വിശുദ്ധ ഡമാസസ് ഒന്നാമന്‍ (304-384) - ഡിസംബര്‍ 11

വിശുദ്ധ ഡമാസസ് ഒന്നാമന്‍ (304-384) - ഡിസംബര്‍ 11
റോമിലാണു ജനിച്ചതെങ്കിലും ഡമാസസിന്റെ മാതാപിതാക്കള്‍ സ്‌പെയിന്‍കാരായിരുന്നു. വി. ലിബേരിയസിനുശേഷം 366 ഒക്‌ടോബര്‍ 1-ന് ഡമാസസ് പോപ്പായി അധികാരമേറ്റു. ലിബേരിയസിന്റെ കീഴില്‍ ഡീക്കനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഉര്‍സൂസിനൂസ് എന്ന ആന്റി പോപ്പ് പന്ത്രണ്ടു വര്‍ഷത്തോളം സഭയ്ക്കു നിരന്തര ശല്യമായിരുന്നു. രണ്ടുപ്രാവശ്യം വാലെന്റീനിയന്‍ ചക്രവര്‍ത്തി അയാളെ നാടുകടത്തിയെങ്കിലും അയാള്‍ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. വി. ജറോമിന്റെ അഭിപ്രായത്തില്‍ ഡമാസസ് ''അതുല്യ വ്യക്തിത്വ''മായി രുന്നു. വിശുദ്ധിയും പാണ്ഡിത്യവും കളങ്കമില്ലാത്ത വിശ്വാസവും ദരിദ്രരോടുള്ള അനുകമ്പയും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.

പോപ്പിന്റെ റോമാസിംഹാസനത്തെ ആദ്യമായി ''അപ്പസ്‌തോലിക സിംഹാസനം'' എന്നു വിളിച്ചത് ഡമാസസാണ്. റോമിന്റെ സഭാപരമായ സര്‍വ്വാധികാരം ഏതെങ്കിലും കൗണ്‍സിലിന്റെ പ്രഖ്യാപനംമൂലം ലഭിച്ചതല്ല; ക്രിസ്തുവിന്റെ വാക്കുകളിലാണ് അതിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം റോമന്‍ കൗണ്‍സിലില്‍ പ്രഖ്യാപിച്ചു. പോപ്പ് ഡമാസസിന്റെ വിശ്വസ്തനായ സെക്രട്ടറിയും സുഹൃത്തുമായ വി. ജറോമും 382-ലെ റോമന്‍ കൗണ്‍സിലില്‍ പങ്കെടുത്തിരുന്നു. ബൈബിള്‍ പഠനങ്ങള്‍ തുടരാനും വുള്‍ഗാത്ത ബൈബിളിന്റെ രചനയ്ക്കും ജറോമിനെ പോപ്പ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഗ്രീസിലേക്ക് ആദ്യം പേപ്പല്‍ പ്രതിനിധിയെ അയച്ചതും പോപ്പ് ഡമാസസാണ്. വൃദ്ധകളുടെയും അനാഥരുടെയും സ്വത്തുക്കളും സമ്മാനങ്ങളും കൈപ്പറ്റുന്നതില്‍നിന്ന് റോമന്‍ പുരോഹിതരെ പാപ്പാ തടഞ്ഞു. സഭാപരമായ കാര്യങ്ങളടെ തീരുമാനമെടുക്കാനുള്ള സമ്പൂര്‍ണ്ണ അവകാശം പോപ്പിനുള്ളതാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

രക്തസാക്ഷികളെ ആദരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പോപ്പ് ഡമാസസ് രക്തസാക്ഷികളുടെയെല്ലാം കുഴിമാടങ്ങള്‍ അന്വേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുകയും അവയെല്ലാം അലങ്കരിച്ച് സംരക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു. ഇന്നു നമുക്കു ലഭിച്ചിരിക്കുന്ന, ആദ്യകാല രക്തസാക്ഷികളെക്കുറിച്ചുള്ള അറിവുകളെല്ലാംതന്നെ, അന്നു പോപ്പ് ഡമാസസിന്റെ ശ്രമഫലമായി സംരക്ഷിക്കപ്പെട്ട കല്ലറകളുടെ മുകളിലുള്ള ലിഖിതങ്ങളില്‍ നിന്നാണ്.

റോമന്‍ കുര്‍ബാനയുടെ പിതാവെന്നും പോപ്പ് ഡമാസസ് അറിയപ്പെടുന്നു. കാരണം, പുരാതന ആരാധനക്രമത്തെ പരിഷ്‌കരിക്കുകയും ഹ്രസ്വമാക്കുകയും ലത്തീന്‍ ഭാഷ ഉപയോഗിക്കുകയും ചെയ്തത് അദ്ദേഹമാണ്. 384 ഡിസംബര്‍ 11-ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

വിശുദ്ധ ഗ്രന്ഥപാരായണം ആത്മാവിന്റെ ഭക്ഷണമാണ്. കര്‍ത്താവിന്റെ വാക്കുകളില്‍, ''ഞാന്‍ പറഞ്ഞവയെല്ലാം അരൂപിയും ജീവനുമാണ്.
വി. അംബ്രോസ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org