ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ 1522 ഏപ്രില്‍ 23ന് ജനിച്ച അലെസ്സാന്ദ്ര റൊമോളയാണ് പിന്നീട് കാതറീനായി മാറിയത്. ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച കാതറീന്റെ ചെറുപ്പത്തില്‍ത്തന്നെ അമ്മ മരിച്ചു. ഭക്തയായ അമ്മാമ്മയുടെ സംരക്ഷണത്തില്‍ വളര്‍ന്ന കാതറീന്‍ ചെറുപ്പം മുതല്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു. അങ്ങനെ 13-ാമത്തെ വയസ്സില്‍ ഡൊമിനിക്കന്‍ മഠത്തില്‍ ചേര്‍ന്നു. അകാലത്തില്‍ മരണമടഞ്ഞ അമ്മയുടെ സ്മരണയ്ക്കായി കാതറീന്‍ എന്ന നാമം സ്വീകരിച്ചു.
ആദ്യത്തെ അഞ്ചുവര്‍ഷം കാതറീന്റെ കഷ്ടകാലമായിരുന്നു. തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത കാലം. എന്നാല്‍, പിന്നീട് അവളുടെ ജീവിതവിശുദ്ധി അംഗീകരിക്കപ്പെട്ടു. അങ്ങനെ, നൊവിസ് മിസ്ട്രസ്സു മുതല്‍ പടിപടിയായി മഠാധിപ വരെയായി. 1560-ലാണ് മഠാധിപയായത്. 30 വര്‍ഷത്തിനുശേഷം മരിക്കുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു.
കര്‍ത്താവിന്റെ പീഡാനുഭവങ്ങളെക്കുറിച്ചുള്ള ധ്യാനമാണ് കാതറീനെ വ്യത്യസ്തയാക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന ഈ ധ്യാനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിവരെ നീണ്ടുനില്‍ക്കും. 1542-ല്‍ ആരംഭിച്ച ഈ ധ്യാനം എല്ലാ ആഴ്ചയും, 12 വര്‍ഷത്തേക്കു തുടര്‍ന്നിരുന്നു. പിന്നീട് മഠത്തിലെ ഉത്തരവാദിത്വങ്ങള്‍ കൂടുകയും സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ ദീര്‍ഘമായ ഈ ധ്യാനം നിര്‍ത്തേണ്ടി വന്നു.
ധ്യാനത്തില്‍ ലയിക്കുന്ന അവസരങ്ങളില്‍ വിശുദ്ധയുടെ ദേഹത്ത് കര്‍ത്താവിന്റെ തിരുമുറിവുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്രെ. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും അവള്‍ക്കുണ്ടായിരുന്നു. അകലെയിരിക്കുന്ന ആളുമായി സംസാരിച്ചിരുന്നു. റോമിലായിരുന്ന വി. ഫിലിപ്പ് നേരിയും ഫ്‌ളോറന്‍സിലായിരുന്ന വി. മേരി മഗ്ദലനുമായി മഠത്തിലിരുന്നു സംസാരിക്കുന്നത് കേട്ടവരുണ്ടത്രെ. ഇവര്‍ രണ്ടുപേരെയും കാതറീന്‍ ഒരിക്കലും നേരില്‍ കണ്ടിരുന്നുമില്ല.
ദീര്‍ഘകാലം രോഗിയായിരുന്നശേഷം 1590 ഫെബ്രുവരി 2-ന് 68-ാ മത്തെ വയസ്സില്‍ റിച്ചിയിലെ കാതറീന്‍ ചരമമടഞ്ഞു. 1746-ല്‍ വിശുദ്ധയെന്നു നാമകരണം ചെയ്യപ്പെടുകയും ചെയ്തു.