സ്വീഡനിലെ വിശുദ്ധ ബ്രിഡ്ജറ്റ്  (1303-1373)  : ജൂലൈ 23

സ്വീഡനിലെ വിശുദ്ധ ബ്രിഡ്ജറ്റ്  (1303-1373)  : ജൂലൈ 23
സഹിക്കുക, സന്തോഷിക്കുക, സന്തോഷത്തോടെ സഹിക്കുക; അതായിരുന്നു വി. ബ്രിഡ്ജറ്റിന്റെ ജീവിതദര്‍ശനം. സത്യത്തെ ധീരതയോടെ സ്വീകരിക്കുക, സത്യം നിങ്ങളെ സ്വതന്ത്രരാക്കും.

ഒരു സ്വീഡിഷ് ക്രിസ്തീയ കുടുംബത്തിലാണ് ബ്രിഡ്ജറ്റ് ജനിച്ചത്. ബാല്യത്തില്‍തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ബ്രിഡ്ജറ്റ് ഒരു അമ്മായിയുടെ സംരക്ഷണയിലാണു വളര്‍ന്നത്. അവസാനംവരെ അസാധാരണത്വം നിറഞ്ഞുനിന്ന ഒരു ജീവിതമായിരുന്നു അവരുടേത്. അനേകം വര്‍ഷങ്ങള്‍ വിവാഹിതയായി ജീവിച്ച അവര്‍ പിന്നീട് സന്ന്യാസജീവിതത്തിലേക്കു കടന്നു.

കഷ്ടിച്ച് 13 വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. ഇരുപത്തെട്ടുവര്‍ഷം നീണ്ട ആനന്ദകരമായ വിവാഹജീവിതം. എട്ടു മക്കള്‍- നാല് ആണും നാല് പെണ്ണും. നാല് പെണ്‍മക്കളില്‍ ഒരാളാണ് പിന്നീടു വിശുദ്ധയായിത്തീര്‍ന്ന സ്വീഡനിലെ കാതറീന്‍.

ഏഴാമത്തെ വയസ്സുമുതല്‍ ചില ദര്‍ശനങ്ങള്‍ അവള്‍ക്കുണ്ടായിരുന്നു. എല്ലാം ക്രൂശിതനായ ഈശോയെയും അവിടുത്തെ പീഡാനുഭവങ്ങളെയും ബന്ധപ്പെടുത്തിയായിരുന്നു. അതുകൊണ്ട് ബ്രിഡ്ജറ്റിന്റെ ആദ്ധ്യാത്മികജീവിതം ഈശോയുടെ പീഡാനുഭവവുമായി ബന്ധപ്പെട്ടാണു വളര്‍ന്നുവന്നത്. എങ്കിലും എപ്പോഴും പുഞ്ചിരിക്കുന്ന മുഖം; സൗമ്യവും ദയാമസൃണവുമായ പെരുമാറ്റം. ഭക്തിയും ദീനാനുകമ്പയും അവളെ ശ്രദ്ധേയയാക്കി.

ബ്രിഡ്ജറ്റിനു ലഭിച്ച വെളിപാടുകളിലെ സന്ദേശമനുസരിച്ചാണ് ഒരു സന്ന്യാസസഭയ്ക്കു രൂപം നല്‍കാന്‍ അവര്‍ തയ്യാറായത്. നിലവിലുള്ള സന്ന്യാസജീവിതം പരിഷ്‌കരിക്കുകയായിരുന്നു ലക്ഷ്യം. രക്ഷകന്റെ പേരില്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ടു പ്രത്യേക സന്ന്യാസ സഭകള്‍ സ്ഥാപിച്ചു. രാജാവിന്റെ സഹകരണവും ലഭിച്ചിരുന്നു. ക്രിസ്തുവിനെ അനുകരിച്ചു ജീവിക്കാനുറച്ച എഴുപത്തിരണ്ട് ശിഷ്യന്മാര്‍. അവരില്‍ 13 വൈദികരും (12 ശ്ലീഹന്മാരും വി. പൗലോസും) നാലു ഡീക്കന്മാരും എട്ട് അത്മായ സഹോദരന്മാരും. ഇവരെ തങ്ങളുടെ വിജയകരമായ സുവിശേഷപ്രചാരണത്തിനു പ്രാര്‍ത്ഥനകൊണ്ടു സഹായിക്കാന്‍ അറുപത് കന്യാസ്ത്രീകളടങ്ങുന്ന ഒരു കന്യാമഠവും. (ഇതില്‍ കന്യാസ്ത്രീകള്‍ക്കുവേണ്ടി സ്ഥാപിച്ച സഭ മാത്രം ഇന്നും നിലനില്‍ക്കുന്നുണ്ട്).

അസാധാരണമായ ധീരതയും ഇച്ഛാശക്തിയുമുള്ള ഒരു സ്ത്രീരത്‌ന മായിരുന്നു ബ്രിഡ്ജറ്റ്. രാജാവിനെയോ രാജകുമാരന്മാരെയോ വൈദികരെയോ മാര്‍പാപ്പമാരെയോ കൃത്യവിലോപത്തിന്റെയും അധാര്‍മ്മിക ജീവിതത്തിന്റെയും പേരില്‍ നിശിതമായി വിമര്‍ശിക്കാന്‍ അവര്‍ക്കൊരു കൂസലുമില്ലായിരുന്നു.

വിധവയായ മകള്‍ കാതറീനൊപ്പം ശക്തിയുടെ പര്യായമായ ബ്രിഡ്ജറ്റ് 1350-ല്‍ റോമില്‍ പോയി താമസിച്ചു. 1370-ലാണ് പോപ്പ് അര്‍ബന്‍ അഞ്ചാമനില്‍നിന്ന് തന്റെ സന്ന്യാസസഭയുടെ നിയമാവലിക്ക് പേപ്പല്‍ അംഗീകാരം നേടിയെടുത്തത്. 1372-ല്‍ വിശുദ്ധ നാട്ടിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തി. നാലുമാസക്കാലം, ഈശോയുടെ ജീവിതത്തെയും പീഡാനുഭവങ്ങളെയും ബന്ധപ്പെടുത്തിയുള്ള ദര്‍ശനങ്ങളുടെ ഒരു പരമ്പരതന്നെ അവര്‍ക്കുണ്ടായി.

1373 ജൂലൈ 23-ന് എഴുപതാമത്തെ വയസിലായിരുന്നു ബ്രിഡ്ജറ്റിന്റെ മരണം. പോപ്പ് ബോനിഫസ് IX 1391 ഒക്‌ടോബര്‍ 7-ന് ബ്രിഡ്ജറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org