വിശുദ്ധ ഹെന്‍ട്രി മൂര്‍സ് (1645) : ഫെബ്രുവരി 01

വിശുദ്ധ ഹെന്‍ട്രി മൂര്‍സ് (1645) : ഫെബ്രുവരി 01
1595-ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച ഹെന്‍ട്രി മൂര്‍സ് പ്രൊട്ടസ്റ്റന്റ് മതവിശ്വാസിയായിരുന്നു. ലണ്ടനില്‍ നിയമവിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് കത്തോലിക്കാവിശ്വാസം സ്വീകരിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ 23-ാം വയസ്സില്‍, ഫ്രാന്‍സില്‍വച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. അവിടെ ആരംഭിച്ച വൈദികപഠനം റോമിലാണ് അവസാനിച്ചത്.

വൈദികനായ ഹെന്‍ട്രി 1624-ല്‍ ഈശോസഭയില്‍ ചേരുവാനായി ന്യൂകാസിലിലേക്കു പോയി. എന്നാല്‍, 1626-ല്‍ വാട്ടനില്‍ ജസ്യൂറ്റ് നൊവീഷ്യേറ്റ് തുടങ്ങാനായി കപ്പലില്‍ യാത്ര ചെയ്യുമ്പോള്‍ തടവിലാക്കപ്പെട്ടു. ദൈവാനുഗ്രഹത്താല്‍ ഒരു ജസ്യൂട്ട് വൈദികനൊപ്പമാണ് അദ്ദേഹം തടവിലാക്കപ്പെട്ടത്. ഫാ ജോണ്‍ റോബിന്‍സണ്‍ എന്ന ആ വൈദികന്റെ സഹായത്താല്‍ നാലുവര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ നൊവീഷ്യേറ്റ് പൂര്‍ത്തിയാക്കി വ്രതവാഗ്ദാനം നടത്തി.
ജയില്‍മോചിതനായ ഹെന്‍ട്രി ഇംഗ്ലണ്ടു വിട്ടുപോയെങ്കിലും 1636-ല്‍ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ തിരിച്ചെത്തി പ്രൊട്ടസ്റ്റന്‍സിനേയും കത്തോലിക്കരെയും ഒരുപോലെ ശുശ്രൂഷിച്ചുകൊണ്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
1638-ല്‍ ഫാ. ഹെന്‍ട്രി വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. 560 പ്രൊട്ടസ്റ്റന്റുകാരെ മതം മാറ്റിയെന്നായിരുന്നു അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം. ആറ് ആഴ്ച തടവിലിട്ടശേഷം അദ്ദേഹത്തെ തൂക്കിലേറ്റാന്‍ വിധിച്ചു. 1645-ല്‍ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയ ഒരു വലിയ സമൂഹത്തെ അഭിസംബോധന ചെയ്യാനുള്ള അവസരം ലഭിച്ചെങ്കിലും അദ്ദേഹം വധിക്കപ്പെട്ടു.
1929-ല്‍ പോപ്പ് പയസ് XI ഫാ. ഹെന്‍ട്രിയെ വാഴ്ത്തപ്പെട്ടവന്‍ എന്നു പ്രഖ്യാപിച്ചു. 1970-ല്‍ ഇംഗ്ലണ്ടിലെ രക്തസാക്ഷികളായ 40 വിശുദ്ധരുടെ പട്ടികയില്‍ ഫാ. ഹെന്‍ട്രി മൂര്‍സിന്റെ നാമവും ചേര്‍ക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org