വിശുദ്ധ ഹെലെന (250-330) : ആഗസ്റ്റ് 18

വിശുദ്ധ ഹെലെന (250-330) : ആഗസ്റ്റ് 18

Published on
മഹാനായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ വി. ഹെലെന, ഏഷ്യാക്കാരിയായ ഒരു സാധാരണ സ്ത്രീയായിരുന്നു എന്നു കരുതപ്പെടുന്നു. ബിത്തിനിയയില്‍ ഒരു സത്രം സൂക്ഷിപ്പുകാരി ആയിരിക്കുമ്പോഴാണ് ഒരു വെറും പട്ടാള ഓഫീസറായ കോണ്‍സ്റ്റാന്‍സിയസ് ക്ലോറസ് അവളെ വിവാഹം ചെയ്തത്. എന്നാല്‍, ഇരുപത്തൊന്നു വര്‍ഷം കഴിഞ്ഞ്, ചക്രവര്‍ത്തിയായപ്പോള്‍, രാഷ്ട്രീയ കാരണങ്ങളാല്‍ അദ്ദേഹം വിവാഹമോചനം നടത്തി. എന്നാല്‍, അവരുടെ ഏകമകന്‍ കോണ്‍സ്റ്റന്റൈന്‍ അമ്മയോടൊപ്പം നിന്നു. പിന്നീട്, ചക്രവര്‍ത്തിയായപ്പോള്‍, കോണ്‍സ്റ്റന്റൈന്‍, അമ്മയ്ക്ക് വലിയ സ്ഥാനമാനങ്ങള്‍ നല്‍കുകയും ചെയ്തു.

313-ല്‍ മാക്‌സെന്‍സിയസിന്റെ മേല്‍ കോണ്‍സ്റ്റന്റൈന്‍ വിജയം കൈവരിച്ചപ്പോള്‍ ഹെലെനായും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. അതൊരു വലിയ തുടക്കമായിരുന്നു. രാജകീയ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, താന്‍ സ്വീകരിച്ച വിശ്വാസം പ്രചരിപ്പിക്കാന്‍ ശ്രമിച്ച അവര്‍ ചരിത്രത്തില്‍ ഒരു മാതൃകാമിഷണറിയായിത്തീര്‍ന്നു. യൂറോപ്പില്‍ വിവിധ സ്ഥലങ്ങളില്‍ അനേകം ദൈവാലയങ്ങള്‍ പണികഴിപ്പിച്ച അവര്‍ എഴുപത്തഞ്ചാമത്തെ വയസ്സിലാണ് വിശുദ്ധനാടു സന്ദര്‍ശിക്കുന്നത്. ബത്‌ലഹമില്‍ ഈശോ ജനിച്ച സ്ഥലത്തിനടുത്തും ജറൂസലത്തിനടുത്ത് ഈശോയുടെ സ്വര്‍ഗ്ഗാരോഹണം നടന്ന സ്ഥലത്തും ഹെലെന ഓരോ ദൈവാലയം പണികഴിപ്പിച്ചു.

ക്രിസ്തുവിനെ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയത് വി. ഹെലെനായുടെ പരിശ്രമത്താലാണെന്ന് കരുതപ്പെടുന്നു. ഏതായാലും, ഈ സംഭവത്തിനുശേഷമാണെന്നു കരുതപ്പെടുന്നു, ഹെലെന റോമിലുള്ള തന്റെ കൊട്ടാരം "Church of Santa Cruce in Gerusalemme" ആക്കി മാറ്റി. യഥാര്‍ത്ഥ കുരിശിന്റെ ഒരു കഷണവും കുരിശില്‍ പീലാത്തോസ് എഴുതിവയ്പിച്ച ഫലകവും ഇന്നും ഈ ദൈവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

ദാനമായി നിങ്ങള്‍ക്കു കിട്ടിയത് ദാനമായി നല്‍കുവിന്‍
വിശുദ്ധ മത്തായി 10:8
logo
Sathyadeepam Online
www.sathyadeepam.org