ബര്‍ത്തലോമ്യോ എന്ന വാക്കിന്റെ അര്‍ത്ഥം "തോള്‍മെയുടെ പുത്രന്‍" എന്നാണ്. യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്ന നഥാനിയേലാവാം ബര്‍ത്തലോമ്യോ. ഫിലിപ്പോസ് ശ്ലീഹായാണ് അദ്ദേഹത്തെ ഈശോയ്ക്കു പരിചയപ്പെടുത്തിയത്. "നഥാനിയേല്‍ തന്റെ അടുത്തേക്കു വരുന്നതു കണ്ട യേശു പറഞ്ഞു: ഇതാ, നിഷ്‌ക്കപടനായ ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍" (യോഹ. 1:47).
ബര്‍ത്തലോമ്യോവിനെക്കുറിച്ച് ഇതിലേറെ വിവരമൊന്നും ലഭി ച്ചിട്ടില്ല. ഗലീലിയിലെ കാനാ ആയിരിക്കാം അദ്ദേഹത്തിന്റെ ജന്മദേശം. ഈശോയെ ആദ്യമായി തിരിച്ചറിഞ്ഞ വ്യക്തിയും ബര്‍ത്തലോമ്യോ ആണ്. "അപ്പോള്‍, നഥാനിയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു?
യേശു മറുപടി പറഞ്ഞു: ഫിലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ നിന്നെ ഞാന്‍ കണ്ടു. നഥാനിയേല്‍ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്" (യോഹ 1:48-49). ഈ സത്യം ആദ്യമായി കണ്ടെത്തിയതും വിളിച്ചു പറഞ്ഞതും ബര്‍ത്തലോമ്യോ ആണ്.
അദ്ദേഹം അറേബ്യയില്‍ സുവിശേഷം പ്രസംഗിച്ചു എന്നു കരുതപ്പെടുന്നു. ചില പാരമ്പര്യമനുസരിച്ച് അദ്ദേഹത്തിന്റേത് ദയനീയമായ ഒരു രക്തസാക്ഷിത്വം ആയിരുന്നു. അര്‍മേനിയായില്‍ സുവിശേഷം പ്രസംഗിക്കുമ്പോഴാണ് അതു സംഭവിച്ചത്. ജീവനോടെ തൊലി ഉരിഞ്ഞശേഷം വിഗ്രഹാരാധകര്‍ ശിരഛേദനം നടത്തി അദ്ദേഹത്തെ വധിക്കുകയായിരുന്നു.
ഒറിജന്‍ എന്ന ചിന്തകന്റെ ഗുരുവായിരുന്ന പന്തേനൂസ് രണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ വന്ന് മിഷന്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്, ബര്‍ത്തലോമ്യോ അദ്ദേഹത്തിനു മുമ്പ് ഇന്ത്യയിലുണ്ടായിരുന്നെന്നും, വി. മത്തായിയുടെ സുവിശേഷത്തിന്റെ ഒരു ഹീബ്രു പതിപ്പ് ഇന്ത്യയില്‍ എത്തിച്ചത് ബര്‍ത്തലോമ്യേ ആയിരുന്നെന്നുമാണ്.