
ലിസ്യുവിലെ വി. തെരേസയുടെ 'കുറുക്കുവഴികളി'ലൂടെ ജീവിത യാത്ര ആരംഭിച്ച് വിശുദ്ധയായിത്തീര്‍ന്ന വ്യക്തിയാണ് വി. ബര്‍ട്ടില്ല. രോഗിയായിരുന്നു; ബുദ്ധിസാമര്‍ത്ഥ്യവും കുറവായിരുന്നു. എങ്കിലും പ്രായോഗിക ബുദ്ധിയുണ്ടായിരുന്നു; നല്ല ഇച്ഛാശക്തിയും. അതുകൊണ്ട് കൊച്ചു കൊച്ചു കാര്യങ്ങളാണെങ്കിലും തന്റെ അനുദിനകര്‍ത്തവ്യങ്ങളെല്ലാം വളരെ ശ്രദ്ധാപൂര്‍വ്വം, ആത്മാര്‍ത്ഥമായി ചെയ്തുകൊണ്ട് അവള്‍ വിശുദ്ധിയുടെ മകുടം ചൂടി.
ദരിദ്രമായ ഒരു കര്‍ഷകകുടുംബത്തിലാണ് ബര്‍ട്ടില്ല ജനിച്ചത്. ഇറ്റലിയിലെ ബ്രന്റോളയില്‍ 1888 ഒക്‌ടോബര്‍ 6-ന് ജനിച്ച അവളുടെ മാമ്മോദീസ പേര് അന്ന ഫ്രാന്‍സെസ്‌ക്ക എന്നായിരുന്നെങ്കിലും അന്നിറ്റ എന്നു വിളിക്കപ്പെട്ടു. ഗ്രാമീണ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സഹപാഠി കള്‍ അവളെ 'അരയന്നം' എന്നു വിളിച്ചു.
വളരെ ശാന്തശീലയായിരുന്നു ബര്‍ട്ടില്ല. ഇടവകയിലെ ഡോണ്‍ കപ്പോവില്ല എന്ന വൈദികന്‍ ബര്‍ട്ടില്ലയില്‍ ഒരു ഭാവി കന്യാസ്ത്രീയെ ദര്‍ശിച്ചെങ്കിലും ഇടവക വികാരിയായ ഫാ. ഗ്രെസെല്‍ അതുകേട്ട് പരിഹസിച്ചു ചിരിച്ചു. എങ്കിലും, ഒരു മഠത്തില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ സ്വീകരിച്ചില്ല. പതിനാറാമത്തെ വയസ്സില്‍ വിസെന്‍സായിലെ "വി. ദൊരോത്തിയുടെ സഹോദരിമാര്‍" എന്ന സന്ന്യാസസഭയില്‍ ചേരാനുള്ള അനുവാദം ലഭിച്ചു. അങ്ങനെ മരിയ ബര്‍ട്ടില്ല എന്ന നാമം സ്വീകരിച്ചുകൊണ്ട് അവള്‍ കന്യാസ്ത്രീയായി.
ഒരു വര്‍ഷം അടുക്കളപ്പണികളും അലക്കുജോലികളും മറ്റും ചെയ്തുകൊണ്ട് കഴിഞ്ഞുകൂടി. അതിനുശേഷം ട്രെവിസോയില്‍ നഴ് സിങ്ങ് പഠനത്തിനായി പോയി. അവിടത്തെ മുനിസിപ്പല്‍ ആശുപത്രിയുടെ നടത്തിപ്പ് ദൊരോത്തി സഹോദരിമാരെയാണ് ഏല്പിച്ചിരുന്നത്. പക്ഷേ, അവിടെയും അടുക്കളപ്പണികളാണ് ബര്‍ട്ടില്ലയ്ക്ക് ആദ്യം ചെയ്യേണ്ടി വന്നത്. എങ്കിലും, പിന്നീട് കുട്ടികളുടെ വാര്‍ഡില്‍ സഹായിയായി. അതിനുശേഷം ബര്‍ട്ടില്ല പൂര്‍ണമായും രോഗീശുശ്രൂഷയില്‍ മുഴുകി. അങ്ങനെ അവളും രോഗിയായി. പിന്നീടുള്ള പന്ത്രണ്ടു വര്‍ഷം, വൈദ്യശാസ്ത്രത്തിനു ഭേദമാക്കാന്‍ സാധിക്കാത്ത ഒരു രോഗത്തിനടിമയായി സഹിച്ചു ജീവിച്ച്, 1922 ഒക്‌ടോബര്‍ 20 ന് മരണത്തിനു കീഴടങ്ങി.
ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ സ്മരണ ഉണര്‍ത്തിക്കൊണ്ട് ഈ ലോകത്തോടു വിടപറഞ്ഞ ബര്‍ട്ടില്ലയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ട്രെവിസോ ആശുപത്രിയിലെ അവളുടെ കബറിടത്തിനു മുകളില്‍ സ്ഥാപിച്ച ശിലയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "ഒരു മാലാഖയെപ്പോലെ, വേദന അനുഭവിക്കുന്നവരെ വര്‍ഷങ്ങളോളം ആശ്വസിപ്പിച്ചുകൊണ്ട് കടന്നുപോയ സി. മരിയ ബര്‍ട്ടില്ലയുടെ പാവനാത്മാവിന്റെ വീര സ്മരണയ്ക്ക്." അനേകായിരങ്ങള്‍ ആ കബറിടത്തിനു ചുറ്റും തടിച്ചുകൂടിയിരുന്നു. അത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടേയിരുന്നു.
1952 ജൂണ്‍ 8-ന്, സി. ബര്‍ട്ടില്ല ശുശ്രൂഷിച്ച രോഗികളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ അവള്‍ "അനുഗ്രഹീത"യെന്നു നാമകരണം ചെയ്യപ്പെട്ടു. 1961 മേയ് 11-ന് പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ അവളെ വിശുദ്ധയെന്നു പ്രഖ്യാപിച്ചു.