വിശുദ്ധ എമിലി വിയാളര്‍ (1797-1856) : ജനുവരി 18

വിശുദ്ധ എമിലി വിയാളര്‍ (1797-1856) : ജനുവരി 18
പാവങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നതിനേക്കാള്‍ വലിയ പ്രാര്‍ത്ഥനയില്ല; അതിനേക്കാള്‍ വലിയ ബലിയില്ല.
എമിലിയുടെ സ്വദേശം ഫ്രാന്‍സാണ്. 1797 സെപ്തംബര്‍ 12-ാം തീയതി ജനിച്ചു. എമിലിക്കു 15 വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. കുടുംബനാഥയുടെ റോള്‍ ഏറ്റെടുത്ത എമിലി പാവങ്ങളുടെയും കുട്ടികളുടെയും സംരക്ഷണം സ്വയം ഏറ്റെടുത്തു. അച്ഛന്‍ ശക്തമായി എതിര്‍ത്തെങ്കിലും എമിലി അതു കാര്യമാക്കിയില്ല.
1832-ല്‍ എമിലിയുടെ വല്യച്ഛന്‍ മരിച്ചപ്പോള്‍ ഒരു വലിയ സ്വത്ത് അവള്‍ക്ക് അവകാശമായി ലഭിച്ചു. അവളുടെ ആദ്ധ്യാത്മികഗുരു ആബെ മെര്‍സിയറുടെ സഹായത്താല്‍ ഗാള്ളിക്കില്‍ ഒരു വലിയ വീട് വാങ്ങി. അവിടെ ആല്‍ബി ആര്‍ച്ചുബിഷപ്പിന്റെ അനുവാദത്തോടെ എമിലി ഒരു പുതിയ സന്യാസസഭയ്ക്ക് Sisters of St. Joseph of Apparition അടിത്തറയിട്ടു.

രോഗികള്‍, ദരിദ്രര്‍, അനാഥരായ കുട്ടികള്‍ എന്നിവരുടെ പ്രശ്‌നങ്ങളിലായിരുന്നു അവരുടെ പ്രഥമശ്രദ്ധ. പതിവുപോലെ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ധാരാളം ഉയര്‍ന്നുവന്നെങ്കിലും ഒന്നും വകവെയ്ക്കാതെ അവര്‍ മുന്നോട്ടുപോയി. ആള്‍ജിയേഴ്‌സ്, ബോണ്‍, കോണ്‍സ്റ്റന്റൈന്‍, ടൂണി, മാള്‍ട്ട, ബാള്‍ക്കന്‍സ് എന്നിവിടങ്ങളിലും ബര്‍മ്മയിലും ഓസ്‌ട്രേലിയയിലും വരെ പുതിയ സ്ഥാപനങ്ങള്‍ മദര്‍ എമിലിയുടെ നേതൃത്വത്തില്‍ പടുത്തുയര്‍ത്തപ്പെട്ടു. ഉചിതവും പക്വവുമായ തീരുമാനങ്ങളെടുക്കാനുള്ള ഇച്ഛാശക്തിയും ഉദ്ദേശ്യശുദ്ധിയും ലക്ഷ്യബോധവും അവരെ ശ്രദ്ധേയരാക്കി. ഏതായാലും എമിലിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ആഫ്രിക്കയുടെയും ഏഷ്യയുടെയും ആസ്‌ട്രേലിയായുടെയും സാംസ്‌കാരികോന്നമനത്തിനായി, അവിടെ ആധിപത്യം ഉറപ്പിച്ച വിദേശികള്‍ ഇത്രയും കാലംകൊണ്ടു ചെയ്തതിനേക്കാള്‍ വലിയ കാര്യങ്ങള്‍ വി. എമിലിയുടെ സ്ഥാപനം കഴിഞ്ഞ നൂറുവര്‍ഷംകൊണ്ടു ചെയ്തിട്ടുണ്ട്.
1856 ആഗസ്റ്റ് 24-ാം തീയതി എമിലി മരണമടഞ്ഞു. 1939 ജൂണ്‍ 18-ാം തീയതി അവര്‍ 'വാഴ്ത്തപ്പെട്ടവള്‍' എന്നു നാമകരണം ചെയ്യപ്പെട്ടു. 1951 ജൂണ്‍ 24-ാം തീയതി വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
പാവങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നതിനേക്കാള്‍ വലിയ പ്രാര്‍ത്ഥനയില്ല; അതിനേക്കാള്‍ വലിയ ബലിയില്ല.

ഈ സാധുക്കള്‍ക്ക് നീ എന്തെങ്കിലും ചെയ്തുകൊടുത്തപ്പോള്‍, അത് എനിക്കാണു നീ ചെയ്തുതന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org