
സാക്‌സണിയില്‍ തുറിങ്കിയായിലെ ഏറ്റവും സമ്പന്നവും പ്രസിദ്ധവുമായ ഹെല്‍ഫാ രാജകുടുംബത്തിലായിരുന്നു മെക്‌റ്റൈല്‍ഡിന്റെ ജനനം. വെറും ഏഴുവയസ്സുള്ളപ്പോള്‍ത്തന്നെ റോഡന്‍ഡോര്‍ഫിലെ ബെനഡിക്‌ടൈന്‍ കോണ്‍വെന്റില്‍ അവള്‍ അന്തേവാസിയായി. അവളുടെ ചേച്ചി ജെര്‍ത്രൂദ് അന്നവിടെ കന്യാസ്ത്രീയായിരുന്നു. ചേച്ചിയുടെ സഹായത്താല്‍ അവള്‍ വിശുദ്ധിയിലും പഠനത്തിലും പുരോഗമിച്ചു. അവളുടെ അസാധാരണമായ വിനയവും ഭക്തിയും നിമിത്തം, വളരെ ചെറുപ്പത്തില്‍ത്തന്നെ, നൊവിഷ്യേറ്റിന്റെയും കൊയറിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നു. അങ്ങനെ പ്രസിദ്ധയായ വി. ജര്‍ത്രൂദിന്റെ പ്രഥമാധ്യാപികയായിത്തീര്‍ന്നു വി. മെക്‌റ്റൈല്‍ഡ്. ജെര്‍ത്രൂദ് അഞ്ചാമത്തെ വയസ്സിലാണ് മഠത്തില്‍ ചേര്‍ന്നത്.
ശാരീരകാസ്വാസ്ഥ്യങ്ങള്‍ മിക്കപ്പോഴും വിശുദ്ധയെ അലട്ടിക്കൊണ്ടിരുന്നു. അപ്പോഴൊക്കെ ദൈവത്തെ സ്തുതിക്കുന്ന ഗീതങ്ങള്‍ ഈണത്തില്‍ ചൊല്ലി അതില്‍ ലയിക്കുകയായിരുന്നു പതിവ്. വിശുദ്ധയ്ക്കു ദൈവം നല്‍കിയിരുന്ന അസാധാരണ സിദ്ധികളെപ്പറ്റി വി. ജര്‍ത്രൂദും മറ്റൊരു കന്യാസ്ത്രീയും കൂടി രചിച്ച "Book of Special Grace"-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ദൈവത്തിന്റെ 'വാനമ്പാടി' ആയിരുന്നു വി. മെക്‌റ്റൈല്‍ഡ്. ദൈവം അവള്‍ക്ക് അസാധാരണമായ ആദ്ധ്യാത്മിക ഉള്‍ക്കാഴ്ചയും മിസ്റ്റിക്കല്‍ അനുഭവങ്ങളും പ്രദാനം ചെയ്തിരുന്നു. അതുകൊണ്ടാണ്, പണ്ഡിതരായ ഡൊമിനിക്കന്‍ സന്ന്യാസിമാര്‍ പോലും വിശുദ്ധയുടെ പക്കല്‍ ആദ്ധ്യാത്മിക കാര്യങ്ങളുടെ വിശദീകരണത്തിനായി ചെന്നിരുന്നത്. ഈ സന്ന്യാസിമാര്‍ വഴി വിശുദ്ധയുടെ മരണശേഷവും അവരുടെ വെളിപാടുകള്‍ പ്രചരിച്ചുകൊണ്ടിരുന്നു. മഹാകവി ഡാന്റേയുടെ കാലത്ത് ഫ്‌ളോറന്‍ സില്‍ ഇവയ്ക്ക് വലിയ പ്രചാരമുണ്ടായിരുന്നെന്ന് ബൊക്കാച്ചിയോ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഡോണ മറ്റില്‍ഡയുടെ ഗീതകങ്ങള്‍' എന്ന പേരില്‍ പ്രചരിച്ചിരുന്ന ഈ വെളിപാടുകള്‍ ഫ്‌ളോറന്‍സില്‍ പരക്കെ ഉപയോഗിച്ചിരുന്നു.
ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി ആദ്യമായി പ്രചരിപ്പിച്ചത് വി. മെക്‌റ്റൈല്‍ഡും വി. ജെര്‍ത്രൂദുമാണെന്നു കരുതപ്പെടുന്നു. "രാവിലെ ഉണരുമ്പോള്‍ ആദ്യമേ നീ എന്റെ ഹൃദയത്തെ അഭിവാദ്യം ചെയ്യുകയും നിന്റെ ഹൃദയം എനിക്കു സമര്‍പ്പിക്കുകയും ചെയ്യുക" എന്നു ദൈവം ഒരിക്കല്‍ വിശുദ്ധയ്ക്കു വെളിപ്പെടുത്തിയത്രെ.
1298 നവംബര്‍ 19-ന് ഹെഫ്റ്റാ ആശ്രമത്തില്‍ വിശുദ്ധ മരണമടഞ്ഞു.