
എവറിസ്റ്റസിനെപ്പറ്റി വളരെ കുറച്ചു കാര്യങ്ങളേ അറിവായിട്ടുള്ളൂ. അഞ്ചാമത്തെ മാര്‍പാപ്പയായിരുന്നു. ബത്‌ലഹത്തുനിന്നു വന്ന് അന്ത്യോക്യയില്‍ വാസമുറപ്പിച്ച ഒരു യഹൂദന്റെ മകനായിരുന്നു എന്നു കരുതുന്നു. ഏതാണ്ട് 100-ാം വര്‍ഷം വി. ക്ലമന്റിനുശേഷം പോപ്പായ എവറിസ്റ്റസ് 107 വരെ ഭരണം നടത്തി.
ആറാം നൂറ്റാണ്ടിലെ 'ബുക്ക് ഓഫ് പോപ്പ്‌സ്' പ്രകാരം എവറിസ്റ്റസാണ് റോമിനെ 25 ഇടവകകളായി തിരിച്ചത്. ഓരോന്നിനും പ്രത്യേക ഭരണസംവിധാനവുമുണ്ടായിരുന്നു. മാര്‍പാപ്പാ വചനം പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിനു ചുറ്റും ഏഴു ഡീക്കന്മാര്‍ ഉണ്ടായിരിക്കണമെന്ന കല്പന പുറപ്പെടുവിച്ചതും അദ്ദേഹമാണ്. ദൈവസ്തുതിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കാന്‍ അതാവശ്യമായിരുന്നത്രെ!
ദൈവാലയ വെഞ്ചരിപ്പിനായുള്ള ഔദ്യോഗിക ആചാരങ്ങള്‍ അദ്ദേഹം പരിഷ്‌കരിച്ചു. അവ അപ്പസ്‌തോലന്മാരുടെ കാലത്ത് ആരംഭിച്ചവയായിരുന്നു. സോളമന്റെ കാലത്തെ യഹൂദ നിയമങ്ങളെ അനുസ്മരിപ്പിക്കുന്നവയുമായിരുന്നു. ഇത്തരം ക്രിസ്ത്യന്‍ ആരാധനക്രമങ്ങളില്‍ വി. കുര്‍ബാന കൂടി ചേര്‍ക്കേണ്ടതുണ്ടായിരുന്നു.
പോപ്പ് എവറിസ്റ്റസിന്റെ കാലത്താണ് ശ്ലീഹന്മാരില്‍ അവസാനത്തെയാള്‍ – സുവിശേഷ കര്‍ത്താവായ വി. യോഹന്നാന്‍ – എഫേസൂസില്‍ മരണമടഞ്ഞത്.