വിശുദ്ധ എഫ്രേം (306-373) : ജൂണ്‍ 9

വിശുദ്ധ എഫ്രേം (306-373) : ജൂണ്‍ 9

മെസപ്പൊട്ടോമിയ (ഇറാക്ക്) യിലെ നിസിബിസ് ആണ് എഫ്രേമിന്റെ ജന്മനാട്. ഒരു പേഗന്‍ പുരോഹിതന്റെ മകനായി ജനിച്ച എഫ്രേമിന് യുവാവായിരുന്നപ്പോള്‍ വീടുവിട്ടു പോകേണ്ടിവന്നു. ക്രിസ്ത്യന്‍ വിശ്വാസികളോട് എഫ്രേമിനുള്ള അനുകമ്പ കണ്ടുപിടിക്കപ്പെട്ടതാണ് കാരണം. നിസിബിസിലെ പ്രമുഖ ബിഷപ്പായിരുന്ന വി. ജയിംസാണ് എഫ്രേമിനു വേണ്ട ആദ്ധ്യാത്മിക ശിക്ഷണം നല്‍കിയത്. ഈജിപ്ഷ്യന്‍ മരുഭൂമിയില്‍ സന്ന്യാസികളോടൊപ്പം എട്ടുവര്‍ഷം അദ്ദേഹം ചെലവഴിച്ചെന്നു കരുതപ്പെടുന്നു. മഹാനായ വി. ബേസില്‍ അദ്ദേഹത്തിനു ഡീക്കന്‍ പദവി നല്‍കി. എങ്കിലും, ക്രമേണ അദ്ദേഹം പൗരോഹിത്യത്തോടു വിടപറഞ്ഞു. പിന്നീട് അദ്ദേഹത്തിനു വച്ചുനീട്ടിയ മെത്രാന്‍പദവിപോലും സ്‌നേഹപൂര്‍വ്വം നിരസിച്ചു.

പേര്‍ഷ്യാക്കാരുമായുള്ള യുദ്ധത്തില്‍ റോമാസാമ്രാജ്യത്തിനു പരാജയം നേരിട്ടു. അങ്ങനെ കിഴക്കന്‍ പ്രദേശങ്ങള്‍ ഒന്നൊന്നായി കൈവിട്ടുപോയി. 363-ല്‍ നിസിബിസ് നഗരവും പേര്‍ഷ്യ തിരിച്ചുപിടിച്ചു. അത് ക്രിസ്ത്യന്‍ കോളനിയ്ക്ക് ഒരു വലിയ തിരിച്ചടിയായി. എല്ലാ പേര്‍ഷ്യന്‍ അധിനിവേശപ്രദേശങ്ങളിലും മതപീഡനം അഴിച്ചുവിട്ടു. അതോടെ വിശ്വാസികള്‍ കൂട്ടത്തോടെ നഗരത്തില്‍നിന്നു പലായനം ചെയ്തു. എഫ്രേമിനും നാടുവിട്ടു പോകേണ്ടിവന്നു. ഒസ്‌റോണിന്റെ തലസ്ഥാനമായ എഡേസ്സായില്‍ അദ്ദേഹം അഭയം തേടി. തന്റെ ജീവിതകാലത്തിന്റെ അവസാനത്തെ പത്തുവര്‍ഷം ഒരു സന്ന്യാസിയെപ്പോലെ കര്‍ശനമായ ആദ്ധ്യാത്മികതയില്‍ അവിടെ കഴിച്ചുകൂട്ടി.

എഡേസ്സാ അന്ന് തെറ്റായ വിശ്വാസങ്ങളുടെ ഒരു വിളനിലമാണ്. പത്തോളം അബദ്ധസിദ്ധാന്തങ്ങള്‍ അവിടെ പ്രചരിച്ചിരുന്നു. എഫ്രേം പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും ധീരമായി അവയെ നേരിട്ടു. നിസിബിസില്‍നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്ക് ആദ്ധ്യാത്മിക നേതൃത്വം നല്‍കാനായി പേര്‍ഷ്യന്‍ ഗുരുക്കന്മാര്‍ അടിസ്ഥാനമിട്ട "പേര്‍ഷ്യന്‍ സ്‌കൂള്‍" എന്ന പ്രസിദ്ധമായ ദൈവശാസ്ത്ര വിദ്യാലയത്തിന്റെ മുഖ്യ സ്ഥാപകരില്‍ ഒരാള്‍ എഫ്രേമായിരുന്നു.

1920-ല്‍ സഭയുടെ വേദപാരംഗതനായി പോപ്പ് ബനഡിക്ട് XV പ്രഖ്യാപിച്ച വി. എഫ്രേം "സിറിയാക്കാരുടെ സൂര്യ"നെന്നും "പരിശുദ്ധാ ത്മാവിന്റെ വീണ"യെന്നുമാണ് അറിയപ്പെടുന്നത്. കാരണം, സിറിയന്‍ സഭയിലെ ഏറ്റവും പ്രസിദ്ധമായ ബൈബിള്‍ വ്യാഖ്യാനങ്ങളുടെ കര്‍ത്താവ് അദ്ദേഹമാണ്, അസംഖ്യം ആരാധനാസ്‌തോത്രങ്ങളുടെ രചയിതാവു കൂടിയാണ്. അന്നു പേര്‍ഷ്യയില്‍ പ്രചരിച്ചിരുന്ന അബദ്ധ സിദ്ധാന്തങ്ങളാണ് അദ്ദേഹത്തെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്. ഏതായാലും സിറിയന്‍സിന്റെയും പേര്‍ഷ്യന്‍സിന്റെയും ഇടയില്‍ വി. എഫ്രേമിനു ലഭിച്ച അംഗീകാരം, അദ്ദേഹത്തിന്റെ മരണശേഷം ഇരുപതുവര്‍ഷം കഴിഞ്ഞ് വി. ജറോം കുറിച്ച വാക്കുകളില്‍നിന്നും വ്യക്തമാണ്.

എഡേസ്സായില്‍ ഡീക്കനായിരുന്ന എഫ്രേം സുറിയാനിയില്‍ അനേകം കൃതികള്‍ രചിച്ചു. അവയെല്ലാം വളരെ പ്രസിദ്ധങ്ങളുമാണ്. ചില പള്ളികളില്‍ ബൈബിള്‍ വായനയ്ക്കുശേഷം അദ്ദേഹത്തിന്റെ രചനകള്‍ പൊതുവായി വായിക്കുന്ന പതിവുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org