വിശുദ്ധ ജോസഫൈന്‍ ബക്കിത (1869-1947) : ഡിസംബര്‍ 8

വിശുദ്ധ ജോസഫൈന്‍ ബക്കിത (1869-1947) : ഡിസംബര്‍ 8

അപഹരിക്കപ്പെടുകയും മുറിവേല്ക്കപ്പെടുകയും ചെയ്ത ബാല്യമാണ് വി. ജോസഫൈനുള്ളത്. 1869-ല്‍ സുഡാനില്‍ ജനിച്ച ജോസഫൈന്, തന്റെ മാതാപിതാക്കള്‍ നല്‍കിയ പേരുപോലും ഓര്‍മ്മിക്കാന്‍ സാധിക്കുന്നില്ല. ബാല്യത്തില്‍ തട്ടിയെടുക്കപ്പെടാനും വീണ്ടും വീണ്ടും മറിച്ചുവില്ക്കപ്പെടാനുമായിരുന്നു അവളുടെ വിധി. അവളെ അപഹരിച്ചവര്‍ നല്‍കിയ പേരാണ് ബക്കിത-ഭാഗ്യശാലി എന്നര്‍ത്ഥം. അവസാനത്തെ കച്ചവടത്തിലാണ് അവള്‍ക്ക് ഭാഗ്യം ഉദിച്ചത്. ഒരു മാന്യനായ ഇറ്റലിക്കാരന്‍ അവളെ സ്വന്തമാക്കി. ഇറ്റലിയില്‍ വച്ച് അവള്‍ ദൈവത്തിന്റെ സ്വരം ശ്രവിച്ചു. ''ഉപവിയുടെ സഹോദരിമാരു''ടെ സഭയില്‍ ചേര്‍ന്ന് അവള്‍ എല്ലാവര്‍ക്കും എല്ലാമായി. മഠത്തില്‍ അവളെ അവര്‍ ''കറുത്ത അമ്മ'' എന്നു സ്‌നേഹപൂര്‍വ്വം വിളിച്ചു.

ഇറ്റലിക്കാരന്റെ വീട്ടില്‍ അവള്‍ക്ക് അസാധാരണമായ മനസ്സമാധാനം ലഭിച്ചു. സ്‌നേഹത്തിന്റെ ചൂടും ആനന്ദത്തിന്റെ നിമിഷങ്ങളും അവള്‍ ആസ്വദിച്ചു. എങ്കിലും, എന്നന്നേക്കുമായി നഷ്ടപ്പെട്ട തന്റെ വീടിനെപ്പറ്റി, മാതാപിതാക്കളെപ്പറ്റി, അവള്‍ വേദനയോടെ ഓര്‍ത്തു. അടിമയാക്കപ്പെട്ട താന്‍ ശാരീരികമായും മാനസികമായും അനുഭവിച്ച വേദനകള്‍ക്ക് അതിരില്ല. എങ്കിലും ഒരു കാര്യം മാത്രം ആശ്വാസത്തോടെ അവള്‍ ഓര്‍ത്തു. ആരും ഇതുവരെ തന്റെ നേരെ ചാട്ടവാറെടുത്തില്ലല്ലോയെന്ന്.

സുഡാനില്‍ നിന്ന് ഇറ്റലിയിലേക്കു പോകേണ്ടിവന്ന ഇറ്റലിക്കാരന്റെ കൂടെ പോകാനുള്ള അനുവാദം ബക്കിത നേടിയെടുത്തു. ഇറ്റലിക്കാരന്റെ ഒരു സുഹൃത്തും - മി. അഗസ്റ്റൊ മിച്ചിയേലി - കൂടെയുണ്ടായിരുന്നു. ജനീവായില്‍ എത്തിയപ്പോള്‍, അഗസ്റ്റൊയുടെ ഭാര്യയുടെ താത്പര്യപ്രകാരം ബക്കിയെ അവരുടെ കൂടെ അയച്ചു. മിരാനൊ വെനേത്തൊയുടെ സമീപം സീയാനിഗോയില്‍ താമസിച്ചിരുന്ന ആ പുതിയ കുടുംബത്തോടൊപ്പം ബക്കിത സന്തോഷത്തോടെ കഴിഞ്ഞു.

ആ ദമ്പതികള്‍ക്ക് മിമ്മിന എന്ന ഒരു മകള്‍ ജനിച്ചു. ബക്കിത ആ കുഞ്ഞിന്റെ സ്‌നേഹിതയും കാവല്ക്കാരിയുമായി. മി. അഗസ്റ്റൊ ചെങ്കടലിനടുത്ത് സുവാകിന്‍ എന്ന സ്ഥലത്ത് ഒരു വലിയ ഹോട്ടല്‍ സ്വന്തമാക്കിയതോടെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അദ്ദേഹത്തെ സഹായിക്കാന്‍ അങ്ങോട്ടു പോകേണ്ടിവന്നു. ആ സമയത്ത് കനോസ്സിയന്‍ സിസ്റ്റേഴ്‌സിന്റെ സംരക്ഷണയില്‍ കുഞ്ഞിനെയും ബക്കിതയെയും ഏല്പിച്ചിട്ടാണ് അവര്‍ പോയത്.

അവിടെ വച്ചാണ് ബക്കിത ദൈവത്തെപ്പറ്റി അറിഞ്ഞത്. ചെറുപ്പം മുതല്‍ ദൈവം അവളുടെ ഹൃദയത്തിലുണ്ടായിരുന്നെങ്കിലും അതാരാണെന്ന് അവള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. ''സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിയിരുന്നപ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു. ഇത്രയും സുന്ദരമായി ഇതുണ്ടാക്കിയത് ആരാണ്? അതിന്റെ സ്രഷ്ടാവിനെ ഒന്നു കാണാന്‍, കൂടുതല്‍ അറിയാന്‍, എന്റെ സ്‌നേഹാദരവുകള്‍ അറിയിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു....''

അങ്ങനെ ആ കോണ്‍വെന്റില്‍ മാസങ്ങള്‍ താമസിച്ചശേഷം 1890 ജനുവരി 9-ന് ജോസഫൈന്‍ എന്ന നാമം സ്വീകരിച്ചുകൊണ്ട് ബക്കിത കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. ഹീബ്രുവില്‍ ''ജോസഫൈന്‍'' എന്ന വാക്കിന്റെ അര്‍ത്ഥം ''വര്‍ദ്ധിക്കുക'' എന്നാണ്. അത്യാഹ്ലാദത്താല്‍ അവളുടെ കണ്ണുകള്‍ വികസിച്ചു. അടക്കാനാവാത്ത സന്തോഷത്താല്‍ അവള്‍ കൂടെക്കൂടെ മാമ്മോദീസാത്തൊട്ടിയെ ചുംബിച്ചുകൊണ്ട് വിളിച്ചു പറയും: ''ഹായ്! ഇവിടെ വച്ച് ഞാന്‍ ദൈവത്തിന്റെ മകളായല്ലോ!''

അഗസ്റ്റൊ മകള്‍ മിമ്മിനയെയും ബക്കിതയെയും കൂട്ടിക്കൊണ്ട് ഇറ്റലിയിലേക്കു പോകുവാന്‍ എത്തിയപ്പോഴേക്കും, ബക്കിത ആ മഠത്തിലെ അന്തേവാസിയാകാന്‍ തീരുമാനിച്ചിരുന്നു. സ്വയം തീരുമാനമെടു ക്കാനുള്ള പ്രായവും പക്വതയും തികഞ്ഞതിനാല്‍ ജോസഫൈന്‍ തന്റെ തീരുമാനം ധൈര്യപൂര്‍വ്വം അവതരിപ്പിച്ചു. ഇത്രയുംകാലം തന്നെ കൈപിടിച്ചു നടത്തിയ ദൈവത്തിന്റെ കരുണയുടെ മുമ്പില്‍ അവള്‍ സ്വയം സമര്‍ പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ, 1896 ഡിസംബര്‍ 8-ന് ജോസഫൈന്‍ കനോസ്സിയന്‍ സിസ്റ്റേഴ്‌സിന്റെ കൂടെ ജീവിതം ആരംഭിച്ചു.

പിന്നീടുള്ള അമ്പതു വര്‍ഷം വിനീതയായ ഈ ഉപവിയുടെ സഹോദരി ദൈവസ്‌നേഹത്തില്‍ ലയിച്ച് വിവിധ സാധാരണ ജോലികള്‍ ചെയ്ത് - പാചകം, തയ്യല്‍, എംബ്രോയിഡറി എന്നിങ്ങനെ - സന്തുഷ്ടയായി ആ മഠത്തില്‍ കഴിഞ്ഞു. അവളുടെ വിനയവും ലാളിത്യവും സദാപുഞ്ചിരിതൂകുന്ന മുഖവും ഏവരുടെയും ഹൃദയം കവര്‍ന്നു. അവളുടെ ഹൃദ്യമായ സ്വരംപോലും സംഗീതാത്മകമായിരുന്നു. കുട്ടികള്‍ക്ക് ആനന്ദവും, പാവങ്ങള്‍ക്കും രോഗികള്‍ക്കും ആശ്വാസവും, മഠത്തിന്റെ വാതിലില്‍ മുട്ടിവിളിക്കുന്നവര്‍ക്ക് ആത്മധൈര്യവും ആ സ്വരം പ്രദാനം ചെയ്തു. ''നല്ലവരായിരിക്കുക; കര്‍ത്താവിനെ സ്‌നേഹിക്കുക, അവിടുത്തെ അറിയാത്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ദൈവത്തെ അറിയാന്‍ സാധിക്കുക എന്തൊരു അനുഗ്രഹമാണ്!'' അവള്‍ നിഷ്‌ക്കളങ്കമായി ഉരുവിടും.

പ്രായം കൂടി; രോഗവും വേദനയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. എന്നാലും, വിശ്വാസത്തിലും നന്മയിലും ക്രിസ്തീയ പ്രതീക്ഷയിലും വിശ്വസിച്ച് അവള്‍ ജീവിച്ചു. തന്നെ സന്ദര്‍ശിക്കുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്യുന്നവരോട് അവര്‍ പുഞ്ചിരിയോടെ പറയും: ''അവിടുത്തെ തിരുവിഷ്ടംപോലെ.'' വേദനയുടെ മണിക്കൂറുകളില്‍ അവര്‍ അടിമയായി ക്കഴിഞ്ഞ നാളുകളിലേക്ക് തിരിച്ചുപോയി, ശുശ്രൂഷിക്കുന്ന നഴ്‌സിനോട് കരഞ്ഞ് അപേക്ഷിക്കുമായിരുന്നു! ''അയ്യോ, ഈ ചങ്ങല ഒന്നഴിക്കൂ... അതു താങ്ങാന്‍ പറ്റുന്നില്ല, പ്ലീസ്!'' പരിശുദ്ധ അമ്മയാണ് എല്ലാ വേദനകളിലും അവര്‍ക്ക് ആശ്വാസം നല്‍കിയത്. 1947 ഫെബ്രുവരി 8-ന് ഷിയോവിലെ കനോസിയന്‍ കോണ്‍വെന്റില്‍, മറ്റു കന്യാസ്ത്രീകളുടെ സാന്നിദ്ധ്യത്തില്‍ അവര്‍ അന്ത്യശ്വാസം വലിച്ചുകൊണ്ട് ഉരുവിട്ടതും ആ നാമമായിരുന്നു: ''മാതാവേ, മാതാവേ!'' അവസാനം ആ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി മാതാവിന്റെ സവിധത്തിലെത്തിയതിന്റെ തെളിവായിരുന്നു.

തങ്ങളുടെ ''കറുത്ത അമ്മ''യുടെ മൃതശരീരത്തിനു ചുറ്റും തടിച്ചുകൂടിയ ജനങ്ങളുടെ ബാഹുല്യം അവരുടെ വിശുദ്ധിക്കു ലഭിച്ച അംഗീകാരമായിരുന്നു.

പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ ജോസഫൈന്‍ ബക്കിതയെ 1992 മെയ് 17-ന് വാഴ്ത്തപ്പെട്ടവളും, 2000 ഒക്‌ടോബര്‍ 1-ന് വിശുദ്ധയുമാക്കി പ്രഖ്യാപിച്ചു.

പൂര്‍ണ്ണമനസ്സോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നതാണ് ദൈവത്തിനു സമര്‍പ്പിക്കാവുന്ന ആദ്യത്തെ വണക്കം. എല്ലാ നന്മപ്രവൃത്തികളിലും ശരീരവും ഹൃദയവും മനസ്സും ഇച്ഛയും ഭാഗഭാക്കായിരിക്കും. അതായത്, സ്‌നേഹത്തോടെ വേണം പ്രവര്‍ത്തിക്കാന്‍; ബുദ്ധിപൂര്‍വ്വം നമ്മുടെ ഊര്‍ജ്ജം ഉപയോഗപ്പെടുത്തണം; മനസ്സിന്റെ പൂര്‍ണ്ണമായ സാന്നിദ്ധ്യം വേണം.
വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബേരിയോണെ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org