കുരിശിന്റെ വി. പൗലോസ് (1694-1775) ഒക്‌ടോബര്‍ 19

ഇറ്റലിയിലെ ലൊമ്പാര്‍ഡിയില്‍ കച്ചവടം ചെയ്ത് ജീവിതം പുലര്‍ ത്തിയിരുന്ന ഒരു കുലീനകുടുംബത്തില്‍ പതിനാറുമക്കളില്‍ മൂത്തവനായി പോള്‍ ഫ്രാന്‍സീസ് ദാനേയി 1694 ജനുവരി 8 ന് ജനിച്ചു. വി. കുര്‍ബാനയുടെ അസാധാരണ ഭക്തനായിരുന്ന അദ്ദേഹത്തിന് ഇരുപത്താറാമത്തെ വയസ്സില്‍ ക്രിസ്തുവിന്റെ ഒരു ദര്‍ശനമുണ്ടായി. ഈശോയുടെ പീഡാനുഭവങ്ങളുടെ സ്മരണക്കായി ഒരു പുതിയ സന്ന്യാസസഭ ആരംഭിക്കാനാണ് ഈശോ അദ്ദേഹത്തോട് ദര്‍ശനത്തില്‍ ആവശ്യപ്പെട്ടത്. 1720-ല്‍ പുതിയ 'പീഡാനുഭവ സഭ'യ്ക്കുള്ള നിയമാവലിക്കു രൂപം നല്‍കി. ഏഴു വര്‍ഷത്തിനുശേഷം അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുകയും ഒര്‍ബറ്റെല്ലോയുടെ സമീപനം അര്‍ജന്റാരിയോ മലയില്‍ ഒരു ആശ്രമം സ്ഥാപിച്ച് സന്ന്യാസ ജീവിതം ആരംഭിക്കുകയും ചെയ്തു പെട്ടെന്നു തന്നെ അനേകംപേര്‍ സഭയില്‍ അംഗമായി ചേരുകയും അദ്ദേഹത്തിന്റെ താല്പര്യത്തിനു വിരുദ്ധമായി സുപ്പീരിയര്‍ ജനറലായി അദ്ദേഹം തന്നെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മരണം വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു.
കര്‍ത്തൂസ്യന്‍ സന്ന്യാസിമാരുടെ ജീവിതശൈലി സ്വീകരിച്ച "പീഡാനുഭവ സഭ" ജസ്യൂട്ടിന്റെ മിഷണറി സ്പിരിറ്റോടുകൂടി, കര്‍ത്താവിന്റെ പീഡാനുഭവങ്ങളെപ്പറ്റി ധ്യാനിച്ചുകൊണ്ട് അവിടത്തേക്കായി ആത്മാക്കളെ നേടാനുള്ള ശ്രമം ആരംഭിച്ചു. അനേകം അത്ഭുതങ്ങളിലൂടെ ദൈവം പോളിന്റെ പ്രവര്‍ത്തനങ്ങളെ സഹായിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ച്, അനേകം കഠിനപാപികളുടെ മാനസാന്തരം സഫലമാക്കിയ പ്രവര്‍ത്തനങ്ങളില്‍. ഇംഗ്ലണ്ട് വിശ്വാസത്തിലേക്ക് തിരിച്ചു വരുവാന്‍ അമ്പതു വര്‍ഷം നിരന്തരമായി അദ്ദേഹം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇതേപ്പറ്റി ധാരാളം സന്തോഷകരമായ വെളിപാടുകള്‍ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. കാര്‍ഡിനല്‍ ന്യൂമാനെ പോലെയുള്ള മഹാപ്രതിഭകള്‍ വിശ്വാസം സ്വീകരിച്ചതും "പീഡാനുഭവ"ക്കാരുടെ നിരന്തര പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു.
1775 ഒക്‌ടോബര്‍ 18-ന് പോള്‍ റോമില്‍ വച്ച് അന്ത്യശ്വാസം വലിച്ചു. 1867 ജൂണ്‍ 29-ന് പോപ്പ് പയസ് കത അദ്ദേഹത്തെ വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org