വിശുദ്ധരായ മര്‍സലീനൂസും പീറ്ററും (304) : ജൂണ്‍ 2

വിശുദ്ധരായ മര്‍സലീനൂസും പീറ്ററും (304) : ജൂണ്‍ 2

റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്തെ ഒരു പുരോഹിതനായിരുന്നു വി. മര്‍സലീനസ്; പിശാചുബാധയില്‍ നിന്നു വിശ്വാസികളെ സംരക്ഷിക്കാനായി സഭ നിയോഗിച്ച ഒരു വ്യക്തിയായിരുന്നു വി. പീറ്റര്‍. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരായതിനാലാണ് അവരെ പിടിച്ച് കാരാഗ്രഹത്തിലടച്ചത്. തടവറയില്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്നവരുടെ വിശ്വാസം അവര്‍ ഉറപ്പിച്ചു. പുതിയ വിശ്വാസികള്‍ ഉണ്ടാകുകയും ചെയ്തു. ജയിലര്‍ അര്‍ത്തേമിയസും അദ്ദേഹത്തിന്റെ ഭാര്യയും മകളും അവരില്‍പെടുന്നു.

സില്‍വ നയാഗ്രാ എന്ന ഒരു വനത്തില്‍ രഹസ്യമായി കൊണ്ടുപോയി ശിരച്ഛേദനം ചെയ്യാനായിരുന്നു കല്പന. വധിച്ചശേഷം മറവു ചെയ്യാനുള്ള സ്ഥലവും രഹസ്യത്തില്‍ ഒരുക്കിയിരുന്നു. മറ്റു ക്രിസ്ത്യാനികള്‍ ഈ വിശുദ്ധരുടെ കല്ലറ കണ്ടുപിടിക്കരുതെന്നു കരുതിയായിരുന്നു അത്. എന്നാല്‍, വധശിക്ഷ നടപ്പാക്കിയ ആള്‍ തന്നെ ആ രഹസ്യം പുറത്തുവിട്ടു. കാരണം അയാള്‍ പിന്നീട് ക്രിസ്ത്യാനിയായിത്തീര്‍ന്നു.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ഈ രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായി ഒരു ദൈവാലയം തന്നെ നിര്‍മ്മിച്ചു. പോപ്പ് ഡമാസസ് ഒന്നാമന്‍ ഈ രക്തസാക്ഷികളെപ്പറ്റി ഒരു ഗീതകം രചിച്ചു. വിശുദ്ധരുടെ വധശിക്ഷ നടപ്പാക്കിയവന്‍ നല്കിയ വിവരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ഇവരുടെ രക്തസാക്ഷിത്വം ആദിമ സഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതുകൊണ്ടാവാം ആ പേരുകള്‍ വിശുദ്ധ കുര്‍ബാനയിലും അനുസ്മരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org