വിശുദ്ധ മോനിക്ക  (331-387) : ആഗസ്റ്റ് 27

വിശുദ്ധ മോനിക്ക  (331-387) : ആഗസ്റ്റ് 27
ആഫ്രിക്കയില്‍ കാര്‍ത്തേജാണ് വി. മോനിക്കയുടെ ജന്മദേശം. ക്രിസ്തീയ വിശ്വാസത്തില്‍ ഉറച്ചു ജീവിച്ച മോനിക്കയെ ഇരുപതാമത്തെ വയസ്സില്‍ വിവാഹം ചെയ്തത് പട്രീഷ്യസ് എന്ന പേഗനാണ്. അയാള്‍ മുന്‍കോപിയും മുശടനുമായ ഒരു ഓഫീസറായിരുന്നു. എല്ലാം സഹിച്ച്, മോനിക്ക അയാളുടെ മൂന്നു മക്കളെ പ്രസവിച്ച് വളര്‍ത്തി. പക്ഷേ, കുട്ടികളെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്താന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അങ്ങനെ പതിനെട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പട്രീഷ്യസ് ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും അടുത്ത വര്‍ഷം തന്നെ മരണമടയുകയും ചെയ്തു.

അതുകഴിഞ്ഞപ്പോള്‍, മൂത്തമകന്‍ അഗസ്റ്റിനായിരുന്നു മോനിക്കയുടെ സ്വസ്ഥത നശിപ്പിച്ചത്. കാര്‍ത്തേജില്‍ പഠിച്ചുകൊണ്ടിരുന്ന അവന്‍ മനിക്കേയന്‍ പാഷണ്ഡതയുടെ വക്താവായി. മാത്രമല്ല, അവന്റെ ജീവിതവും കുത്തഴിഞ്ഞതായിരുന്നു. ഒരു സ്ത്രീയുമായുള്ള അവിഹിതബന്ധം പതിനഞ്ചുവര്‍ഷം തുടര്‍ന്നു. അതിലൊരു കുട്ടിയും ജനിച്ചു. പാപജീവിതത്തില്‍നിന്ന് അവനെ രക്ഷിക്കുന്നതിനും മനിക്കേയന്‍ വിശ്വാസം ഉപേക്ഷിച്ച് സത്യത്തിലേക്കു തിരിച്ചു വരുന്നതിനുമായിമോനിക്ക കരഞ്ഞു പ്രാര്‍ത്ഥിക്കുകയും പലരുടെയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അവരിലൊരാള്‍ ബിഷപ്പായിരുന്നു. തന്റെ ശ്രമം പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഇനിയും സമയമായിട്ടില്ല. എങ്കിലും, സ്വന്തം അമ്മയെ ഇത്രയേറെ കണ്ണീരു കുടിപ്പിച്ച ഒരു മകന്‍ ഒരിക്കലും നശിച്ചുപോകില്ല."

അഗസ്റ്റിന്‍ 'റെട്ടറിക്' പഠിപ്പിക്കാന്‍ റോമില്‍ പോകാന്‍ തീരുമാനിച്ചു. മകന്റെ കൂടെ പോകാന്‍ അമ്മയ്ക്കു വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അഗസ്റ്റിന്‍ അമ്മയെ കബളിപ്പിച്ച് ഒറ്റയ്ക്കു റോമിനു പോയി. പിന്നീട്, മിലാനില്‍ പ്രൊഫസ്സറായി ജോലി കിട്ടിയപ്പോള്‍ അഗസ്റ്റിന്‍ റോം വിട്ടു. മോനിക്കയും അവിടെയെത്തി. അവിടെവച്ചാണ് മഹാനായ ബിഷപ്പ് അംബ്രോസിനെ മോനിക്ക കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ വാക്‌സാമര്‍ത്ഥ്യവും വിശുദ്ധിയും പാണ്ഡിത്യവും അഗസ്റ്റിനെ കീഴടക്കി. 387 ഈസ്റ്റര്‍ ദിനത്തില്‍ അഗസ്റ്റിന്‍ സത്യവിശ്വാസത്തിലേക്കു തിരിച്ചുവന്നു.

ഒരു ദിവസം മോനിക്ക അഗസ്റ്റിനോടു പറഞ്ഞു: "മകനേ, എന്റെ ജീവിതത്തില്‍ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു; നീ സത്യവിശ്വാസം സ്വീകരിച്ചു കാണണമെന്ന്. ഞാന്‍ ആവശ്യപ്പെട്ടതിനേക്കാള്‍ വളരെ കൂടുതല്‍ ദൈവം എനിക്കു തന്നു. അവിടുത്തെ അനുഗമിക്കാനായി, മറ്റെല്ലാം ഉപേക്ഷിക്കാന്‍ അവിടുന്നു നിന്നെ പഠിപ്പിച്ചു. ഞാന്‍ മരിക്കുമ്പോള്‍ എന്റെ ജഡം നിനക്ക് ഇഷ്ടമുള്ളിടത്തു മറവുചെയ്യാം. എന്നാല്‍, ദൈവത്തിന്റെ അള്‍ത്താരയില്‍ നീ എന്നെ സ്മരിക്കണം."

കാര്‍ത്തേജിലേക്കു തിരിച്ചു പോകാന്‍ മോനിക്ക പ്രിയമകനോടൊപ്പം റോമിലെ ഒസ്തിയാപോര്‍ട്ടില്‍ എത്തിയതായിരുന്നു. മോനിക്കായുടെ അസുഖം പെട്ടെന്ന് വര്‍ദ്ധിച്ചു. തന്റെ പ്രിയമകന്റെ മടിയില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു. അപ്പോള്‍ മോനിക്കാക്ക് 56 വയസ്സായിരുന്നു.

തിന്മയെ നന്മകൊണ്ടു കീഴടക്കാമെന്ന് സ്വജീവിതംകൊണ്ട് കാട്ടിക്കൊടുത്ത വി. മോനിക്കായുടെ മാദ്ധ്യസ്ഥ്യത്തില്‍ പാരീസില്‍ 19-ാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ അമ്മമാരുടെ ഒരു സ്ഥാപനം ഉടലെടുത്തു. വഴി തെറ്റിപ്പോയി അലഞ്ഞുതിരിയുന്ന മക്കളെയും ഭര്‍ത്താക്കന്മാരെയും രക്ഷപെടുത്താന്‍ പരസ്പരം പ്രാര്‍ത്ഥനാസഹായം ചെയ്യുകയാണ് അവരുടെ ലക്ഷ്യം.'

എന്റെ അമ്മയുടെ സ്‌നേഹത്തെപ്പറ്റി വിവരിക്കാന്‍ എനിക്കു വാക്കുകളില്ല. ഒരു നോട്ടം കൊണ്ട്, ഒരു വാക്കുകൊണ്ട് നമ്മുടെ ഹൃദയത്തെ ദൈവത്തിങ്കലേക്കു തിരിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞിരുന്നു. ഓ! ദൈവമേ, ഞാന്‍ അങ്ങയുടെ മകനായിരിക്കുന്നത്, അങ്ങ് എനിക്ക് ഇങ്ങനെയൊരു അമ്മയെ തന്നതുകൊണ്ടാണ്.
വിശുദ്ധ അഗസ്റ്റിന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org