
റോമില്‍ ജീവിച്ചിരുന്ന വിശുദ്ധനായ ഒരു പുരോഹിതനായിരുന്നു ഫെലിക്‌സ്. പേരുപോലെതന്നെ, തന്റെ വിശുദ്ധ ജീവിതം ആനന്ദകരമായിരുന്നു. ഡയോക്ലീഷന്‍ ചക്രവര്‍ത്തി ക്രൈസ്തവ വിശ്വാസികളെ പീഡിപ്പിക്കാന്‍ തുടങ്ങിയത് അക്കാലത്തായിരുന്നു. ഫെലിക്‌സിനെ ചക്രവര്‍ത്തിയുടെ സൈന്യം കാരാഗൃഹത്തിലടച്ചു പീഡിപ്പിച്ചു. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുകയില്ലെന്നു ബോധ്യമായപ്പോള്‍ ശിരച്ഛേദം ചെയ്തു വധിക്കാനായിരുന്നു കല്പന.
പടയാളികള്‍ ഫെലിക്‌സിന്റെ ശിക്ഷ നടപ്പാക്കാനായി കൊണ്ടുപോകുമ്പോള്‍ വഴിയരികില്‍ നിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു: "യേശുവിനു സ്തുതി! യേശുവിന്റെ നാമം നീണാള്‍ വാഴട്ടെ!" അയാള്‍ ക്രിസ്തുവില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു നല്ല വിശ്വാസിയായിരുന്നു. യേശുവിനെപ്രതി പീഡകള്‍ സഹിക്കുന്നതിലും, ജീവന്‍ വെടിയുന്നതില്‍പോലും അയാള്‍ ആഹ്ലാദം കണ്ടെത്തിയിരുന്നു.
അയാളുടെ പരസ്യപ്രഖ്യാപനം കേട്ട് പടയാളികള്‍ ആ മനുഷ്യനെയും പിടിച്ച് തടവിലിടുകയും ചെയ്തു. ആ മനുഷ്യന്റെ പേര് അറിവില്ലാത്തതുകൊണ്ടാണ് 'അദൗക്തസ്' – കൂടെ കൂട്ടിയവന്‍-എന്നു പരാമര്‍ശിക്കപ്പെട്ടത്. പിന്നീട് അതുതന്നെ അദ്ദേഹത്തിന്റെ പേരായി മാറി.