വി. സീത്ത (1218-1278) : ഏപ്രില്‍ 27

വി. സീത്ത (1218-1278) : ഏപ്രില്‍ 27

ദരിദ്രരായ മാതാപിതാക്കളുടെ മകളായിട്ടാണ് വി. സീത്ത ജനിച്ചത്. 1218-ല്‍ ഇറ്റലിയിലെ ലൂക്ക എന്ന സ്ഥലത്തിനടുത്തുള്ള മോന്തെ സഗ്രാത്തിയിലായിരുന്നു സീത്തയുടെ ജനനം. കുഞ്ഞായിരിക്കുമ്പോഴേ അവള്‍ ദൈവത്തിന്റെ ഓമനയായിരുന്നു. അവളുടെ ചേച്ചി സിസ്റ്റേഴ്‌സ്യന്‍ കന്യാസ്ത്രീയും ഒരമ്മാവന്‍ വളരെ ഭക്തനായ സന്യാസിയുമായിരുന്നു. കുടുംബം സംരക്ഷിക്കാനായി സീത്ത പന്ത്രണ്ടാമത്തെ വയസ്സില്‍ത്തന്നെ ലൂക്കായിലുള്ള ഫാറ്റിനെല്ലി കുടുംബത്തിലെ വേലക്കാരിയായി. 1278 ഏപ്രില്‍ 27-ന് മരണം വരിക്കുന്നതുവരെ ആ കുടുംബത്തിലെ ആശ്രിതയായിരുന്നു.

ആത്മാര്‍ത്ഥമായി വീട്ടുജോലികള്‍ ചെയ്തിരുന്ന സീത്ത, രാത്രിയില്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നും സാന്‍ഫ്രെഡിയാനോ പള്ളിയില്‍ പോയി ദിവ്യബലിയില്‍ പങ്കെടുക്കും. കൂടാതെ പതിവായി ഉപവാസം അനുഷ്ഠിക്കുകയും തന്റെ വീതം ഭക്ഷണം ദരിദ്രര്‍ക്കു നല്‍കുകയും ചെയ്തിരുന്നു. തന്റെ കിടക്ക ഒരു ഭിക്ഷക്കാരനു നല്‍കിയിട്ട് വെറും തറയില്‍ കിടന്നുറങ്ങിയ ദിവസങ്ങള്‍ പോലുമുണ്ട്. എന്നാല്‍, സീത്തയുടെ സഹപ്രവര്‍ത്തകര്‍ അവളെ തെറ്റിദ്ധരിക്കുകയും മാനസിക മായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു. യജമാനന്മാര്‍ പോലും അവളെ സംശയിച്ച ഒരു സമയമുണ്ടായിരുന്നു. അവള്‍ എല്ലാം ക്ഷമയോടെ സഹിച്ചു. ഒന്നും എതിര്‍ത്തു പറഞ്ഞില്ല; തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചതുമില്ല. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്തു.

അധികം താമസിയാതെ തന്നെ, വിനയവും മറ്റുള്ളവരോട് എല്ലാം ക്ഷമിക്കാനുള്ള മനഃസ്ഥിതിയുംകൊണ്ട് അവള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കി. തങ്ങളുടെ തെറ്റു മനസ്സിലാക്കിയ വീട്ടുടമസ്ഥര്‍ ആ വീടിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പൂര്‍ണമനസ്സോടെ സീത്തയെ ഏല്പിക്കുകയാണു ചെയ്തത്.

തിരക്കേറിയ ജീവിതത്തിനിടയിലും പാവങ്ങളെയും രോഗികളെയും സന്ദര്‍ശിക്കാനും അവള്‍ സമയം കണ്ടെത്തി. ഒരു ക്രിസ്മസ്സിന്റെ തലേന്ന് തണുത്തുറഞ്ഞ രാത്രിയില്‍ പള്ളിയില്‍ പോകാനിറങ്ങിയ സീത്തയെ കണ്ട വീട്ടുടമ പൊഗാനോ തന്റെ ഓവര്‍കോട്ട്, നഷ്ടപ്പെടുത്താതെ തിരികെ കൊണ്ടുവരണമെന്നുപറഞ്ഞ് അവള്‍ക്കു കൊടുത്തുവിട്ടു. പക്ഷേ, പള്ളിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ തണുത്തുവിറച്ചു നില്‍ക്കുന്ന ഒരു വൃദ്ധനെ കണ്ടുമുട്ടി. ഓവര്‍കോട്ട് കൊടുക്കാമോ എന്ന് സീത്തയോട് അയാള്‍ ചോദിക്കുകയും ചെയ്തു. അവള്‍ കോട്ട് ഉടന്‍ അയാള്‍ക്കു നല്‍കിയിട്ട് പറഞ്ഞു: "ഞാന്‍ പള്ളിയില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ തിരിച്ചു തരണം."

പള്ളിയില്‍നിന്നും തിരിച്ചെത്തിയ സീത്ത അവിടെങ്ങും ആ വൃദ്ധനെ കണ്ടെത്തിയില്ല. യജമാനന്റെ വഴക്കു പേടിച്ച് സീത്ത വീട്ടില്‍ തിരിച്ചെത്തി. അതൃപ്തനായിരുന്നെങ്കിലും യജമാനന്‍ ഭക്ഷണം കഴിക്കാനിരുന്നു. അപ്പോള്‍ വാതില്‍ക്കല്‍ ഒരു വൃദ്ധന്‍ പ്രത്യക്ഷപ്പെട്ട് സീത്തയ്ക്ക് ഓവര്‍ക്കോട്ട് തിരിച്ചുനല്‍കി. യജമാനനും സീത്തയും ആ വൃദ്ധനോടു സംസാരിക്കാനായി പെട്ടെന്നു പുറത്തുവന്നെങ്കിലും, ആ ക്രിസ്മസ് ദിവസം എല്ലാ മംഗളങ്ങളും നല്‍കിക്കൊണ്ട് അയാള്‍ അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു!

ഈ സംഭവത്തിനുശേഷം സീത്ത ആ വൃദ്ധനെ കണ്ടെത്തിയ സാന്‍ഫ്രെഡിയാനോ പള്ളിയുടെ വാതില്‍ 'ഏഞ്ചല്‍ഡോര്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. സീത്ത രോഗികളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നപ്പോള്‍ മാലാഖമാര്‍ വന്ന് അവള്‍ക്കുവേണ്ടി വീട്ടുജോലികള്‍ ചെയ്തുകൊടുത്ത അത്ഭുതങ്ങളും സംഭവിച്ചിട്ടുണ്ടത്രെ!

ജീവിതത്തിലെ സാധാരണ കാര്യങ്ങള്‍ അസാധാരണ താല്പര്യത്തോടെ ചെയ്തിരുന്ന വി. സീത്തയുടെ ഭൗതികാവശിഷ്ടം ലൂക്കായിലെ സാന്‍ഫ്രെഡിയാനോ പള്ളിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 1696 സെപ്തംബര്‍ 5-ന് സീത്തയെ വിശുദ്ധയായി പ്രഖ്യാപിച്ചു. 1933-ല്‍ സെപ്തംബര്‍ 26-ന് വീട്ടുജോലിക്കാരുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥയായി വി. സീത്തയെ സഭ പ്രഖ്യാപിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org