വിശുദ്ധ കൊണ്‍റാഡ് (1290-1351) : ഫെബ്രുവരി 19

വിശുദ്ധ കൊണ്‍റാഡ് (1290-1351) : ഫെബ്രുവരി 19
തങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് പരിഹാരം ചെയ്തിട്ട് കൊണ്‍റാഡും ഭാര്യയും സന്ന്യാസജീവിതത്തിലേക്കു പ്രവേശിച്ചു. ഭാര്യ ക്ലാരമഠത്തിലെയും കൊണ്‍റാഡ് വി. ഫ്രാന്‍സീസിന്റെ മൂന്നാംസഭയിലെയും അംഗമായി. അതിനുശേഷം സിസിലിയിലെ നൊട്ടോ എന്ന സ്ഥലത്തുള്ള ഒരു ഗുഹയില്‍ ഏകാന്തവാസം ആരംഭിച്ചു.

വടക്കേ ഇറ്റലിയിലെ പിയാസെന്‍സാ എന്ന സ്ഥലത്ത് ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച കൊണ്‍റാഡ് ചെറുപ്പത്തില്‍ തന്നെ വിവാഹിതനായി. നായാട്ടില്‍ തല്‍പ്പരനായിരുന്ന കൊണ്‍റാഡ് ഒരു ദിവസം സേവകരോടൊപ്പം കാട്ടിലെത്തി. മൃഗങ്ങളെ ഇളക്കുവാന്‍ തീയിട്ടു. യാദൃച്ഛികമായി തീപടര്‍ന്ന് സമീപത്തെ വയലുകളും വനങ്ങളും കത്തിനശിച്ചു. കാട്ടില്‍ വിറകുപെറുക്കാന്‍ ചെന്ന ഒരു സാധുവിനെ കുറ്റക്കാരനെന്നു കരുതി തടവിലാക്കുകയും കുറ്റം ചുമത്തി വധശിക്ഷ വിധിക്കുകയും ചെയ്തു.
ഇതുകേട്ട് ചകിതനായ കൊണ്‍റാഡ് മുമ്പോട്ടുവന്ന് കുറ്റം ഏറ്റെടുക്കുകയും കഴിയുന്നിടത്തോളം പരിഹാരം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ തങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് പരിഹാരം ചെയ്തിട്ട് കൊണ്‍റാഡും ഭാര്യയും സന്ന്യാസജീവിതത്തിലേക്കു പ്രവേശിച്ചു. ഭാര്യ ക്ലാരമഠത്തിലെയും കൊണ്‍റാഡ് വി. ഫ്രാന്‍സീസിന്റെ മൂന്നാംസഭയിലെയും അംഗമായി. അതിനുശേഷം സിസിലിയിലെ നൊട്ടോ എന്ന സ്ഥലത്തുള്ള ഒരു ഗുഹയില്‍ ഏകാന്തവാസം ആരംഭിച്ചു.
പിന്നീടുള്ള 30 വര്‍ഷക്കാലം എല്ലാ വെള്ളിയാഴ്ചയും അദ്ദേഹം നൊട്ടോയിലെ ഒരു ക്രൂശിതരൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തിനിന്ന്, ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങനെ, 1351 ഫെബ്രുവരി 19-ന് ഈ ക്രൂശിതരൂപത്തിന്റെ മുമ്പില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ അദ്ദേഹം മരണമടഞ്ഞു. നൊട്ടോയിലെ സെ. നിക്കോളാസ് പള്ളിയിലാണ് വി. കൊണ്‍റാഡിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

"കര്‍ത്താവേ, അങ്ങയുടെ കുരിശ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമാണ്; അവിടെനിന്ന് ബലഹീനന്‍ ശക്തിയും അപമാനിതന്‍ ബഹുമാനവും മരിച്ചവന്‍ ജീവനും സംഭരിക്കുന്നു" (വി. ലെയോ).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org