ഇരുപതാംനൂറ്റാണ്ടിനു കാലം കാത്തുവച്ച ഒരു രത്‌നമായിരുന്നു വിശുദ്ധ മദര്‍ തെരേസ. 1997 സെപ്തംബര്‍ 13-ാം തീയതി കല്‍ക്കത്ത യിലെ മാതൃഭവനത്തില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍നിന്നും രാഷ്ട്രത്തലവന്മാരോ പ്രതിനിധികളോ എത്തിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാളിന്റെ നേതൃത്വത്തില്‍, എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പടതന്നെ ഔദ്യോഗികമായി അവിടെ സന്നിഹിതരായിരുന്നു. മാര്‍പാപ്പയ്ക്കുവേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ ആഞ്‌ജെലൊ സൊഡാനോ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കാനെത്തി. മഹാത്മാഗാന്ധി യുടെയും നെഹൃജിയുടെയും മൃതശരീരം വഹിച്ച ശവമഞ്ചം മദര്‍ തെരേസ യ്ക്കുവേണ്ടി ഡല്‍ഹിയില്‍നിന്നു കല്‍ക്കത്തയിലെ മഠത്തിലെത്തിയിരുന്നു. എല്ലാം, എളിയവരില്‍ എളിയവളായ, അഗതികളുടെ അമ്മയായ, ഒരു പാവം കന്യാസ്ത്രീയുടെ ബഹുമാനാര്‍ത്ഥമായിരുന്നു. വന്നവരില്‍ മൂന്നിലൊന്നുപോലും ക്രൈസ്തവവിശ്വാസികളായിരുന്നില്ല. എന്തിന്, വിശ്വാസികള്‍പോലും ആയിരുന്നില്ല. ദേശവും മതവും വര്‍ഗ്ഗവും വിശ്വാസവും സ്ഥാനമാനങ്ങളും മറന്ന് ലോകം ഏകമനസ്സോടെ കല്‍ക്കത്തയിലെ അമ്മയുടെ സമീപം നിലകൊണ്ട ഒരു അസുലഭ മുഹൂര്‍ത്തമായിരുന്നു അത്.
മദര്‍ തെരേസ വന്‍കാര്യങ്ങളൊന്നും ചെയ്തില്ല. ലോകത്തിന്റെ ഗതിമാറ്റിയ കണ്ടുപിടുത്തങ്ങളോ വീരസാഹസിക പ്രവൃത്തികളോ ചെയ് തില്ല. രാജ്യം വെട്ടിപ്പിടിച്ചില്ല. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ഉഴറി നടന്നില്ല. ഒരൊറ്റ കാര്യമേ ചെയ്തുള്ളൂ; എല്ലാവരും ഉപേക്ഷിച്ച, ആര്‍ക്കും വേണ്ടാത്ത അഗതികളെ, രോഗികളെ, അനാഥരെ തേടി അവര്‍ തെരുവിലേക്കിറങ്ങി. അവരെ കിടത്താന്‍ ഇടമുണ്ടായിരുന്നില്ല; വസ്ത്രമോ ഭക്ഷണമോ മരുന്നോ ഉണ്ടായിരുന്നില്ല. പക്ഷേ, എല്ലാം മറ്റുള്ളവരുടെ പക്കലുണ്ടായിരുന്നു. എല്ലാം അവര്‍ സൂക്ഷിച്ചുവച്ചിരുന്നു. അവയെല്ലാം ഇല്ലാത്തവര്‍ക്കുള്ളതാണെന്നുമാത്രം അവര്‍ക്ക് അറിയില്ലായിരുന്നു. ആ പാഠം ലോകത്തെ അറിയിച്ചത് ഈ പാവം കന്യാസ്ത്രീയാണ്. ഇതു മാത്രമാണ് അവര്‍ ചെയ്തത്. അഗതികള്‍ക്ക് ദേശമില്ല, മതമില്ല, വലുപ്പച്ചെറപ്പമില്ല- അവശത മാത്രമാണ് അവരുടെ കൈമുതല്‍. അവര്‍ക്കു വേണ്ടത് വിശ്വാസമല്ല, സാമ്രാജ്യമല്ല, സ്ഥാനമാനങ്ങളല്ല – ഭക്ഷണമാണ്; മനസ്സിന്റെയും ശരീരത്തിന്റെയും വിശപ്പടക്കാനുള്ള ഭക്ഷണം. അഗതികളുടെ ദൈവം ഭക്ഷണമാണെന്നു ലോകത്തെ മനസ്സിലാക്കിക്കുവാന്‍ മദറിന് ഒരു ജന്മം വേണ്ടിവന്നു.
1910 ആഗസ്റ്റ് 27 ന് യുഗോസ്ലാവിയായില്‍ അല്‍ബേനിയന്‍ ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവളായി ആഗ്നസ് ജനിച്ചു. അവള്‍ക്ക് എട്ടുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മയുടെ സംരക്ഷണയില്‍ ഭക്തയായി വളര്‍ന്ന ആഗ്നസ് 1928 സെപ്തംബര്‍ 25 ന് അയര്‍ലണ്ടിലെ ലൊരേറ്റോ സന്ന്യാസിനീ സഭയില്‍ ചേര്‍ന്നു. ലിസ്യുവിലെ വി. തെരേസായോടുള്ള ബഹുമാനാര്‍ത്ഥമാണ് "തെരേസ" എന്ന നാമം സ്വീകരിച്ചത്. അഞ്ചു മാസത്തിനുശേഷം, 1929-ല്‍ തെരേസ കല്‍ക്കത്തയിലെത്തി. അവിടെ, എന്തല്ലിയിലെ സെ. മേരീസ് സ്‌കൂളില്‍ 16 വര്‍ഷം അദ്ധ്യാപികയായി ജോലിചെയ്തു. അപ്പോഴേക്കും ബംഗാളിഭാഷ അനായാസം കൈകാര്യം ചെയ്യാറായി.
1946 സെപ്തംബര്‍ 10-ന് ട്രെയിനില്‍ തെരേസ ഡാര്‍ജിലിംഗിനു പുറപ്പെട്ടു. ദീര്‍ഘകാലത്തെ രോഗവും ജോലിയും മൂലം ക്ഷീണിതയായ അവള്‍ ഒന്നു വിശ്രമിക്കാനായിരുന്നു ആ യാത്ര. ആ യാത്രയിലാണ് അഗതികളെ സേവിക്കാനുള്ള ഉള്‍വിളി അവള്‍ക്കു ലഭിച്ചത്. രോഗികളെയും മരണാസന്നരെയും വിശപ്പും ദാഹവും അനുഭവിക്കുന്നവരെയും നഗ്നരെയും അനാഥരെയും ശുശ്രൂഷിക്കുകയാണ് തന്റെ ദൗത്യമെന്നു ബോധ്യപ്പെട്ടത് അന്നാണ്. തന്റെ സഭാ അധികാരികളുടെയും കല്‍ക്കത്താ ആര്‍ച്ചുബിഷപ്പിന്റെയും വത്തിക്കാന്റെയും അനുവാദത്തോടെ ലൊരേറ്റോ മഠത്തിലെ സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് 1948 ആഗസ്റ്റ് 16-ന് വിശാലമായ ലോകത്തേക്ക് ഇറങ്ങി. കല്‍ക്കത്തയിലെ ചേരിയിലെ പരമദയനീയമായ യാഥാര്‍ത്ഥ്യം അവള്‍ ഉള്‍ക്കൊള്ളുകയായിരുന്നു.
കല്‍ക്കത്ത തെരുവിലെ തൂപ്പുകാരികളുടെ വേഷമായ നീലക്കരയുള്ള വെള്ളസാരിയുടുത്ത്, ഒരു ചെറിയ ക്രൂശിതരൂപം തോളില്‍ പിന്‍ ചെയ്തു തൂക്കി, കൈയില്‍ ബൈബിളും പോക്കറ്റില്‍ അഞ്ചുരൂപയുമായി ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവും ധൈര്യവും മാത്രം കൈമുതലാക്കി തെരേസ ചേരിയിലേക്കിറങ്ങി. താന്‍ ഏറ്റെടുക്കുന്ന ജോലി ഭംഗിയായി ചെയ്യുവാന്‍ പാറ്റ്‌നായില്‍ പോയി ആറുമാസത്തെ നഴ്‌സിംഗ് പരിശീലനവും നടത്തിയിരുന്നു. പിന്നെ, തിരിഞ്ഞുനോക്കാന്‍ സമയമില്ലായിരുന്നു. രോഗികളെയും മരണാസന്നരെയും ശ്രദ്ധയോടെ ശുശ്രൂഷിച്ചു കൊണ്ടായിരുന്നു തുടക്കം. അവരെയെല്ലാം ശുദ്ധജലത്തില്‍ കുളിപ്പിച്ച്, വ്രണങ്ങള്‍ കഴുകിവച്ചുകെട്ടി, വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ച്, ഭക്ഷണവും കിടക്കാന്‍ ഇടവും നല്‍കി. ക്രിസ്തുവിന്റെ കഥ കേട്ടിരുന്നവരും കേള്‍ക്കാത്തവരും ക്രിസ്തുവിന്റെ ഈ ഉത്തമപിന്‍ഗാമിയെ അത്ഭുതത്തോടെ, സ്‌നേഹാദരവോടെ നോക്കിക്കാണുകയായിരുന്നു.
1948 ഡിസംബര്‍ 21-ന് ചേരിയിലെ ആദ്യത്തെ സ്‌കൂള്‍ ആരംഭിച്ചു. 1949-ല്‍ മദറിന്റെ ശിഷ്യരില്‍ കുറച്ചു പേര്‍ മദറിനെ സഹായിക്കാനെത്തി. 1950-ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച മദര്‍ ഒക്‌ടോബറില്‍ ജപമാലയുടെ തിരുനാള്‍ ദിവസം, "ഉപവിയുടെ സഹോദരിമാര്‍" (Missionaries of Charity) എന്ന സന്ന്യാസസഭയ്ക്കു രൂപം നല്‍കി. 1952-ലാണ് കല്‍ക്കത്തയിലെ കാളീക്ഷേത്രത്തിനു സമീപം, നിരാലംബരായ മരണാസന്നരെ സംരക്ഷിക്കാനുള്ള "നിര്‍മ്മല ഹൃദയം" എന്ന സ്ഥാപനം ആരംഭിച്ചത്. അധികം വൈകാതെ, അനാഥരും നിരാശ്രയരുമായ കുട്ടികളെ സംരക്ഷിക്കാനായി "ശിശുഭവനം" ആരംഭിച്ചു. 1957-ല്‍ കുഷ്ഠരോഗികള്‍ക്കുവേണ്ടി "ശാന്തിനഗര" വും ആരംഭം കുറിച്ചു. 1963-ലാണ് "മിഷണറി ബ്രദേഴ്‌സ് ഓഫ് ചാരിറ്റി" എന്ന പുരുഷന്മാര്‍ക്കുള്ള സന്ന്യാസസഭയുടെ തുടക്കം. ഈ സഭയില്‍ ഇന്ന് അഞ്ഞൂറോളം വൈദികരും സഹോദരന്മാരും മുപ്പതുരാജ്യങ്ങളിലായി സാധുജനസേവനത്തില്‍ വ്യാപൃതരായി കഴിയുന്നുണ്ട്. ധ്യാനാത്മകമായ സന്ന്യാസജീവിതം കഴിക്കാന്‍ ആഗ്രഹിക്കുന്ന കന്യാസ്ത്രീകള്‍ക്കായി ഒരു മഠവും മദര്‍ തെരേസ സ്ഥാപിച്ചിട്ടുണ്ട്.
ആധുനികലോകത്തിന്റെ സുഖസൗകര്യങ്ങളെല്ലാം ത്യജിച്ച് അഗതികളെ സേവിക്കാന്‍ സന്നദ്ധരായ ആയിരക്കണക്കിന് യുവതീയുവാക്കള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇന്നു സേവനം ചെയ്യുന്നുണ്ട്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം മുതല്‍ ഭാരതരത്‌നം വരെയുള്ള അനേകം ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ മദറിനെ തേടിയെത്തി.
രാജാവും പ്രസിഡണ്ടും മാര്‍പാപ്പയും ദരിദ്രനും കുഷ്ഠരോഗിയുമെല്ലാം മദറിന് ഒരുപോലെയാണ്. മദറിനു മുമ്പില്‍ എല്ലാവര്‍ക്കും മനുഷ്യ രെന്ന പരിഗണനയേയുള്ളൂ. ജാതിയോ ദേശമോ മതമോ സ്ഥാനമാനങ്ങളോ മദര്‍ പരിഗണിക്കുന്നതേയില്ല. ആര്‍ക്കും മാമ്മോദീസാ നല്‍കാന്‍പോലും മദര്‍ ശ്രമിക്കാറില്ല. അതെന്തുകൊണ്ടാണെന്നു ചോദിച്ച പത്രപ്രവര്‍ത്തക നോട് മദര്‍ പറഞ്ഞു: "അതല്ല എന്റെ ജോലി. എല്ലാവരും ഉപേക്ഷിച്ചവരെ യാണ് ഞാന്‍ അന്വേഷിക്കുന്നത്, സംരക്ഷിക്കുന്നത്. അവര്‍ അനാഥരല്ലെന്നും, നല്ലവനായ പിതാവായ ദൈവം എപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും ഞാന്‍ അവരെ ബോധ്യപ്പെടുത്തുന്നു."
മദര്‍ മനുഷ്യരെ മാത്രമാണു കാണുന്നത്. അവരില്‍ വിദേശിയും സ്വദേശിയുമില്ല, ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമില്ല, സ്ത്രീയും പുരുഷനുമില്ല, മനുഷ്യര്‍മാത്രം! വിശപ്പാണ്, നിസ്സഹായതയാണ് ലോകത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യം. ഭക്ഷണമാണ്, സ്‌നേഹമാണ് മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം. ആ സത്യമാണ് മദറിന്റെ ദൈവം. ആ സത്യം അറിഞ്ഞവരാണ് മദറിന്റെ ശവശരീരത്തിനു ചുറ്റും ഓടിക്കൂടിയത്. ആ സത്യമറിഞ്ഞ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, തന്നെ സന്ദര്‍ ശിക്കാനെത്തിയ മദറിനെ, നേരിട്ടുചെന്ന് സ്വീകരിച്ച്, ആശ്ലേഷിച്ച് തന്റെ മുറിയിലേക്ക് ആനയിക്കുകയായിരുന്നു.
1997 സെപ്തംബര്‍ 5-ന് മദര്‍ തെരേസ നിത്യവിശ്രമത്തിനായി ഈലോകജീവിതം വെടിഞ്ഞു. 2003 ഒക്‌ടോബര്‍ 19-ന് പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. മദര്‍ തെരേസയുടെ മരണത്തിന്റെ 19-ാം വാര്‍ഷികത്തിന് ഒരു ദിവസം മുമ്പ് 2016 സെപ്റ്റംബര്‍ 4 ന് വിശുദ്ധയായി പ്രഖ്യാപിച്ചു.
വിശ്വാസം വാക്കുകളില്‍ ഒതുക്കാന്‍മാത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുടെ മദ്ധ്യേ കഴിയുന്നവര്‍ക്ക് വി. അല്‍ഫോന്‍സാമ്മയുടേതുപോലുള്ള വിശുദ്ധിക്കാണു പ്രാധാന്യം. അല്‍ഫോന്‍സായുടെ സഹനങ്ങള്‍ക്ക് നീക്കുപോക്കില്ലായിരുന്നു. പക്ഷേ, മദര്‍ തെരേസ മനഃപൂര്‍വ്വം ഏറ്റെടുത്തതാണ് ആ ദുര്‍ഘടമായ പാത. ആരാലും ശ്രദ്ധിക്കപ്പെടാതെ ഈ വിശുദ്ധ നമ്മുടെ മുമ്പിലൂടെ നടന്നുപോയി. ഈ വരികള്‍ കുറിക്കുമ്പോഴും മദറിന്റെ ജീവനുള്ള വിരലുകളില്‍ സ്പര്‍ശിച്ചപ്പോഴുണ്ടായ അലൗകികാനുഭൂതി എന്റെ വിരലുകളിലുണ്ട്.