വിശുദ്ധ ഫെലിക്‌സ് (1127-1212)

നവംബര്‍ 20
വിശുദ്ധ ഫെലിക്‌സ് (1127-1212)

ഫ്രഞ്ചു പ്രൊവിന്‍സായ വാലോയില്‍ ജനിച്ച ഫെലിക്‌സ് യുവാവായിരിക്കുമ്പോള്‍ത്തന്നെ തന്റെ സ്വത്തെല്ലാം ഉപേക്ഷിച്ച് "മോ" എന്ന സ്ഥലത്തിനു സമീപമുള്ള വനത്തില്‍ സന്ന്യാസിയെപ്പോലെ ജീവിതം ആരംഭിച്ചു. അദ്ദേഹത്തിന് 71 വയസുള്ളപ്പോഴാണ് 38 വയസുള്ള വി. ജോണ്‍ മാതാ ഒരു പുതിയ സന്ന്യസസഭ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുകൊണ്ട് ഫെലിക്‌സിനെ സമീപിച്ചത്. സ്‌പെയിനിലും വടക്കെ ആഫ്രിക്കയിലും മുഹമ്മദീയരുടെ അടിമത്ത്വത്തില്‍ കഴിയുന്ന ക്രിസ്ത്യാനികളെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം.

ഒരു ദിവ്യദര്‍ശനത്തെത്തുടര്‍ന്ന് രണ്ടു വിശുദ്ധരുംകൂടി 1198-ല്‍ റോമിനു യാത്ര തിരിച്ചു. അവരുടെ ആവശ്യം പരിഗണിച്ച് പല പ്രാവശ്യം കര്‍ദ്ദിനാളന്മാരും പോപ്പിന്റെ ഉപദേശകരും കോണ്‍ക്ലേവ് കൂടി. അവസാനം പോപ്പ് ഇന്നസെന്റ് III അടിമകളുടെ മോചനത്തിനുവേണ്ടിയുള്ള പരിശുദ്ധ ത്രിത്വത്തിന്റെ സന്ന്യാസസഭ സ്ഥാപിക്കാന്‍ അനുവാദം നല്‍കി.

ഫ്രാന്‍സില്‍ തിരിച്ചെത്തിയ ഫെലിക്‌സിന് ഗംഭീരമായ സ്വീകരണമാണു ലഭിച്ചത്. ഫെലിക്‌സിന്റെ ആശ്രമത്തിന് സമീപം തന്നെ പുതിയ സഭ സ്ഥാപിക്കാന്‍ രാജാവ് ഫിലിപ്പ് അഗസ്റ്റസ് സഹായിക്കുകയും ചെയ്തു. പുതിയ സഭ അതിവേഗം വളര്‍ന്നു. നാല്പതു വര്‍ഷം കൊണ്ട് 600 മൊണാസ്റ്ററികളാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ടത്. ഫെലിക്‌സ് ഫ്രാന്‍സില്‍ത്തന്നെ തുടര്‍ന്നെങ്കിലും സഭയുടെ സഹ സ്ഥാപകനായ ജോണ്‍ മാതാ സ്‌പെയിന്‍, ബാര്‍ബറി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു. ഫെലിക്‌സിനെ വിശുദ്ധനാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഒരിക്കലും ഉണ്ടായിട്ടില്ലെങ്കിലും 1666-ല്‍ പോപ്പ് അലക്‌സാണ്ടര്‍ VII അദ്ദേഹത്തിന്റെ പേരിലുള്ള ആരാധനകള്‍ അംഗീകരിച്ചു.

"നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ട് സന്ദര്‍ശിച്ചത് എപ്പോള്‍? രാജാവു മറുപടി പറയും: എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്."
മത്താ. 25:39-40)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org