മേരീദാസന്മാരുടെ സഭയുടെ ഏഴു സ്ഥാപകര്‍ : (ഫെബ്രുവരി 17)

മേരീദാസന്മാരുടെ സഭയുടെ ഏഴു സ്ഥാപകര്‍ : (ഫെബ്രുവരി 17)
1233-ലെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ദിവസം പരിശുദ്ധ മാതാവിന്റെ ഭക്തരായ ഏഴുപേര്‍ക്ക്, അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രത്യക്ഷപ്പെട്ട്, ഏകാന്തവാസത്തിലേക്കു തിരിയാന്‍ അമ്മ ആവശ്യപ്പെട്ടു.

സഭയുടെ 'അഞ്ചാം യാചകസഭ'യുടെ ആരംഭം ഇറ്റലിയിലെ ഫ്‌ളോറന്‍സിലാണ്. 13-ാം നൂറ്റാണിന്റെ മദ്ധ്യത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍കൊണ്ട് കലുഷമായിരുന്നു ഫ്‌ളോറന്‍സ്. നന്മയ്ക്കും തിന്മയ്ക്കും പ്രത്യേകം സ്രഷ്ടാക്കളുണ്ടെന്ന് വാദിച്ചിരുന്ന കത്താരി പാഷണ്ഡതയുടെ കാലവുമായിരുന്നു. ധാര്‍മ്മികത ഏറ്റവും തകര്‍ന്ന അവസ്ഥയിലായിരുന്നു. മതത്തിന്റെ എല്ലാ പ്രസക്തിയും നശിച്ചിരുന്നു.
1233-ലെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ദിവസം പരിശുദ്ധ മാതാവിന്റെ ഭക്തരായ ഏഴുപേര്‍ക്ക്, അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രത്യക്ഷപ്പെട്ട്, ഏകാന്തവാസത്തിലേക്കു തിരിയാന്‍ അമ്മ ആവശ്യപ്പെട്ടു. അവരില്‍ രണ്ടുപേര്‍ വിവാഹിതരും, രണ്ടുപേര്‍ വൈധവ്യം പ്രാപിച്ചവരുമായിരുന്നു. അവരെല്ലാം അവരുടെ ആശ്രിതര്‍ക്കുവേണ്ടതെല്ലാം ഒരുക്കിക്കൊടുത്തിട്ട് മൈലുകളകലെയുള്ള മോന്തെ സെനാരിയോയില്‍ ഒരുമിച്ചുകൂടി. മാതാവ് വീണ്ടും അവര്‍ക്കു പ്രത്യക്ഷപ്പെട്ട് അവര്‍ ധരിക്കേണ്ട കറുത്ത വേഷം കാണിച്ചുകൊടുത്തു. ഈശോയെ വധിച്ച കുരിശിന്‍ചുവട്ടില്‍നിന്നു താന്‍ സഹിച്ച വേദന അനുസ്മരിക്കാനാണ് കറുത്തവേഷം തിരഞ്ഞെടുത്തത്.
അങ്ങനെ, ഹിപ്പോയിലെ സെ. അഗസ്റ്റിന്റെ നിയമങ്ങള്‍ക്കു വിധേയരായി അവര്‍ "Order of Frior Servants of St. Mary" എന്ന സഭ സ്ഥാപിച്ചു. പ്രാര്‍ത്ഥനയും പ്രായശ്ചിത്തവുമായി അവര്‍ മിക്കവാറും നിശ്ശബ്ദരായി കഴിഞ്ഞു. മറ്റു സമയങ്ങളില്‍ അദ്ധ്യാപനവും ധര്‍മ്മോപദേശവുമൊക്കെ നടത്തി.
പുതിയ സഭയ്ക്ക് വളരെവേഗം പ്രചാരം ലഭിച്ചു. 14-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 10,000 അംഗങ്ങളും നൂറോളം ആശ്രമങ്ങളുമുണ്ടായിരുന്നു. ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളിലും സഭ പ്രചരിച്ചു. കന്യാസ്ത്രീകള്‍ക്കുവേണ്ടിയുള്ള രണ്ടാംസഭയും, സജീവമായ ഉപവിപ്രവൃത്തികള്‍ക്കും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ടിയുള്ള മൂന്നാംസഭയും 13-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി സ്ഥാപിക്കപ്പെട്ടു. മൂന്നാംസഭയുടെ സ്ഥാപക വീ. ജൂലിയാന ഫല്‍ക്കോണിയേരി ആയിരുന്നു.
1304-ല്‍ പോപ്പ് ബനഡിക്ട് XI സഭയ്ക്ക് സ്ഥിരമായ അംഗീകാരം നല്‍കിയപ്പോള്‍ സഭാസ്ഥാപകരില്‍ ജീവനോടെയുണ്ടായിരുന്നത് ബ്രദര്‍ അലക്‌സിസ് ഫല്‍ക്കോണിയേരി മാത്രമായിരുന്നു. 1310 ഫെബ്രുവരി 17-ന് അദ്ദേഹവും ചരമമടഞ്ഞു. മറ്റുള്ളവരുടെ ചരമദിനങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എങ്കിലും 1649-ല്‍ മൊന്തെ സെനാറിയോയിലെ ചാപ്പലിന്റെ പ്രധാന അള്‍ത്താര പുതുക്കി പണിതപ്പോള്‍ ഏഴു സ്ഥാപകരുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇപ്പോള്‍ അത് ഈ ഏഴുപേരുടെയും നാമത്തിലുള്ള ചാപ്പലിലാണ് സ്ഥിതിചെയ്യുന്നത്. ഏഴുപേരെയും പോപ്പ് ലിയോ XIII 1888-ല്‍ വിശുദ്ധരായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org