
വലെന്‍സിയായില്‍ ഗാണ്ടിയായുടെ മൂന്നാമത്തെ ഡ്യൂക്കായിരുന്ന ജൂവാന്‍ ബോര്‍ജിയയുടെ മൂത്തമകനായി ഫ്രാന്‍സീസ് ബോര്‍ജിയ ജനിച്ചു. പതിനെട്ടാമത്തെ വയസ്സില്‍ ചാള്‍സ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ രാജസദസ്സില്‍ അംഗമായ ഫ്രാന്‍സീസിന്റെ മുമ്പില്‍ ശോഭനമായ ഒരു രാഷ്ട്രീയഭാവിയുണ്ടായിരുന്നു. രാജ്ഞിയുടെ ഉറ്റസുഹൃത്തായ എലീനര്‍ ദി കാസ്ട്രണ്‍ എന്ന ഭക്തയും സുശീലയുമായ യുവതിയെയാണ് ഫ്രാന്‍സീസ് വിവാഹം ചെയ്തത്. രാജകുടുംബത്തിന്റെ ആഭ്യന്തര കാര്യങ്ങളുടെയെല്ലാം ചുക്കാന്‍ പിടിച്ചത് ഈ യുവദമ്പതികളായിരുന്നു. അങ്ങനെ പത്തുവര്‍ഷം രാജകുടുംബവുമൊത്ത് അവര്‍ കഴിച്ചുകൂട്ടി.
1539 ജൂണ്‍ 26-ന് ഊര്‍ജ്ജസ്വലനായ ഫ്രാന്‍സീസിനെ കാററലോണിയായുടെ ലഫ്റ്റനന്റ് ജനറലും വൈസ്രോയിയുമായി ചക്രവര്‍ത്തി നിയമിച്ചു. താന്‍ നല്ലൊരു സംഘാടകനും ഭരണകര്‍ത്താവുമാണെന്ന് നാലുവര്‍ഷത്തെ ഭരണം കൊണ്ട് അദ്ദേഹം തെളിയിച്ചു. അഴിമതികള്‍ അവസാനിപ്പിച്ചു; ജനങ്ങള്‍ക്കു നീതി ലഭിക്കുമെന്ന് ഉറപ്പാക്കി, ക്ഷാമകാലത്ത് കഷ്ടപ്പെടുന്ന ദരിദ്രരുടെ സംരക്ഷണത്തിനുവേണ്ട ഒരുക്കങ്ങളും അദ്ദേഹം ചെയ്തുവച്ചിരുന്നു. എല്ലാ ഞായറാഴ്ചയും വി. ബലിയില്‍ സം ബന്ധിക്കുകയും വി. കുര്‍ബാന ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഫ്രാന്‍സീസ് അന്നൊരു ഒറ്റപ്പെട്ട മാതൃകയായിരുന്നു. 1542 ഡിസംബര്‍ 17 പിതാവ് മരിക്കുകയും ഫ്രാന്‍സീസ് ഗാണ്ടിയായുടെ ഡ്യൂക്കായി സ്ഥാനമേല്‍ക്കുകയും ചെയ്തു.
1546-ല്‍ പ്രിയ ഭാര്യ മരിച്ചു. അങ്ങനെ അഞ്ചുമക്കളുടെ സംരക്ഷണം ഫ്രാന്‍സീസിന്റെ കൈകളിലായി. എങ്കിലും ഒരു ജസ്യൂട്ടാകാനുള്ള തന്റെ രഹസ്യാഭിലാഷം അദ്ദേഹം വളര്‍ത്തിക്കൊണ്ടു വന്നു. രഹസ്യമായി ദൈവശാസ്ത്രപഠനവും ലത്തീന്‍ പഠനവും നടത്തിക്കൊണ്ടിരുന്നു. 1550 ആഗസ്റ്റ് 20ന് ഡോക്ടറേറ്റ് നേടി. അപ്പോഴേക്കും മൂത്തമകന്‍ പ്രായപൂര്‍ത്തിയെത്തുകയും മകള്‍ വിവാഹിതയാവുകയും ചെയ്തിരുന്നു. തന്റെ പ്രഭുസ്ഥാനം മകനു കൈമാറാന്‍ ചക്രവര്‍ത്തി അനുവദിച്ചു. അങ്ങനെ 1551 ഫെബ്രുവരി 4-ന് ഫ്രാന്‍സീസ് പൗരോഹിത്യം സ്വീകരിച്ചു. ലയോളയിലുള്ള ഇഗ്നേഷ്യന്‍ കുടുംബകൊട്ടാരത്തിലെ ഓറട്ടറിയില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.
ജസ്യൂട്ട് വൈദികവൃത്തിയില്‍ ഫ്രാന്‍സീസ് സജീവമായി. വി. ഇഗ്നേഷ്യസ് ലയോള അദ്ദേഹത്തെ മിഷന്‍പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചുതുടങ്ങി. 1554 ഏപ്രില്‍ 11 ന് സ്‌പെയിന്‍, പോര്‍ട്ടുഗല്‍, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളുടെ കമ്മീസറി ജനറലായി നിയമിച്ചു. അടുത്ത ഏഴുവര്‍ഷം നിരന്തരയാത്രകള്‍ വേണ്ടിവന്നു. അങ്ങനെ, ഈശോസഭയ്ക്കുവേണ്ടി വിവിധ സ്ഥലങ്ങളില്‍ അനേകം കോളേജുകള്‍ സ്ഥാപിക്കുകയും ഇരുപതു നൊവീഷ്യേറ്റുകള്‍ ആരംഭിക്കുകയും അനേകം പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തു.
1565-ല്‍ ഇഗ്നേഷ്യസ് ലയോളയുടെ പിന്‍ഗാമി ഡിയേഗോ ലെയിനെസ് മരണമടഞ്ഞപ്പോള്‍ വികാരി ജനറലായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഫ്രാന്‍സീസ് അതേ വര്‍ഷം ജൂലൈ 2-ന് ജസ്യൂട്ടിന്റെ മൂന്നാമത്തെ സുപ്പീരിയര്‍ ജനറലായും തിരഞ്ഞെടുക്കപ്പെട്ടു.
നവോത്ഥാന കാലഘട്ടത്തെ ധീരമായി അതിജീവിച്ച പയസ് ഢ എന്ന മഹാനായ ഡൊമിനിക്കന്‍ മാര്‍പാപ്പ, ഫ്രാന്‍സീസിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ്, തന്റെ സമകാലീനരായ വി. ചാള്‍സ് ബൊറോമിയോ, വി. ഫിലിപ്പ് നേരി, വി. പീറ്റര്‍ കനീസിയസ് എന്നിവരോടൊപ്പം സഭാനവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കി.
സുപ്പീരിയര്‍ ജനറല്‍ എന്ന നിലയില്‍ ജസ്യൂട്ട് സഭയെ വളര്‍ത്താനും ശക്തിപ്പെടുത്താനും ഫ്രാന്‍സീസ് കഠിനാധ്വാനം ചെയ്തു. 31 പുതിയ കോളേജുകള്‍ സ്‌പെയിനിലും ഫ്രാന്‍സിലും ബെല്‍ജിയത്തിലും ജര്‍മ്മനിയിലും പോളണ്ടിലുമായി സ്ഥാപിച്ചു. കൂടാതെ, ഫ്‌ളോറിഡ, മെക്‌സിക്കോ, പെറു, ക്രീറ്റ്ദ്വീപ് എന്നിവിടങ്ങളിലെല്ലാം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്തു. ജപ്പാനില്‍ 66 ജസ്യൂട്ട് മിഷനറിമാര്‍ രക്തംകൊണ്ടാണ് തങ്ങളുടെ വിശ്വാസം മുദ്രവച്ചത്.
സഭാപരമായ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും തന്റെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നു. തുര്‍ക്കികള്‍ക്കെതിരെ ലെപ്പാന്റോയില്‍ സഭ നേടിയ വിജയം ആഘോഷിക്കുവാന്‍ സ്‌പെയിന്‍, പോര്‍ട്ടുഗല്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രത്തലവന്മാരുടെ ഒരു സംയുക്ത പ്രകടനം കാഴ്ചവയ്ക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ പോപ്പിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുമ്പോള്‍ 1572 ഒക്‌ടോബര്‍ 10 ന് ഫ്രാന്‍സീസ് ബോര്‍ജിയ ഈ ലോകത്തോടു വിടപറഞ്ഞു.
പോപ്പ് അര്‍ബന്‍ ഢകകക 1624 നവംബര്‍ 24-ന് ഫ്രാന്‍സീസിനെ വാഴ്ത്തപ്പെട്ടവനും, പോപ്പ് ക്ലമന്റ് ത, 1671 ഏപ്രില്‍ 12-ന് വിശുദ്ധനുമായി പ്രഖ്യാപിച്ചു. പോര്‍ട്ടുഗലിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. ഫ്രാന്‍സീസ് ബോര്‍ജിയ.
"മറ്റുള്ളവര്‍ നമ്മെപ്പറ്റി എന്തു വിചാരിക്കുമെന്നു ചിന്തിക്കാതെ ദൈവപ്രീതിമാത്രം ലക്ഷ്യംവച്ച്, നിത്യതയിലേ ക്കുള്ള നമ്മുടെ പ്രയാണം സധൈര്യം തുടര്‍ന്നു കൊണ്ടിരിക്കണം." – വി. ഫ്രാന്‍സീസ് ബോര്‍ജിയ