
സിറിയയുടെ തലസ്ഥാനമായ അന്ത്യോക്യയാണ് ലൂക്കായുടെ ജന്മദേശം. വൈദ്യനായിരുന്ന ലൂക്കായുടെ അടുത്ത് ചികിത്സയ്ക്കായിട്ടാണ് പൗലോസ് ആദ്യം ചെല്ലുന്നത്. പൗലോസിന്റെ രണ്ടാമത്തെ വലിയ മിഷണറി യാത്രാവേളയിലാണ് അദ്ദേഹം രോഗിയായത്. അങ്ങനെ കണ്ടുമുട്ടിയ ലൂക്കായെ പൗലോസ് മാനസാന്തരപ്പെടുത്തി. പുറജാതിക്കാരനായ ലൂക്കായും അങ്ങനെ, പുറജാതിക്കാരുടെ മഹാഅപ്പസ്‌തോലനായ പൗലോസിന്റെ ശിഷ്യനായി. പൗലോസ് തെസ്സലോനിക്കയിലും ആതന്‍ സിലും കൊറിന്തിലും എഫേസൂസില്‍ മൂന്നുവര്‍ഷം താമസിച്ചും സുവിശേഷം പ്രസംഗിച്ചപ്പോള്‍ ലൂക്കാ ഫിലിപ്പിയക്കാരോട് വചനം പ്രസംഗിക്കുകയായിരുന്നു.
പൗലോസിനൊപ്പം ലൂക്കായും ജറൂസലത്തേക്കു തിരികെപ്പോന്നു. മാത്രമല്ല, കേസ്സറിയായില്‍ പൗലോസ് തടവില്‍ കഴിഞ്ഞപ്പോള്‍ ലൂക്കാ അദ്ദേഹത്തെ കൂടെക്കൂടെ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്തായിരിക്കണം ലൂക്കാ തന്റെ സുവിശേഷത്തിന്റെ രചന നിര്‍വഹിച്ചത്. അതുകൊണ്ടായിരിക്കാം വി. ജറോമും വി. ജോണ്‍ ക്രിസോസ്തമും ലൂക്കായുടെ സുവിശേഷം പൗലോസിന്റെ സുവിശേഷമാണെന്നു തെറ്റിദ്ധരിച്ചത്. ഏതായാലും, പൗലോസാണ് ലൂക്കായ്ക്ക് വെളിച്ചം പകര്‍ന്നത്. പൗലോസിന്റെ വാക്കുകള്‍ സസൂക്ഷ്മം ലൂക്കാ രേഖപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്തു.
അന്ന് മത്തായിയുടെ സുവിശേഷം പ്രചാരത്തിലുണ്ട്. തീര്‍ച്ചയായും മര്‍ക്കോസിന്റെ സുവിശേഷവും ലൂക്കാ സുവിശേഷം രചിക്കുന്നതിനു മുമ്പ് കണ്ടിരിക്കും. ലൂക്കായുടെ സുവിശേഷത്തിന്റെ സവിശേഷത ക്രിസ് തീയ വിശുദ്ധിക്കും ദാരിദ്ര്യത്തിനും ആനന്ദത്തിനും അദ്ദേഹം നല്‍കുന്ന പ്രാധാന്യമാണ്. മംഗലവാര്‍ത്തയുടെയും ഏലീശ്വായെ സന്ദര്‍ശിക്കുന്നതിന്റെയും യേശുവിന്റെ ജനനത്തിന്റെയും ബാല്യകാല ജീവിതത്തിന്റെയും ഒരു വിശദമായ ചിത്രം ലൂക്കാ നല്‍കുന്നുണ്ട്. ഇവയൊക്കെ, അനുഭവസ്ഥരില്‍ നിന്ന്, പ്രത്യേകിച്ച് മാതാവില്‍നിന്നു തന്നെ ശ്രദ്ധാപൂര്‍വ്വം ശേഖരിച്ച് അവതരിപ്പിച്ചിരിക്കുന്നവയാണ്. പരിശുദ്ധ കന്യകയുടെ ഒരു ചിത്രം ലൂക്കാ വരച്ചിട്ടുമുണ്ട്.
വിദ്യാസമ്പന്നനായിരുന്ന ലൂക്കായ്ക്ക് സുന്ദരമായ ശൈലിയില്‍ ഗ്രാമീണഭാഷ കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നു. ആനുകാലിക ചരിത്രവും അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്റെ രചനയില്‍, ദൈവത്തിന്റെ കരുണ യഹൂദര്‍ക്കും പുറജാതിക്കാര്‍ക്കും ഒരുപോലെ, തുല്യമായി വര്‍ഷിച്ചിരുന്നു എന്ന കാര്യത്തിന് അദ്ദേഹം പ്രാധാന്യം നല്‍കി യിരുന്നു. നല്ല അയല്‍ക്കാരന്റെയും മുടിയനായ പുത്രന്റെയും ഉപമകള്‍ ലൂക്കായുടെ സുവിശേഷത്തില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ എന്ന കാര്യം ശ്രദ്ധിക്കുക.
പൗലോസ് രണ്ടു വര്‍ഷം റോമില്‍ തടവുകാരനായി കഴിഞ്ഞപ്പോഴെല്ലാം ലൂക്കാ അദ്ദേഹത്തിന്റെ നിത്യസന്ദര്‍ശകനായി റോമില്‍ത്തന്നെ ഉണ്ടായിരുന്നു. ആ സമയത്തായിരിക്കാം, അപ്പസ്‌തോലന്മാരുടെ നടപടികള്‍ എന്ന സഭാചരിത്രം അദ്ദേഹം രചിച്ചത് പൗലോസിന്റെ രക്തസാക്ഷിത്വം കഴിഞ്ഞ് ലൂക്കാ ഡാല്‍മേഷ്യ(യുഗോസ്ലാവിയ)യിലേക്കു പോയെന്നു കരുതപ്പെടുന്നു. പിന്നീട്, ഗ്രീസിലെ ബേഷ്യയില്‍ വച്ച് മരിക്കുകയോ വധി ക്കപ്പെടുകയോ ചെയ്തു. ലൂക്കായുടെ ഭൗതികാവശിഷ്ടങ്ങള്‍ 360-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാറ്റപ്പെട്ടു.
ഡോക്ടര്‍മാരുടെയും കലാകാരന്മാരുടെയുമൊക്കെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. ലൂക്കാ.
"വചനം പ്രസംഗിക്കുക, സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക, ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക" (2 തിമോത്തി 4:2).