വിശുദ്ധ ഇഗ്നേഷ്യസ് ലയോള (1491-1556) : ജൂലൈ 31

വിശുദ്ധ ഇഗ്നേഷ്യസ് ലയോള (1491-1556) : ജൂലൈ 31
Published on
നമ്മുടെ സാഹചര്യങ്ങള്‍ എത്രമാത്രം നിരാശാജനകമാകുന്നുവോ, അത്രയേറെ നാം ദൈവത്തില്‍ ശരണപ്പെടണം. മനുഷ്യന്റെ വിദ്യകള്‍ പരാജയപ്പെടുമ്പോള്‍, ദൈവത്തിന്റേത് പ്രവര്‍ത്തനക്ഷമമാകും.
വി. ഇഗ്നേഷ്യസ് ലയോള

സ്‌പെയിനിന്റെ വടക്ക് ലയോളയാണ് ഇനിഗോ എന്ന ഇഗ്നേഷ്യസിന്റെ ജന്മദേശം. സമ്പന്നരും കുലീനരുമായ മാതാപിതാക്കളുടെ പതിനൊന്നാമത്തെ മകനായി ഒരു കൊട്ടാരത്തിലാണു ജനനം. യുവാവായിരിക്കുമ്പോള്‍ രാജ്യസേവനത്തിനിറങ്ങിയ ഇഗ്നേഷ്യസിനു പമ്പ്‌ലോണ യുദ്ധത്തില്‍ വെടിയേറ്റ് രണ്ടു കാലിനും പരുക്കുപറ്റി. അങ്ങനെ ആശുപത്രിയില്‍ ദീര്‍ഘനാള്‍ കഴിയേണ്ടിവന്നു. അപ്പോള്‍ സമയം പോക്കാന്‍ വേണ്ടിയാണ് വായനയിലേക്കു കടന്നത്. കൈയില്‍ കിട്ടിയ ക്രിസ്തുവിന്റെ ജീവചരിത്രവും വിശുദ്ധന്മാരുടെ ജീവചരിത്രവും ശ്രദ്ധാപൂര്‍വ്വം വായിച്ചു. സംഭവബഹുലവും ധീരവും മാതൃകാപരവുമായ അവരുടെ ജീവിതം അദ്ദേഹത്തെ ആകര്‍ഷിച്ചു. തന്റെ ജീവിതത്തിന്റെ പൊള്ളത്തരം ബോധ്യ പ്പെടുകയും ചെയ്തു. "അവര്‍ക്ക് ആകാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് ആയിക്കൂടാ?" അദ്ദേഹം സ്വയം ചോദിച്ചു.

ആശുപത്രി വിട്ടശേഷം ഒരു വര്‍ഷം മണ്‍റേസായില്‍ ദൈവത്തിന്റെ തിരുമനസ്സ് അറിയാനായി ഏകാഗ്രമായ ധ്യാനത്തില്‍ കഴിച്ചുകൂട്ടി. അതിനുശേഷം വിശുദ്ധനാട്ടിലേക്ക് ഒരു തീര്‍ത്ഥയാത്രയും നടത്തി. പിന്നീട് ലത്തീന്‍ പഠനം തുടങ്ങുമ്പോള്‍ ഇഗ്നേഷ്യസിന് മുപ്പത്തിമൂന്ന് വയസ്സാണ്. ബാര്‍സിലോണയില്‍ കുട്ടികളുടെ കൂടെയിരുന്ന് അദ്ദേഹം ലത്തീന്‍ പഠിച്ചു. അതിനുശേഷം വിവിധ സര്‍വ്വകലാശാലകളിലായി പതിനൊന്നു വര്‍ഷം നീണ്ട തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍. 1535-ല്‍ പാരീസില്‍ നിന്ന് എം.എ. ഡിഗ്രി പാസ്സായി. ആത്മസംയമനവും ദരിദ്ര്യവും ആദ്ധ്യാത്മികാഭ്യാസങ്ങളും അടങ്ങിയ ആ ജീവിതരീതിയോട് ആഭിമുഖ്യം തോന്നിയ ആറു യുവാക്കള്‍ അദ്ദേഹത്തോടൊപ്പം കൂടി. വിശുദ്ധരായിത്തീര്‍ന്ന പീറ്റര്‍ ഫാബറും ഫ്രാന്‍സീസ് സേവ്യറും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

പോപ്പ് പോള്‍ മൂന്നാമന്റെ ശ്രദ്ധയില്‍പ്പെട്ട ഈ ഏഴു യുവാക്കള്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ കഴിയാന്‍ തുടങ്ങി. ബുദ്ധി സാമര്‍ത്ഥ്യവും അച്ചടക്കബോധവുമുള്ള ഭക്തരായ ഈ യുവവൈദികരിലൂടെ ഒരു പുതിയ ദൈവികസമൂഹം രൂപപ്പെട്ടുവരുന്നത് അദ്ദേഹം ഭാവനയില്‍ കണ്ടു. നന്നായി പരിശീലിപ്പിക്കപ്പെട്ട വിദ്യാസമ്പന്നരായ ഒരുപറ്റം യുവാക്കള്‍ക്ക്, ഭൗതികതയും അസത്യങ്ങളും അജ്ഞതയും കൊടികുത്തി വാഴുന്ന സാഹചര്യത്തില്‍ പലതും ചെയ്യാനാകുമെന്ന് അവര്‍ മനസ്സിലാക്കി.

അങ്ങനെ 1540-ല്‍ "സൊസൈറ്റി ഓഫ് ജീസസ്" അതിന്റെ ആരംഭം കുറിച്ചു. ഇഗ്നേഷ്യസായിരുന്നു സുപ്പീരിയര്‍ ജനറല്‍. സഭയുടെ നിയമാവലി രൂപംകൊണ്ടു. നിലവിലുണ്ടായിരുന്ന സന്ന്യാസസഭകളുടെ സന്ന്യാസ വേഷവും പൊതുവായ ഭക്താഭ്യാസങ്ങളും മറ്റും വേണ്ടെന്നു വച്ചു. അതിനുപകരം ഈ സൊസൈറ്റിയുടെ അംഗങ്ങള്‍ അവരുടെ സമയം മുഴുവന്‍ വചനപ്രഘോഷണത്തിനും കുമ്പസാരത്തിനും ആദ്ധ്യാത്മികോപദേശത്തിനും സ്‌കൂളിലും കോളേജിലും അദ്ധ്യാപനത്തിനുമായി ചെലവഴിക്കാന്‍ തീരുമാനിച്ചു.

അങ്ങനെ 'ജസ്യൂട്ടുകള്‍' എന്നറിയപ്പെട്ട അവരുടെ അംഗസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഇറ്റലിയിലെ എല്ലാ നഗരങ്ങളിലും ഇവരുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടു. പാവങ്ങളെയും രോഗികളെയും ശുശ്രൂഷിച്ചും തെരുവുകളില്‍ വചനം പ്രസംഗിച്ചും കത്തോലിക്കാ വിശ്വാസസത്യങ്ങള്‍ വളരെ ലളിതമായി വ്യാഖ്യാനിച്ചും ഇവര്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ മാത്രമല്ല, ആഫ്രിക്ക, അമേരിക്ക, ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഈ ജസ്യൂട്ടുകള്‍ പതിനാറു വര്‍ഷം മാത്രം പിന്നിട്ട ഈശോ സഭയ്ക്കു സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. ഇഗ്നേഷ്യസ് മരിക്കുമ്പോള്‍ ആയിരം അംഗങ്ങളും നൂറു ഭവനങ്ങളും ഉണ്ടായിരുന്നു.

പ്രൊട്ടസ്റ്റന്റു വിപ്ലവകാലത്ത് കുരുത്ത ഈശോസഭയ്ക്ക് പ്രൊട്ടസ്റ്റന്റുകാരുടെ മാനസാന്തരം ഒരു മുഖ്യവിഷയമായിരുന്നു. അവരുമായി ഐക്യപ്പെടാനുള്ള തലങ്ങള്‍ കണ്ടെത്തേണ്ടിയിരുന്നു. ഇഗ്നേഷ്യസ് തന്റെ സഹപ്രവര്‍ത്തകരെ ഉപദേശിച്ചു: "വ്യത്യസ്തമായ ചിന്താഗതികള്‍ വച്ചു പുലര്‍ത്തുന്നവരുള്ള സദസ്സില്‍ സംസാരിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ഉപവിയുടെയും ക്രിസ്തീയ ആത്മനിയന്ത്രണത്തിന്റെയും സാന്നിദ്ധ്യം അവര്‍ക്ക് അനുഭവപ്പെടണം. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണം. അവഹേളിക്കുകയോ പുച്ഛിക്കുകയോ അരുത്." ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തരായ എക്യുമെനിസ്റ്റുകളില്‍ ഒരാളായ കാര്‍ഡിനല്‍ ബീ, ഒരു ജസ്യൂട്ടായതില്‍ അത്ഭുതപ്പെടാനില്ല. ഇന്നു ലോക മനഃസാക്ഷിയില്‍ നിറഞ്ഞുനില്‍ക്കുന്ന, സമാധനത്തിന്റെയും ഒത്തുതീര്‍പ്പിന്റെയും പ്രവാചകനായ ഫ്രാന്‍സീസ് മാര്‍പാപ്പായും ഒരു ജസ്യൂട്ടായത് യാദൃച്ഛികമല്ല.

ഇഗ്നേഷ്യസ് ലയോള 1556 ജൂലൈ 31-ന് അന്തരിച്ചു. പോപ്പ് പോള്‍ അഞ്ചാമന്‍, 1609 ജൂലൈ 27-ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനും, പോപ്പ് ഗ്രിഗറി പതിനഞ്ചാമന്‍, 1622 മാര്‍ച്ച് 12-ന് വിശുദ്ധനുമായി നാമകരണം ചെയ്തു. കൂടാതെ, പോപ്പ് പയസ്സ് പതിനൊന്നാമന്‍, 1922-ല്‍ അദ്ദേഹത്തെ സ്പിരിച്ച്വല്‍ എക്‌സര്‍സൈസുകളുടെയും റിട്രീറ്റുകളുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org