ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10
Published on
റോമില്‍ അന്റോണിനസ് ചക്രവര്‍ത്തിയുടെ ഭരണകാലത്തു നടന്ന ഒരു കൂട്ടക്കുരുതിയുടെ കഥയാണിത്. വി. ഫെലിസിറ്റിക്ക് ഏഴ് ആണ്‍മക്കളുണ്ടായിരുന്നു. ഭക്തയായ ഫെലിസിറ്റി ഭര്‍ത്താവിന്റെ മരണശേഷം നിരന്തരം പ്രാര്‍ത്ഥനയിലും പരോപകാര പ്രവൃത്തികളിലും മുഴുകി ജീവിച്ചു.

ഈ വിശുദ്ധയായ സ്ത്രീയുടെയും മക്കളുടെയും മാതൃകാപരമായ ജീവിതത്താല്‍ ആകൃഷ്ടരായ പലരും ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും അവര്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ മറക്കുകയും ചെയ്തു. ഇതുകണ്ട് വിജാതീയരുടെ പുരോഹിതന്മാര്‍ ചക്രവര്‍ത്തിയുടെ പക്കല്‍ ഫെലിസിറ്റിക്കെതിരെ ഇങ്ങനെ പരാതി നല്‍കി: അവര്‍ യാതൊരു കൂസലുമില്ലാതെ പരസ്യമായി ക്രിസ്തുമതാചാരപ്രകാരം ജീവിക്കുന്നു. നമ്മുടെ സാമ്രാജ്യത്തിന്റെ സംരക്ഷകരായ അനശ്വര ദൈവങ്ങളെ വണങ്ങാതെ അവര്‍ അവഗണിക്കുന്നു. ഈ സ്ത്രീയോടും കുട്ടികളോടും ദേവന്മാരെ ആരാധിക്കാന്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ നമ്മുടെ സാമ്രാജ്യത്തിന് ആപത്താണ്.

റോമിന്റെ പ്രീഫെക്ട് പുബ്ലിയൂസ് ആ അമ്മയെയും കുട്ടികളെയും തന്റെ മുമ്പില്‍ വരുത്തിച്ചു. അദ്ദേഹം അമ്മയോടു പറഞ്ഞു: "ഫെലിസിറ്റീ, നിങ്ങളുടെ മക്കളോടു ദയ കാണിക്കുക. അവര്‍ ചെറുപ്പമാണ്. വലിയ സ്ഥാനമാനങ്ങള്‍ അവരെ കാത്തിരിക്കുന്നു." വി. ഫെലിസിറ്റി പ്രതിവചിച്ചു: "നിങ്ങള്‍ കാണിക്കുന്ന അനുകമ്പ ദൈവവിരുദ്ധമാണ്. നിങ്ങളുടെ ഉപദേശം സ്വീകരിച്ചാല്‍ ഞാന്‍ തികച്ചും ക്രൂരയായ ഒരമ്മയായിത്തീരും." എന്നിട്ട് തന്റെ മക്കളുടെ നേരെ തിരിഞ്ഞ് അവര്‍ പറഞ്ഞു: "മക്കളേ, സ്വര്‍ഗത്തിലേക്കു നോക്കുവിന്‍. അവിടെ ഈശോ വിശുദ്ധന്മാരോടൊപ്പം, നിങ്ങളെ കാത്തിരിക്കുന്നു. ഈശോയോടുള്ള സ്‌നേഹത്തില്‍ വിശ്വസ്തരായിരിക്കു വിന്‍. നിങ്ങളുടെ ആത്മാക്കളുടെ രക്ഷയ്ക്കായി ധീരമായി പൊരുതുക."

ഇതുകേട്ട് ക്ഷുഭിതനായ പുബ്ലിയൂസ്, ഫെലിസിറ്റിയെ ക്രൂരമായി പീഡിപ്പിക്കാന്‍ ഉത്തരവിട്ടു. എന്നിട്ട്, അവളുടെ മക്കളെ ഓരോരുത്തരെയായി വിളിപ്പിച്ച് പലതരത്തില്‍ ഉപദേശിച്ചുനോക്കി. വാഗ്ദാനങ്ങള്‍ നല്‍കി, ഭീഷണിപ്പെടുത്തി. പക്ഷേ, എല്ലാം നിഷ്ഫലമായി. ദേവന്മാരെ ആരാധിക്കാന്‍ അവര്‍ തയ്യാറായില്ല. അതുകൊണ്ട് അവരെയും ക്രൂരമായി പീഡിപ്പിക്കാന്‍ ഉത്തരവായി. എന്നിട്ട്, തടവിലിട്ടു. പുബ്ലിയൂസ് ഈ വിവരങ്ങളെല്ലാം ചക്രവര്‍ത്തിയെ അറിയിച്ചു.

ആ അമ്മയെയും മക്കളെയും വിവിധ ജഡ്ജിമാരുടെ അടുക്കലേക്ക് അയയ്ക്കാനും വിവിധ രീതിയില്‍ പീഡിപ്പിച്ച് വധിക്കാനും ചക്രവര്‍ത്തി ഉത്തരവിട്ടു. അങ്ങനെ, മൂത്തമകന്‍ ജനുവാരിയൂസിനെ ഇരുമ്പുചങ്ങലകൊണ്ട് അടിച്ചുകൊന്നു. ഫെലിക്‌സിനെയും ഫിലിപ്പിനെയും ഗദകൊണ്ട് അടിച്ചുകൊന്നു. സില്‍വാനൂസിനെ ഒരു കുന്നിന്റെ മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി. അലക്‌സാണ്ടറും വൈറ്റാലിസും മാര്‍ഷ്യാലിസും ശിരഛേദം ചെയ്യപ്പെട്ടു. നാലുമാസം കഴിഞ്ഞ് അമ്മ ഫെലിസിറ്റിയുടെയും തല അറുത്തുകൊന്നു.

ജീവിതം അതിവേഗം കടന്നുപോകുന്നു. അതുകൊണ്ട് എങ്ങനെ ജീവിക്കണമെന്നല്ല നാം ചിന്തിക്കേണ്ടത്; എങ്ങനെ മരിക്കണമെന്നാണ്.
ആവിലായിലെ വി. തെരേസ

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org