ്രാന്‍സീസിനു വെറും 32 വയസ്സായിരുന്നു പ്രായം. 1602-ല്‍ ഗ്രാനിയര്‍ ബിഷപ്പ് ദിവംഗതനായപ്പോള്‍ ഫ്രാന്‍സീസ് തല്‍സ്ഥാനം ഏറ്റെടുത്തു. അങ്ങനെ ഇരുപതുവര്‍ഷം ദീര്‍ഘിച്ച സംഭവബഹുലമായ രൂപതാ ഭരണത്തിന് ആരംഭം കുറിച്ചു.
ബിഷപ്പായ ഫ്രാന്‍സീസ് ആര്‍ഭാടം തീര്‍ത്തും ഒഴിവാക്കി. ദരിദ്രരുടെകൂടെ കഴിയാന്‍ തീരുമാനിച്ച അദ്ദേഹം ഭക്ഷണവും വസ്ത്രവും ജീവിതരീതിയും ഏററവും സാധാരണമാക്കി. തീര്‍ത്തും അവഗണിക്കപ്പെട്ടുകിടന്ന ഇടവകകളില്‍പ്പോലും അദ്ദേഹം കഷ്ടപ്പെട്ടു ചെന്നെത്തി സുവിശേഷം പ്രസംഗിക്കുകയും കുമ്പസാരം കേള്‍ക്കുകയും സന്ന്യാസ സഭകളെ കാലത്തിനൊത്തവിധം പരിഷ്‌കരിക്കുകയും ചെയ്തു. യുവാക്ക ളെയും വൃദ്ധരെയും ഒരുപോലെ ആദ്ധ്യാത്മിക കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തക്കവിധം അവതരണശൈലി തന്നെ അതീവലളിതമാക്കി. എല്ലാ വര്‍ഷവും വൈദികരുടെ സിനഡു വിളിച്ചുകൂട്ടി. അവരോട് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു: "കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍, വളരെ കുറച്ചു കാര്യങ്ങളേ അവര്‍ ഓര്‍ത്തിരിക്കൂ. നന്നായി പ്രസംഗിക്കണമെങ്കില്‍, നാം അവരെ നന്നായി സ്‌നേഹിക്കണം."
ഈ തിരക്കിനിടയില്‍ "Introduction to the Devout Life," "Treatise on the Love of God", "Spiritual Conferences" തുടങ്ങിയ ഗൗരവപൂര്‍ണമായ കൃതികളുടെ രചനയും നടന്നുകൊണ്ടിരുന്നു. ഒടുവില്‍ പറഞ്ഞ രണ്ടു കൃതികളും വിസിറ്റേഷന്‍ സിസ്റ്റേഴ്‌സിനു നല്‍കിയ ഉപദേശങ്ങളുടെ സമാഹാരമാണ്. (1610-ല്‍ ഫ്രാന്‍സീസ് വി. ജയിന്‍ ഫ്രാന്‍സീസുമൊത്തു സ്ഥാപിച്ച സഭയാണ് വിസിറ്റേഷന്‍ സിസ്റ്റേഴ്‌സ്). ആദ്യത്തേത് സാധാരണക്കാരായ അത്മായര്‍ക്കുവേണ്ടി രചിച്ചതാണ്. ഈ പുസ്തകങ്ങള്‍ അന്നത്തെപ്പോലെ ഇന്നും വായിക്കപ്പെടുന്നു.
1622 ഡിസംബര്‍ 28-ന് ഫ്രാന്‍സിസ് ചരമമടഞ്ഞു. പോപ്പ് അലക്‌സാണ്ടര്‍ VII 1622 ജനുവരി 7-ന് ഫ്രാന്‍സീസിനെ ദൈവദാസനാക്കുകയും 1665-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. 1877 നവംബര്‍ 16-ന് പോപ്പ് പയസ് IX വി. ഫ്രാന്‍സീസ് സാലസിനെ വേദപാരംഗതനായി ഉയര്‍ത്തി. 1923 ജനുവരി 26-ന് അദ്ദേഹത്തെ എല്ലാ എഴുത്തുകാരുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി പതിനൊന്നാം പീയൂസ് മാര്‍പാപ്പ പ്രഖ്യാപിക്കുകയും ചെയ്തു.

സ്‌നേഹത്തിന്റെ അടിസ്ഥാനം വിനയമാണ്. സ്വയം ചെറുതാകാതെ, മറ്റുള്ളവരുടെ വലുപ്പം കാണാന്‍ നമുക്കാവില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org