സ്പാനിഷ് ഭാഷയില്‍ ഡോമിനിക്ക് എന്ന പദത്തിന്റെ അര്‍ത്ഥം "ദൈവത്തിന്റെ സ്വന്തം" എന്നാണ്. "ഡോമിനിക്കന്‍സ്" എന്ന വചനപ്രഘോ ഷകരുടെ സന്ന്യാസസഭയുടെ സ്ഥാപകനായ അദ്ദേഹം ദൈവവുമായുള്ള സുദൃഢമായ ഐക്യം സ്ഥാപിച്ച് സ്വന്തം പേര് അന്വര്‍ത്ഥമാക്കി. ഫെലിക്‌സ് ഗസ്മാന്റെയും വാഴ്ത്തപ്പെട്ട ജോന്‍ ഓഫ് അസ്സായുടെയും മകനായി സ്‌പെയിനില്‍ കലെരൂഗ എന്ന സ്ഥലത്താണ് ഡോമിനിക്ക് ജനിച്ചത്. പലെന്‍സിയായില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1196-ല്‍ അഗസ്തീനിയന്‍ സന്യാസിമാരുടെ കാനന്‍സ് റെഗുലര്‍ എന്ന സഭയില്‍ ഒസ്മാ കത്തീഡ്രലില്‍ വച്ച് അംഗമായി ചേര്‍ന്നു. പ്രാര്‍ത്ഥനയും ഉപവാസവുംകൊണ്ട് ഡോമിനിക്ക് തന്റെ ജീവിതത്തെ നിയന്ത്രിച്ചിരുന്നു.
1203-ല്‍ ഒസ്മായിലെ ബിഷപ്പ് ഡിയേഗോയുമൊപ്പം ഡോമിനിക്ക് തെക്കന്‍ ഫ്രാന്‍സിലൂടെ ഡെന്മാര്‍ക്കിലേക്ക് ഒരു യാത്ര പോയി. അന്നാണ് അല്‍ബിജെന്‍സസ്, അഥവാ കത്താര്‍സ് എന്ന ഗ്രൂപ്പിന്റെ വികലമായ പഠനങ്ങള്‍ വിശ്വാസികളെ വഴിതെറ്റിക്കുന്നതായി അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടത്. കറതീര്‍ന്ന ക്രിസ്തുവിശ്വാസികളാണെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ പ്രചരിപ്പിച്ചിരുന്ന ആശയം ഇതാണ്: ശരീരവും മറ്റെല്ലാ ഭൗതിക വസ്തുക്കളും തിന്മയാണ്; ആത്മാവ് മാത്രമാണ് ദൈവത്തിന്റേത്. അതുകൊണ്ട്, ആത്മാവും ശരീരവും ബദ്ധശത്രുക്കളാണ്; നിത്യസംഘട്ടനത്തിലാണ്. കൂടാതെ, ക്രിസ്തുവിന്റെ മനുഷ്യാവതാരവും അവര്‍ നിഷേധിച്ചു. കൂദാശകളെ അവഗണിക്കുകയും ചെയ്തു. അങ്ങനെ കടുത്ത നിയന്ത്രണത്തിലുള്ള സന്ന്യാസജീവിതം നയിച്ചുകൊണ്ട് അവര്‍ തങ്ങളുടെ ആശയപ്രചരണം നടത്തിക്കൊണ്ടിരുന്നു.
ഈ പാഷണ്ഡതയ്‌ക്കെതിരെ പോപ്പ് ഇന്നസെന്റ് മൂന്നാമന്‍ ഒരു കുരിശുയുദ്ധം തന്നെ ആരംഭിച്ചിരുന്നു. പോപ്പിന്റെ പ്രതിനിധികളുടെ പ്രചരണം പരാജയപ്പെടുന്നതു കണ്ട ഡോമിനിക്കും ബിഷപ്പും ഒരു കാര്യം മനസ്സിലാക്കി- പാഷണ്ഡികളെ മറികടക്കാന്‍ അവരുടെ ജീവിതചര്യയോടു കിടപിടിക്കുന്ന ഒരു ആദ്ധ്യാത്മിക പദ്ധതിതന്നെ വേണമെന്ന്. ഡോമിനിക്കിന്റെ 'സുവിശേഷ പ്രഭാഷണങ്ങള്‍' രൂപം കൊണ്ടത് അങ്ങനെയാണ്. പാഷണ്ഡതയില്‍ നിന്ന് മുക്തി നേടിയ ഒരു പറ്റം കന്യാസ്ത്രീകളുടെ ഒരു മഠം ആദ്യം അദ്ദേഹം സ്ഥാപിച്ചു. 1215-ല്‍ തൗലോസ് എന്ന രൂപതയിലെ ബിഷപ്പ്, ഡോമിനിക്കിന്റെ സംഘത്തെ "രൂപതാ വചനപ്രഘോഷക"രായി സ്വീകരിച്ചു. അന്നു മുതല്‍ വിശ്വാസികളുടെ ദൈവശാസ്ത്രപരമായ രൂപീകരണമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം. അവരെ പുതിയ ആദ്ധ്യാത്മിക പാഠങ്ങള്‍ പഠിപ്പിക്കുകയും, അബദ്ധസിദ്ധാന്തങ്ങളില്‍നിന്നു മോചിപ്പിച്ച് വിശ്വാസം ശക്തിപ്പെടുത്തുകയും വേണ്ടിയിരുന്നു. അതിനായി, തന്റെ സമകാലികനായ ഫ്രാന്‍സീസ് അസ്സീസിയെപ്പോലെ പരിപൂര്‍ണ്ണ ദരിദ്രനായി, നഗ്നപാദനായി സഞ്ചരിച്ച് വിശ്വാസികളെ പഠിപ്പിച്ചുകൊണ്ടിരുന്നു. ആരാധനക്രമത്തിനും നിസ്തന്ദ്രമായ ധ്യാനത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് അദ്ദേഹം സ്വന്തം പാത വെട്ടിത്തുറന്നു. ധ്യാനത്തിന്റെ ഫലങ്ങള്‍ ആസ്വദിക്കുവാന്‍ വിശ്വാസികള്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. അങ്ങനെ ഇന്നസന്റ് മൂന്നാമന്റെയും പരിവാരത്തിന്റെയും മുമ്പില്‍ അവതരിപ്പിക്കപ്പെട്ട നോമ്പുകാല പ്രഭാഷണങ്ങളിലൂടെ അദ്ദേഹം "പേപ്പല്‍ ദൈവശാസ്ത്ര പണ്ഡിത"നായി അവരോധിക്കപ്പെട്ടു. അദ്ദേഹത്തിനു ശേഷം ഇന്നുവരെ ഒരു ഡോമിനിക്കന്‍ വൈദികനാണ് ആ സ്ഥാനം അലങ്കരിച്ചുവരുന്നത്.
നിയോഗിക്കപ്പെട്ട വൈദികര്‍ തന്നെ വചനപ്രഘോഷണം നടത്തുന്നതിനോടായിരുന്നു സഭയ്ക്കു താല്പര്യമെങ്കിലും, ഡോമിനിക്കന്‍ സന്ന്യാസിമാരുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടു ബോദ്ധ്യപ്പെട്ട പോപ്പ് ഹൊനോറിയൂസ് മൂന്നാമന്‍ 1216-ല്‍ പുതിയ സഭയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിക്കൊണ്ട് പ്രഖ്യാപിച്ചു: "എവിടെയും എപ്പോഴും വചനപ്രഘോഷണം നടത്താന്‍ നിങ്ങള്‍ക്ക് നമ്മുടെ ആശീര്‍വ്വാദവും പ്രാര്‍ത്ഥനയും!"
1221 ആഗസ്റ്റ് 6 ന് ഇറ്റലിയിലെ ബൊളോഞ്ഞയിലായിരുന്നു ഡോമിനിക്കിന്റെ അന്ത്യം. അപ്പോഴേക്കും സ്‌പെയിനിനുപുറമെ ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌കാന്റിനേവിയ, പോളണ്ട്, വിശുദ്ധനാട് എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സന്ന്യാസിമാര്‍ അണിനിരന്നുകഴിഞ്ഞിരുന്നു.
ഒരു ലക്ഷത്തിലേറെ അവിശ്വാസികളെ അദ്ദേഹം സത്യവിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. അല്‍ബിനേസിയന്‍ പാഷണ്ഡതയുടെ കടന്നുകയറ്റം തടഞ്ഞ ധീരനായ പടയാളിയാണ് ഡോമിനിക്ക്. അദ്ദേഹത്തിന്റെ ആകര്‍ഷകമായ വ്യക്തിത്വമാണ് അതിനദ്ദേഹത്തെ സഹായിച്ചത്. കൂടാതെ, സത്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത, തന്റെ ഉത്തരവാദിത്വത്തെപ്പറ്റിയുള്ള ബോധ്യം, പാപിയോടുള്ള സ്‌നേഹമസൃണമായ സമീപനം, കാലത്തിന്റെ സ്വഭാവത്തെപ്പറ്റിയും ആവശ്യങ്ങളെപ്പറ്റിയുമുള്ള അഗാധമായ ജ്ഞാനം-എല്ലാം ആ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നു. എല്ലാറ്റിനുമുപരി, ജപമാലഭക്തി. അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യത്താല്‍ നടന്ന എണ്ണമറ്റ അത്ഭുതങ്ങള്‍, ഒരു മരിച്ച മനുഷ്യന്റെ ഉയിര്‍പ്പുവരെ, അദ്ദേഹത്തിന്റെ വിശുദ്ധിയുടെ സാക്ഷ്യങ്ങളായി നിലനില്‍ക്കുന്നു.
1234 ജൂലൈ 3 ന് അദ്ദേഹത്തിന്റെ ഒരു സുഹൃത്തു കൂടിയായ പോപ്പ് ഗ്രിഗരി ഒമ്പതാമന്‍ ഡോമിനിക്കിനെ വിശുദ്ധനായി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു: "വി. പത്രോസിനെയും വി. പൗലോസിനെയും പോലെ തന്നെ വി. ഡോമിനിക്കിന്റെയും വിശുദ്ധി സഭ സംശയാതീതമായി അംഗീകരിച്ചിരിക്കുന്നു."