പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

പീറ്റര്‍ മൂന്നാമന്‍ ചക്രവര്‍ത്തിയുടെയും കോണ്‍സ്റ്റന്‍സ് രാജ്ഞിയുടെയും മകളായി എലിസബത്ത് സ്‌പെയിനില്‍ ജനിച്ചു. വലിയ അമ്മായി ഹങ്കറിയിലെ വി. എലിസബത്തിന്റെ പേരിട്ടു വിളിച്ച എലിസബത്ത് കര്‍ശനമായ ഭക്തിയിലും ആത്മസംയമനത്തിലും വളര്‍ന്നുവന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ പോര്‍ട്ടുഗലിലെ രാജാവ് ഡെന്നിസിന്റെ ഭാര്യയായി. കഠിനാദ്ധ്വാനി ആയിരുന്നുവെങ്കിലും രാജാവിന്റെ ജീവിതം വഴിപിഴച്ചതായിരുന്നു.

എങ്കിലും യുവതിയായ രാജ്ഞി നിശ്ശബ്ദമായി പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ദാനധര്‍മ്മങ്ങളിലും മുഴുകി ജീവിച്ചു. അങ്ങനെ നാല്പതാമത്തെ വര്‍ഷം രാജാവ് മാനസാന്തരപ്പെടുകയും ജീവിതം നവീകരിക്ക പ്പെടുകയും ചെയ്തു. പന്ത്രണ്ടുവര്‍ഷം കൂടി കഴിഞ്ഞ് രാജാവ് മരിച്ചു. വിധവയായ രാജ്ഞി ക്ലാരമഠത്തിലെ അന്തേവാസിയായി. ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ ചേര്‍ന്ന്, പാവങ്ങളുടെ സേവനത്തിനായി സ്വയം ഉഴിഞ്ഞുവച്ചു. ഹതഭാഗ്യരും രോഗികളുമായവരോട് എന്നും എലിസബത്തിന് പ്രത്യേകം കരുണയുണ്ടായിരുന്നു.

കൂടാതെ, എലിസബത്ത് എന്നും ഒരു സമാധാനസംസ്ഥാപകയുമായിരുന്നു. 1323-ല്‍ അവരുടെ മകന്‍ അല്‍ഫോന്‍സൊ സ്വന്തം പിതാവിനെതിരെ ആയുധമെടുത്തു. തന്റെ ജാരസന്തതികള്‍ക്ക് രാജാവ് സഹായം ചെയ്തുകൊടുത്തതായിരുന്നു കാരണം. അന്ന് അമ്പത്തി രണ്ടുകാരിയായ രാജ്ഞി ഇടപെട്ട് പ്രശ്‌നം സമാധാനത്തില്‍ ഒത്തുതീര്‍പ്പാക്കി. പതിമൂന്നുവര്‍ഷത്തിനുശേഷം ഇതേ മകന്‍ തന്നെ അല്‍ഫോന്‍സൊ നാലാമന്‍ ചക്രവര്‍ത്തിയായശേഷം മരുമകനെതിരെ സ്വന്തം മകളോട് അപമര്യാദയായി പെരുമാറിയതിനു യുദ്ധം പ്രഖ്യാപിച്ചു. ആപ്രശ്‌നവും സമാധാനപരമായി ഒത്തുതീര്‍പ്പാക്കിയത് എലിസബത്ത് രാജ്ഞിയാണ്. എങ്കിലും അധികം താമസിയാതെ പെട്ടെന്ന് ഒരു പനി ബാധിച്ച് 1336 ജൂലൈ 4-ന് അവര്‍ മരണമടഞ്ഞു. 1625-ല്‍ പോപ്പ് അര്‍ബന്‍ എട്ടാമന്‍ എലിസബത്തിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org