കൊറിയയില്‍ ക്രൈസ്തവ വിശ്വാസം മുളപൊട്ടിയത് യി സൂങ് ഹു എന്ന മനുഷ്യന്‍ സ്വപരിശ്രമത്താല്‍ ക്രിസ്തീയ തത്ത്വങ്ങള്‍ പഠിച്ച് 1784-ല്‍ പീറ്റര്‍ എന്ന പേരില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചതോടുകൂടിയാണ്. ആദ്യകാലത്തെ കൊറിയന്‍ ക്രിസ്ത്യാനികള്‍, ദൈവവിശ്വാസികളായതിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു. സ്വന്തം വീട്ടില്‍ നിന്നുതന്നെ പുറത്താക്കപ്പെടുകയും സമൂഹത്തിലെ നിലയും വിലയും നഷ്ടപ്പെടുകയും തങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയും ചെയ്തു. എന്നിട്ടും വിശ്വാസം പ്രചരിച്ചുകൊണ്ടിരുന്നു.
കൊറിയയിലെ ക്രിസ്ത്യന്‍ സമുദായം വൈദികരുടെ അഭാവത്തിലാണ് വളര്‍ന്നുവന്നത്. വളരെക്കാലം കഴിഞ്ഞാണ് രണ്ടു ചൈനീസ് പുരോഹിതന്മാരുടെ സേവനം അവര്‍ക്കു ലഭിച്ചത്. പക്ഷേ, അത് അധിക കാലം തുടര്‍ന്നില്ല. പിന്നീട് നാല്പതുവര്‍ഷം കഴിഞ്ഞ് 1836-ല്‍ പാരീസ് ഫോറിന്‍ മിഷണറി സൊസൈറ്റി ഫാ. മോബാന്തിന്റെ നേതൃത്വത്തില്‍ കൊറിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അന്നുവരെ കൊറിയയില്‍ അല്‍മായര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഈ സമയത്ത് കൊറിയന്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസപരമായ കാര്യങ്ങള്‍ക്കു നേതൃത്വം കൊടുക്കുവാന്‍ മെത്രാന്മാരെയും വൈദികരെയും കൊറിയയിലേക്കു പറഞ്ഞുവിടണമെന്നു കാണിച്ച് പീക്കിംഗ് ബിഷപ്പിനും മാര്‍പാപ്പയ്ക്കും അപേക്ഷകള്‍ അയച്ചിരുന്നു. അങ്ങനെ കൊറിയയിലെത്തിയ മിഷണറിമാരെ കാത്തിരുന്നത് വന്‍ദുരന്തങ്ങളാണ്.
1886-ല്‍ കൊറിയയില്‍ മതസ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോഴേക്കും, നൂറുവര്‍ഷം കൊണ്ട് പതിനായിരത്തോളം വിശ്വാസികള്‍, ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ വേണ്ടി രക്തം ചിന്തി വീരസ്വര്‍ഗ്ഗം നേടിയിരുന്നു. അവരില്‍ 103 രക്തസാക്ഷികളെ പോപ്പ് ജോണ്‍ പോള്‍ കക 1984 മെയ് 14-ന് വിശുദ്ധരായി പ്രഖ്യാപിച്ചു. രക്തസാക്ഷികളില്‍ പതിനൊന്നു പേര്‍ വൈദികരും മറ്റുള്ളവര്‍ അല്‍മായരുമായിരുന്നു.
അവരില്‍ ഏറ്റവും പ്രധാനികളായിരുന്നു ആന്‍ഡ്രൂ കിം, പോള്‍ ചോംഗ് എന്നിവര്‍.
ആന്‍ഡ്രു കിം ആണ് ആദ്യത്തെ കൊറിയന്‍ പുരോഹിതന്‍. പുറത്തുനിന്ന് മിഷണറി വൈദികര്‍ക്ക് കൊറിയയിലെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ആന്‍ഡ്രു കിം ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കു സേവനം ചെയ്യാന്‍ പൗരോഹിത്യം സ്വീകരിച്ചത്.
പക്ഷേ, പതിമ്മൂന്നു മാസം തികയുന്നതിനു മുമ്പേ അദ്ദേഹം വാളിനിരയായി. അന്നദ്ദേഹത്തിനു വെറും 26 വയസ്സാണു പ്രായം.
പോള്‍ ചോങ്, അഗസ്റ്റിന്‍ യൂ, ചാള്‍സ് ചോ എന്നിവര്‍ അനേകം പ്രാവശ്യം പീക്കിംഗില്‍ പോയി, മിഷണറിമാരെ കൊറിയയിലെത്തിക്കാനുള്ള എളുപ്പവഴികള്‍ ആരാഞ്ഞു.
1801-ലെ മതപീഡനത്തിനു ശേഷം ഒരൊറ്റ വൈദികന്‍ പോലും കൊറിയയില്‍ ഉണ്ടായിരുന്നില്ല. പാരീസ് ഫോറിന്‍ മിഷന്‍ സൊസൈറ്റിയുടെ പ്രതിനിധികളായി ഒരു മെത്രാനും ഏതാനും വൈദികരും കൊറിയയിലെത്തിയതോടെയാണ് കൊറിയന്‍ ക്രിസ്ത്യാനികളുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം ആരംഭിച്ചത്.
103 രക്തസാക്ഷികളില്‍ 15 പേര്‍ കന്യകകളായിരുന്നു. അവരില്‍ രണ്ടുപേര്‍ സഹോദരിമാരുമായിരുന്നു. ആഗ്നസ് കിം, കൊളുംബ കിം എന്നിവര്‍. സന്ന്യാസജീവിതം എന്താണെന്നു പോലും അറിവില്ലാത്ത കൊറിയാക്കാരുടെ ഇടയില്‍ സന്ന്യാസിനികളെപ്പോലെ ജീവിച്ച് ഈ സഹോദരിമാര്‍ രോഗികളെയും ദരിദ്രരെയും ശുശ്രൂഷിച്ചു. അതുപോലെ, ജോണ്‍ യി എന്ന രക്തസാക്ഷിയും ഒരു ബ്രഹ്മചാരിയെപ്പോലെ സഭയെ സേവിച്ചു. അങ്ങനെ മറ്റുള്ളവരും ഓരോ തരത്തില്‍ ധീരമായി ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു.