
ഫ്രാന്‍സില്‍ 1381 ജനുവരി 13 നാണ് കൊളെറ്റ് ജനിച്ചത്. അന്ന് കൊളെറ്റിന്റെ അമ്മയ്ക്ക് 60 വയസ്സുണ്ട്. അച്ഛന്‍ ഒരു മരപ്പണിക്കാരനായിരുന്നു. ബാല്യത്തില്‍ത്തന്നെ സന്ന്യാസജീവിതത്തോട് അവള്‍ക്ക് താല്പര്യമായിരുന്നു. 17-ാം വയസ്സില്‍ അനാഥയായിത്തീര്‍ന്ന കൊളെറ്റ് ആദ്യം ബെനഡിക്‌ടൈന്‍ സഭയോടു ബന്ധപ്പെട്ടിരുന്നു. പിന്നീട് ബഗുവിന്‍സ് സമൂഹവുമായും പൂവര്‍ ക്ലെയേഴ്‌സിന്റെ സഭയുമായും ബന്ധപ്പെട്ടു ജീവിതം തുടര്‍ന്നു.
അവസാനം. അവള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ചിട്ട് ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ അംഗമായി. ക്രമേണ, ദൈവാലയത്തോട് ചേര്‍ന്നുള്ള ഒരു മുറിയില്‍ ഏകാകിനിയായി പ്രാര്‍ത്ഥനയിലും ധ്യാനത്തിലും കഴിയാന്‍ തുടങ്ങി. ഇവിടെ വച്ച് അവള്‍ക്കു വെളിപാടുകള്‍ ഉണ്ടായിത്തുടങ്ങി. കേട്ട സ്വരങ്ങള്‍ ആദ്യകാലത്തെ ചൈതന്യം വീണ്ടെടുക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനാണ്.
പക്ഷേ, അവള്‍ക്ക് അതിനുള്ള ആത്മവിശ്വാസം തോന്നിയില്ല. അപരിചിതരായ ഒരു പുരോഹിതനും ഒരു പ്രൗഢസ്ത്രീയും അവളെ സമീപിച്ച് ധൈര്യം പകര്‍ന്നപ്പോഴാണ് ദൈവപദ്ധതികളുടെ യഥാര്‍ത്ഥ രൂപം അവള്‍ക്കു വ്യക്തമായിത്തുടങ്ങിയത്. പോപ്പ് ബനഡിക്ട് XIII, പൂവര്‍ ക്ലെയേഴ്‌സിന്റെ സഭയുടെ അധിപയാക്കി കൊളെറ്റിനെ ഉയര്‍ത്തിക്കൊണ്ട്, ആ സഭയുടെ കീഴിലുള്ള കോണ്‍വെന്റുകളിലെല്ലാം ആവശ്യമായ പരിവര്‍ത്തനങ്ങള്‍ വരുത്താനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യവും അവള്‍ക്ക് നല്‍കി.
അങ്ങനെ പുതിയ കോണ്‍വെന്റുകള്‍ സ്ഥാപിക്കുകയും ഫ്രാന്‍സിസ്‌കന്‍ സന്ന്യാസികളുടെ ആശ്രമങ്ങളിലും ആവശ്യമായ പരിവര്‍ത്തനങ്ങള്‍ വരുത്തുകയും ചെയ്തു. വി. കൊളെറ്റിന്റെ മരണസമയം അടുത്തപ്പോഴേക്കും പുതിയ 17 കോണ്‍വെന്റുകളും 14 ആശ്രമങ്ങളും സ്ഥാപിച്ചു കഴിഞ്ഞിരുന്നു. കന്യാസ്ത്രികള്‍ കര്‍ശനമായ നിയമങ്ങള്‍ അനുസരിക്കണമെന്നും, തുടരെ ഉപവാസം അനുഷ്ഠിക്കണമെന്നും, ഒരു സമ്പത്തും സ്വന്തമായി വേണ്ടെന്നുമുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു വിശുദ്ധ അന്ന് ജീവിച്ചിരുന്ന വിശുദ്ധരുമായി ആദ്ധ്യാത്മിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അങ്ങനെ ബന്ധപ്പെട്ടവരിന്‍ ജോന്‍ ഓഫ് ആര്‍ക്ക്, ജോണ്‍ കപ്പിസ്ട്രാന്‍, വിന്‍സെന്റ് ഫെറര്‍ എന്നിവരുമുണ്ടായിരുന്നു
വി. ഫ്രാന്‍സീസ് അസ്സീസിയെപ്പോലെ വി. കൊളെറ്റും മൃഗങ്ങളുടെയും പക്ഷികളുടെയും ഒരു ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു. വെളിപാടുകളും ദര്‍ശനങ്ങളും ഒക്കെയായി, വിശുദ്ധ സര്‍വ്വലോകത്തിന്റെയും നന്മയ്ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് കഴിഞ്ഞുകൂടി. ബല്‍ജിയത്തിലെ തന്റെ സഭയില്‍പ്പെട്ട കോണ്‍വെന്റുകള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ട വിശുദ്ധ 1447 മാര്‍ച്ച് 6 ന് ബെല്‍ജിയത്തില്‍ വച്ച് മരണമടഞ്ഞു. 1807 ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.