സ്‌പെയിനില്‍, കാറ്റലോനിയ എന്ന സ്ഥലത്ത് ഒരു നെയ്ത്തുകാരന്റെ മകനായി 1807 ഡിസംബര്‍ 23 ന് ജനിച്ച ആന്റണി നെയ്ത്തുകാരനാ യിട്ടാണ് ജീവിതം ആരംഭിച്ചത്. പിന്നീട് സെമിനാരിയില്‍ ചേര്‍ന്ന് 1835-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ആദ്യം സ്വന്തം നാട്ടില്‍ത്തന്നെ മിഷണറി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വി. കുര്‍ബാനയോടും മാതാവിന്റെ വിമലഹൃദയത്തോടുമുള്ള ഭക്തി പ്രചരിപ്പിച്ചുകൊണ്ട് അദ്ദേഹം കാനറി ദ്വീപുകളില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തി. പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ പരിഗണന ശ്രദ്ധിക്കപ്പെട്ടിരുന്നു. 1849-ല്‍ സമാനചിന്താഗതിക്കാരായ ഏതാനും വൈദികരെ ഒരുമിച്ചുകൂട്ടി 'മറിയത്തിന്റെ വിമലഹൃദയത്തിന്റെ മിഷണറിമാര്‍' എന്നൊരു പുതിയ സഭയ്ക്കു രൂപം നല്‍കി. അതാണ് പിന്നീട് ക്ലരീഷ്യന്‍സ് ആയി മാറിയത്.
1851-ല്‍ ക്യൂബയിലെ സാന്തിയാഗോ രൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിതനായി. അവിടെയായിരുന്ന ആറുവര്‍ഷം കൊണ്ട് സെമിനാരിയുടെ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌ക്കരിക്കുകയും വൈദികരുടെ അച്ചടക്കം കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തു. മാത്രമല്ല, തന്റെ രൂപതാതിര്‍ ത്തിയിലുള്ള അനേകം വൈവാഹികബന്ധങ്ങള്‍ നിയമാനുസൃതമാക്കി. കെട്ടുറപ്പുള്ള കുടുംബജീവിതത്തിന് സാമ്പത്തികഭദ്രത ആവശ്യമാണെന്നു മനസ്സിലാക്കിയ അദ്ദേഹം ആധുനിക കൃഷിരീതികള്‍ പഠിപ്പിക്കുകയും പാവ ങ്ങളുടെയിടയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
1857-ല്‍ സ്‌പെയിനിലേക്ക് തിരിച്ചു വിളിക്കപ്പെട്ട അദ്ദേഹം, തന്റെ താത്പര്യത്തിനു വിപരീതമായി ഇസബെല്ല രാജ്ഞിയുടെ ആത്മീയോപദേഷ്ടാവ് ആകേണ്ടിവന്നു. 1868ലെ വിപ്ലവത്തിനുശേഷം നാടുകടത്തപ്പെട്ട രാജ്ഞിയോടൊപ്പം ആന്റണിക്കും നാടുവിടേണ്ടിവന്നു. തന്റെ ക്രിസ്തീയ പ്രവര്‍ത്തനങ്ങളുടെ വിജയത്തില്‍ ക്ഷുഭിതരായ ശത്രുക്കളുടെ ആക്രമണങ്ങള്‍ സ്‌പെയിനിലും ക്യൂബയിലും അദ്ദേഹത്തിനു പല പ്രാവശ്യം അഭിമുഖീകരിക്കേണ്ടിവന്നു.
സംഘടിതമായ ഒരു കത്തോലിക്കാ പ്രസ്സിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവാനായിരുന്ന ആന്റണി ബാര്‍സിലോണയില്‍ പ്രസിദ്ധമായ ഒരു മതപ്രസിദ്ധീകരണശാലയ്ക്ക് അടിസ്ഥാനമിട്ടു. അവിടെനിന്ന് നിലവാരമുള്ള കത്തോലിക്കാപ്രസിദ്ധീകരണങ്ങളുടെ ലക്ഷക്കണക്കിനു കോപ്പികള്‍ അച്ചടിച്ചു വില കുറച്ച് വിതരണം ചെയ്തുകൊണ്ടിരുന്നു. ആന്റണി തന്നെ രചിച്ച 130 കൃതികളും അക്കൂട്ടത്തിലുണ്ടായിരുന്നു.
1870 മെയ് 31 ന് നടന്ന ഒന്നാം വത്തിക്കാന്‍ കൗണ്‍സിലില്‍ മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ പിന്താങ്ങി ശക്തമായ ഭാഷയില്‍ അദ്ദേഹം സംസാരിച്ചു. 1870 ഒക്‌ടോബര്‍ 24-ന് ഫ്രാന്‍സിലെ ഫോണ്ട് ഫ്രോയിഡിലുള്ള സിസ്റ്റേഴ്‌സ്യന്‍ ആശ്രമത്തില്‍ വച്ച് അദ്ദേഹം മരണമടഞ്ഞു.
പോപ്പ് പയസ് XI, 1934 ഫെബ്രുവരി 25-ന് ആന്റണി ക്ലാരറ്റിനെ വാഴ്ത്തപ്പെട്ടവനും പോപ്പ് പയസ് XII 1950 മെയ് 7-ന് വിശുദ്ധനുമായി പ്രഖ്യാപിച്ചു.