വിശുദ്ധ ജോസഫ്‌ വാസ്  (1651-1711) : ജനുവരി 16

വിശുദ്ധ ജോസഫ്‌ വാസ്  (1651-1711) : ജനുവരി 16
ഗോവയിലെ ബെനോലിം എന്ന സ്ഥലത്ത് 1651 ഏപ്രില്‍ 21ന് വിശുദ്ധ ജോസ്ഫ് വാസ് ജനിച്ചു. ക്രിസ്റ്റഫര്‍ വാസിന്റെയും മരിയ മിരാന്‍ഡയുടെയും മൂന്നാമത്തെ പുത്രനായ ജോസഫ് ഏഷ്യ കണ്ട ഏറ്റവും മഹാനായ മിഷനറിയായിരുന്നു.
1676-ല്‍ ഗോവ ആര്‍ച്ചുബിഷപ്പ് മോണ്‍. അന്റോണിയോ ബ്രാണ്ടോയില്‍നിന്നു പൗരോഹിത്യം സ്വീകരിക്കുമ്പോള്‍ ജോസഫിന് 25 വയസ്സായിരുന്നു. 1681-ല്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി അദ്ദേഹം കാനറായിലേക്കു തിരിച്ചു. അവിടെനിന്ന് അധികം താമസിയാതെ സിലോണിലുള്ള കാന്‍ഡിയിലെത്തി പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി. പ്രതികൂലകാലാവസ്ഥയും ജനങ്ങളുടെ സംശയങ്ങളും ജയില്‍വാസവും ഒന്നും വകവയ്ക്കാതെ സുധീരം സുവിശേഷം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം മഹാനായ ഒരു മിഷനറിയായി വളര്‍ന്നു.

ക്രിസ്ത്യന്‍ സന്യാസത്തിന്റെ ഭാരതവല്‍കരണത്തിനു മുമ്പുതന്നെ ഭാരതീയ സന്യാസവുമായി ക്രിസ്ത്യന്‍ സന്യാസത്തെ അനായാസം ലയിപ്പിക്കാനാകുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിനു ഭാഷപോലും പ്രശ്‌നമായിരുന്നില്ല. സിംഹളഭാഷ പഠിക്കുക മാത്രമല്ല, തന്റെ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു സിംഹള-ഇംഗ്ലീഷ് നിഘണ്ടുതന്നെ അദ്ദേഹം നിര്‍മ്മിച്ചു. ഇത്തരം സോദ്ദേശപ്രവര്‍ത്തനങ്ങള്‍ വഴി അദ്ദേഹം അക്രൈസ്തവരുടെ സഹകരണവും വിശ്വാസവും നേടിയെടുത്തു. പണ്ഡിതന്റെയും പാമരന്റെയും ധനാഢ്യന്റെയും ദരിദ്രരുടെയും മുമ്പില്‍ ഒരു 'സമ്പൂര്‍ണ്ണ മാതൃകാ മിഷനറി'യായിത്തീര്‍ന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളിലും മിഷനറി പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനായി മിഷനറിമാരെ വാര്‍ത്തെടുക്കുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ടുതന്നെ (Oratory of the cross of Meracles of old Goa) അദ്ദേഹം ആരംഭിച്ചു. ശ്രീലങ്കയിലെ സഭയെ തളരാതെ പിടിച്ചുനിര്‍ത്തിയത് മിഷനറിമാരുടെ ഈ കൂട്ടായ യജ്ഞമാണ്.
പരിശുദ്ധ മാതാവിനോടുള്ള ഫാ. ജോസഫിന്റെ സ്‌നേഹാദരവുകള്‍ വളരെ വ്യത്യസ്തമായിരുന്നു. ഒരിക്കല്‍ എഴുതി. "കന്യകയായ ദൈവമാതാവിന് ഞാന്‍ സ്വയം ഒരു അടിമയായി സമര്‍പ്പിക്കുന്നു."
അദ്ദേഹത്തിന്റെ മരണവും ജീവിതംപോലെതന്നെ ശാന്തസുന്ദരമായിരുന്നു. കത്തിച്ച ഒരു മെഴുകുതിരി കൈയില്‍ പിടിച്ച് യേശുവിന്റെ മധുരമായ നാമം ഉരുവിട്ടുകൊണ്ട്, ചുറ്റും പ്രകാശം പരത്തുന്ന ഒരു മെഴുകുതിരി ക്രമേണ എരിഞ്ഞുതീരുന്നതുപോലെ 1711 ജനുവരി 16 വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കുമുമ്പ് ആ ദീപം അണഞ്ഞു.
കൃത്യം 284 വര്‍ഷത്തിനുശേഷം 1995 ജനുവരി 21-ന് പോപ്പ് ജോണ്‍ പോള്‍ II ഫാ. ജോസഫ് വാസിനെ 'വാഴ്ത്തപ്പെട്ടവന്‍' എന്നു നാമകരണം ചെയ്തു. കൊളംബോയിലെ ഗാലെ ഫെയ്‌സ് ഗ്രീനില്‍ നടന്ന ഒരു ഓപ്പണ്‍ എയര്‍ മാസ് ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 2015 ജനുവരി 14 ന് അദ്ദേഹത്തെ കാനോനൈസ് ചെയ്തു.

സര്‍വ്വനന്മസ്വരൂപനായ യേശു… വിശുദ്ധന്മാരുടെ വിശുദ്ധന്‍, വെളിച്ചങ്ങളുടെ വെളിച്ചം, നമുക്കുവേണ്ടി കുരിശുവഹിച്ച അവിടുത്തെ അനുകരിക്കാനും മാതൃകയും ഉപദേശങ്ങളും സ്വീകരിച്ച് പിന്‍ചെല്ലാനുമുള്ള വെളിച്ചം നമ്മുടെ ശാരീരികവും ആത്മീയവുമായ നേത്രങ്ങള്‍ക്കു അവിടുന്നു പ്രദാനം ചെയ്യട്ടെ. ആമ്മേന്‍
വിശുദ്ധ ജോസഫ് വാസ്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org